ഡെന്‍മാര്‍ക്കിലെ ഇടതുപക്ഷ വിജയം

Web Desk
Posted on July 02, 2019, 9:56 am

ടതുപക്ഷത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും യാതൊരു ഭാവിയുമില്ലെന്നും ‘കമ്മ്യൂണിസ്റ്റ് ഭൂതം’ മരിച്ചെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രചാരകരും ലോകത്തൊട്ടാകെ പാടിനടക്കുകയാണല്ലോ. ഇതിനിടയിലാണ് യൂറോപ്പില്‍ തന്നെ ഇപ്പോള്‍ സ്വീഡനിലും, ഫിന്‍ലന്‍ഡിലും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഏറ്റവും ഒടുവില്‍ യൂറോപ്പിലെ ഡെന്‍മാര്‍ക്കിലും ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്.
വടക്കന്‍ യൂറോപ്പിലെ ജട്‌ലന്റ് ഉപദ്വീപ്, ആയിരക്കണക്കിന് സമീപ ദ്വീപുകള്‍ എന്നിവയിലായാണ് ഡെന്‍മാര്‍ക്ക് എന്ന രാജ്യം നിലകൊള്ളുന്നത്. നോര്‍ഡിക് രാഷ്ട്രങ്ങളില്‍ ഏറ്റവും തെക്കുള്ളതാണ് ഡെന്‍മാര്‍ക്ക്. ജര്‍മ്മനിയുമായി മാത്രം കര അതിര്‍ത്തി പങ്കിടുന്ന ഡെന്‍മാര്‍ക്കിനോട് അടുത്തുകിടക്കുന്ന മറ്റു രാജ്യങ്ങള്‍ സ്വീഡനും നോര്‍വയുമാണ്.
നവീന സാമ്പത്തിക സമ്പ്രദായത്തിനും ജനക്ഷേമ നടപടികള്‍ക്കും പുതുമുഖം നല്‍കിയ ഡെന്‍മാര്‍ക്ക് ഇന്ന് ആളോഹരി വരുമാനത്തില്‍ യൂറോപ്പില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. സ്വന്തം താല്‍പര്യങ്ങള്‍ ബലി കഴിക്കാതെതന്നെ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടിയ അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണിത്.
ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ പടിഞ്ഞാറന്‍ യൂറോപ്പ് കീഴടക്കിയ വൈക്കിംങുകളുടെ പരമ്പരയാണ് ഡാനീഷ് ജനസമൂഹം. ഹരള്‍ഡ് ബ്ലുടൂത്ത് എ ഡി 950 ലാണ് അന്നുണ്ടായിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് ഒറ്റ രാഷ്ട്രമാക്കിയത്. ഇപ്പോഴും ഡെന്‍മാര്‍ക്കില്‍ നാമമാത്ര രാജകീയ അധികാരം നിലവിലുണ്ട്. 1848 ല്‍ ജനാധിപത്യ ഭരണഘടനാസമ്പ്രദായം നിലവില്‍ വന്നു.
ഡെന്‍മാര്‍ക്കിലെ ഏറ്റവും ശക്തമായ ജനസമൂഹമായിരുന്നു വൈക്കിംങുകള്‍. ‘നോഴ്‌സ്’ എന്ന് കൂടി അറിയപ്പെടുന്ന ഈ വിഭാഗം ഡെന്‍മാര്‍ക്ക് ഉള്‍പ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ ഉപദ്വീപില്‍ വസിച്ചിരുന്ന നാവികരായിരുന്നു. സാഹസികരായ വൈക്കിംങുകള്‍ യൂറോപ്പിന്റെ വളരെ ഏറെ ഭാഗങ്ങള്‍ എഡി 8 മുതല്‍ 11 വരെയുള്ള നൂറ്റാണ്ടുകളില്‍ കീഴടക്കി. ബ്രിട്ടണ്‍ 9-ാം നൂറ്റാണ്ടില്‍ വൈക്കിംങുകളുടെ അധീനതയിലായിരുന്നു. വ്യാപാരികള്‍, കടല്‍ക്കൊള്ളക്കാര്‍, കൂലിപ്പട്ടാളക്കാര്‍ എന്നീ നിലകളില്‍ ഇക്കൂട്ടര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റഷ്യ, കോണ്‍സ്റ്റാന്റിനോപ്പിള്‍, വടക്കേ ആഫ്രിക്ക, മധ്യപൂര്‍വ്വദേശം എന്നിവിടങ്ങള്‍ വരെ വൈക്കിംങുകളുടെ സാന്നിധ്യം എത്തി. 11-ാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതം സ്‌കാന്‍ഡിനേവിയന്‍ പ്രദേശങ്ങളില്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചതും, ഫ്യൂഡല്‍ സമ്പ്രദായങ്ങള്‍ ഉടലെടുത്തതും ഈ വൈക്കിംങുകളുടെ ശക്തിക്ഷയിപ്പിച്ചു.
