24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 21, 2025
March 20, 2025
March 18, 2025
March 18, 2025
March 15, 2025

ഇടതുപക്ഷത്തിന്റെ വികസന കാഴ്ചപ്പാട് വലതുപക്ഷത്തില്‍ നിന്നും വ്യത്യസ്തം: ബിനോയ് വിശ്വം

സിപിഐ സംസ്ഥാന സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു 
Janayugom Webdesk
ആലപ്പുഴ
January 27, 2025 7:27 pm

ഇടതുപക്ഷത്തിന്റെ വികസന കാഴ്ചപ്പാട് വലതുപക്ഷത്തില്‍ നിന്നും വ്യത്യസ്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിവെള്ളം, പരിസ്ഥിതി, കൃഷി എന്നിവയെ എങ്ങനെ ബാധിക്കുമെന്നതാണ് ഇടതുപക്ഷ സമീപനത്തിന്റെ ഉരകല്ല്. ഇടതുപക്ഷം വികസനത്തിന്റെ വഴിമുടക്കികളല്ല. മനുഷ്യനേയും പ്രകൃതിയേയും കുടിവെള്ളത്തേയും മറക്കുന്ന വികസനത്തിനോട് ഇടതുപക്ഷത്തിന് യോജിക്കാന്‍ കഴിയില്ല. ഈ നിലപാടിനെ ദുര്‍വ്യാഖ്യാനിച്ച് ഇടത് അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഈ തന്ത്രങ്ങള്‍ വിലപ്പോവില്ല. ജനകീയ നയമാണ് ഇടതുപക്ഷത്തിനുള്ളത്.

അത് കൈമോശം വന്നുകൂട. അതുകൊണ്ടാണ് സംസ്ഥാനം ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചത്. എന്നാല്‍ അതില്‍ വലതുപക്ഷം അസ്വസ്ഥരാണ്. ഇല്ലാത്ത കെട്ടുകഥകള്‍ മെനഞ്ഞ് സര്‍ക്കാരിന്റെ ജനകീയ മുഖം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി സഹായങ്ങള്‍ നല്‍കുമ്പോഴും കേരളത്തെ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണ്. വയനാടിന് വാഗ്ദാനം ചെയ്ത സഹായം പോലും ലഭ്യമാക്കിയില്ല. എല്ലാരംഗത്തും കേന്ദ്ര അവഗണനയാണ് ലഭിക്കുന്നത്. എന്നിട്ടും ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമായി കേരളം തുടരുന്നത് ഇടതുപക്ഷത്തിന്റെ ഭരണനേട്ടം കൊണ്ട് മാത്രമാണ്.

അത് ഇനിയും തുടരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നരേന്ദ്രമോഡിയും സുഹൃത്ത് ട്രംപും ചക്കിക്കൊത്ത ചങ്കരന്‍മാരാണ്. പിന്തിരിപ്പന്‍ നയങ്ങളുടെ സന്തത സഹാചാരികളാണ് ഇരുവരും. അതിനാല്‍ ലോകത്തെ കമ്മ്യുണിസ്റ്റ് മൂല്യങ്ങളെ തച്ചുതകര്‍ക്കാന്‍ ഇരുവരും ശ്രമിക്കുകയാണ്. അതിനെല്ലാം ശക്തമായ തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു. ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പി പി സുനീർ എംപി, ദേശീയ കൗൺസിൽ അംഗങ്ങളായ സത്യന്‍ മൊകേരി, ടി ടി ജിസ് മോന്‍, വിപ്ലവ ഗായിക പി കെ മേദിനി, മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ, രാജാജി മാത്യു തോമസ്, കെ ആർ ചന്ദ്രമോഹൻ, കെ കെ അഷറാഫ്, എൻ രാജൻ, സി കെ ശശിധരൻ, കമലാ സദാനന്ദൻ, മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, സിപിഐ ജില്ലാ സെക്രട്ടറിമാരായ വി ബി ബിനു, കെ എം ദിനകരൻ, കെ സലിം കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വാഗതസംഘം ഭാരവാഹികളായി പി കെ മേദിനി, ശ്രീകുമാരൻ തമ്പി, ഫാസിൽ, വയലാർ ശരത്ചന്ദ്ര വർമ്മ, വിനയൻ,ചെറിയാൻ കൽപ്പകവാടി, രാജീവ് ആലുങ്കൽ, ജോയി സെബാസ്റ്റ്യൻ, പി ജെ ജോസഫ് അർജ്ജുന (രക്ഷാധികാരികൾ),പി പ്രസാദ് (ചെയർമാൻ), ടി ജെ ആഞ്ചലോസ് (ജനറല്‍ കൺവീനർ), എ ഷാജഹാൻ, ഡി സുരേഷ് ബാബു, ജി കൃഷ്ണപ്രസാദ്‌, വി മോഹൻദാസ്, കെ എസ് രവി, കെ കാർത്തികേയൻ, ആർ ഗിരിജ, എൻഎസ് ശിവപ്രസാദ്, പി ജ്യോതിസ് (വൈസ് ചെയർമാന്മാർ), എസ് സോളമൻ, ടി ടി ജിസ്മോൻ, എം കെ ഉത്തമൻ, ദീപ്‌തി അജയകുമാർ, സി എ അരുൺകുമാർ, കെ ജി സന്തോഷ്, ആർ സുരേഷ്, പി കെ സദാശിവൻപിള്ള (കൺവീനറന്മാർ), പി വി സത്യനേശൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 251 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും 2051 പേരുള്ള ജനറല്‍ കമ്മിറ്റിയുമാണ് രൂപീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.