യൂറോപ്പിനെയും ലോകത്തെയും അമ്പരപ്പിച്ച് കൊണ്ട് ഡെന്‍മാര്‍ക്കില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് മെറ്റേ ഫെഡറിക്‌സന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്‍തുണയോടെ അധികാരത്തില്‍ എത്തി. രാജ്യത്തിന് വലിയമാറ്റം ഉണ്ടാക്കുന്ന ക്ഷേമപദ്ധതികളും അവര്‍ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. 2030 ഓടെ കാര്‍ബണ്‍ വാതക ബഹിര്‍ഗമനം 70 ശതമാനം വെട്ടിക്കുറക്കാന്‍ നടപടി എടുക്കുമെന്നും മെയ്‌തേ പ്രഖ്യാപിച്ചു.
കഴിഞ്ഞ ജൂണ്‍ 5 ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ ഡെന്‍മാര്‍ക്ക് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായിരുന്നു. മൂന്നാഴ്ച്ചത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ സോഷ്യല്‍ ലിബറല്‍സ്, സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി, റെഡ്ഗ്രീന്‍ അലയന്‍സ് എന്നീ ഇടതുപാര്‍ട്ടികള്‍ ‘റെഡ്‌ബ്ലോക്ക്’ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്‍തുണ നല്‍കി. ആകെയുള്ള 179 സീറ്റുകളില്‍ 91 സീറ്റുകളാണ് ഇടതുപക്ഷ കക്ഷികള്‍ക്ക് ഉള്ളത്. വലതുപക്ഷ കക്ഷിയായ ടാനി പീപ്പിള്‍സ് പാര്‍ട്ടിക്ക് 2015 ല്‍ ലഭിച്ച വോട്ടുകളില്‍ പകുതിയോളവും ഇത്തവണ നഷ്ടമായി.
ചെലവുചുരുക്കല്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപാര്‍ട്ടികളുടെ നിലപാട് അംഗീകരിച്ചാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക — കുടിയേറ്റനയം തുടങ്ങിയ വിഷയങ്ങളിലെല്ലാം പൊതു മിനിമം പരിപാടി അംഗീകരിക്കുകയും ചെയ്തു.
കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടിയുള്ള ചര്‍ച്ചകളുടെ തുടക്കത്തില്‍ ഒരു സഖ്യത്തിലേയ്ക്ക് എത്തുമെന്ന യാതൊരു പ്രതീക്ഷയും തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് മെറ്റേ പറഞ്ഞു. നാല് പാര്‍ട്ടികള്‍ക്കും പല പ്രശ്‌നങ്ങളിലും വ്യത്യസ്ഥമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നു എന്നും അവര്‍ കൂട്ടിചേര്‍ത്തു.
രാജ്യത്ത് ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് അടക്കമുള്ള വാഗ്ദാനങ്ങളുമായാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 26.2 ശതമാനം വോട്ടുകള്‍ പാര്‍ട്ടി സ്വന്തമാക്കി. ഇടതുപാര്‍ട്ടികളുടെ അയഞ്ഞ സഖ്യം രാജ്യത്തെ 179 സീറ്റുകളില്‍ 91 എണ്ണം നേടുകയും ചെയ്തു.
അധികാരമൊഴിയുന്ന പ്രധാനമന്ത്രി ലാഴ്‌സ് ലോക്കെ റാസ്മുസെന്റെ തീവ്രവലതുപക്ഷ പാര്‍ട്ടിക്ക് മുമ്പ് ഉണ്ടായിരുന്ന പകുതിയിലേറെയും പിന്‍തുണ നഷ്ടമായി. ഫിന്‍ലെന്റ്, സ്വീഡന്‍ എന്നിവിടങ്ങളിലെപോലെ ഇടതുപക്ഷത്തിനാണ് ഇവിടെ തെരഞ്ഞെടുപ്പില്‍ നറുക്ക് വീണത്. യൂറോപ്പിലെ ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളായ എസ്പിഡി അടക്കമുള്ളവ ജനപിന്‍തുണ നേടുന്നതില്‍ പരാജയപ്പെട്ടതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. എന്നാല്‍ ക്ഷേമപദ്ധതികളിലും കാലാവസ്ഥ നികുതി എന്നിവയിലും മറ്റും കൈക്കൊണ്ട നിലപാടുകള്‍ മറ്റിടങ്ങളില്‍ ഇത്തരം ഇടത് അനുഭാവ പാര്‍ട്ടികള്‍ക്ക് വലിയഗുണമുണ്ടാക്കുകയും ചെയ്തു.
സാമ്പത്തിക വിഷയങ്ങളില്‍ ഇടത് നിലപാടും കുടിയേറ്റ വിഷയത്തില്‍ തീവ്രവലതുപക്ഷ നിലപാടും സ്വീകരിച്ചാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വിജയം വരിച്ചിട്ടുള്ളത്. കുടിയേറ്റ വിഷയത്തിലുള്ള മെറ്റേ ഫെഡറിക്‌സണിന്റെ നയമാണ് സഖ്യരൂപീകരണം വൈകിപ്പിച്ചത്. ആരുമായും സഖ്യം ഉണ്ടാക്കാതെ ന്യൂനപക്ഷ സര്‍ക്കാരായി തുടരാനാണ് ആദ്യം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത്തരമൊരു സര്‍ക്കാരിന് അധികകാലം തുടരാന്‍ ആകില്ലെന്ന് വ്യക്തമായതോടെയാണ് ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ മെറ്റേ ഫെഡറിക്‌സണിന്റെ കുടിയേറ്റ നയത്തെ അംഗീകരിക്കാന്‍ ഇടതുകക്ഷികള്‍ തയ്യാറായിട്ടില്ല.
അവസാനം ഇടതുകക്ഷികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു പൊതു മിനിമം പരിപാടി അംഗീകരിക്കാന്‍ ഫെഡറിക്‌സന്‍ തയ്യാറായി. ഈ പൊതു മിനിമം പരിപാടി അനുസരിച്ച് ഐക്യരാഷ്ട്രസഭ നിശ്ചയിക്കുന്ന ക്വാട്ട അനുസരിച്ച് കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ഫെഡറിക്‌സന്‍ സമ്മതിച്ചു.
ഡെന്‍മാര്‍ക്കിലെ തീവ്രവലതുപക്ഷത്തിന് വലിയ പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കിയത്. അവര്‍ ഈ പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഫ്രാന്‍സിലും ഇറ്റലിയിലും ജര്‍മ്മനിയിലുമെല്ലാം തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ നേട്ടം കൊയ്തപ്പോള്‍ ഡെന്‍മാര്‍ക്കിലെ ജനത തീവ്രവലതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. അധികാരത്തിലുണ്ടായിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഡാനിഷ് പീപ്പിള്‍ പാര്‍ട്ടിക്ക് വോട്ടും സീറ്റും ഗണ്യമായി കുറഞ്ഞു. അധികാരമേറ്റെടുക്കാന്‍ തയ്യാറായി നിലകൊണ്ടിരുന്ന ഈ പാര്‍ട്ടിക്ക് 12 ശതമാനം വോട്ടാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ തെരഞ്ഞെടുപ്പില്‍ വെറും 8.7 ശതമാനം വോട്ടുകൊണ്ട് ഈ പാര്‍ട്ടിക്ക് തൃപ്തിപെടേണ്ടി വന്നു. അടുത്തു നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച 10 ശതമാനം വോട്ടുപോലും ഈ പാര്‍ട്ടിക്ക് ഇപ്പോള്‍ ലഭിക്കാതിരുന്നത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തി. എന്തായാലും തീവ്രവലതുപക്ഷത്തിന്റെ ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ പൂച്ച് അവിടുത്തെ ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ ഇടതുപക്ഷ ചിന്താഗതിയിലേയ്ക്ക് തിരിയുന്ന ചിത്രവും ഡെന്‍മാര്‍ക്കിലെ ഈ തെരഞ്ഞെടുപ്പില്‍ കാണാം.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഇടതുപക്ഷത്തിനെതിരായി ശക്തമായ കടന്നാക്രമണമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ‘കമ്മ്യൂണിസ്റ്റ് ദൈവം’ മരിച്ചെന്ന അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പ്രഭുതികളുടെ പ്രചരണത്തിനെ യാതൊരു അര്‍ത്ഥവുമില്ലെന്ന് ലോകത്തിലെ പുതിയ ഈ സംഭവങ്ങള്‍ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷവും അതിന്റെ ബഹുജനപ്രസ്ഥാനങ്ങളും ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളില്‍ വിജയക്കൊടി നാട്ടികൊണ്ടിരിക്കുകയുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡെന്‍മാര്‍ക്കിലെ അഭിമാനകരമായ ഈ ഇടതുപക്ഷ വിജയം.