റേഷന്‍ മുന്‍ഗണനാ പട്ടികഅനര്‍ഹര്‍ക്കെതിരെ നിയമനടപടി

Web Desk
Posted on May 28, 2019, 10:30 pm

തിരുവനന്തപുരം: വസ്തുതകള്‍ മറച്ചുവെച്ച് റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവില തിരിച്ചു പിടിക്കും. ഗുരുതര രോഗമുള്ള കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.  ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയശേഷം ഇതുവരെ 3,16,960 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ ലിസ്റ്റെടുത്ത് ഫീല്‍ഡ് തല പരിശോധന നടത്തി. നിലവിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാത്ത 70,000 കുടുംബങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക കുടുംബശ്രീയില്‍ നിന്ന് ലഭ്യമാക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് ഒഴിവാക്കല്‍ മാനദണ്ഡങ്ങള്‍ ബാധകമല്ലാത്തവരും എന്നാല്‍ മാരകമായ രോഗങ്ങളായ എയ്ഡ്‌സ്, കാന്‍സര്‍, ഓട്ടിസം, ഗുരുതരമായ ശാരീരിക, മാനസിക വെല്ലുവിളികള്‍, സ്ഥിരമായ കുഷ്ഠം, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ഡയലാസിസിന് വിധേയരാകുന്നവര്‍, കിഡ്‌നി, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, പക്ഷാഘാതം പോലുള്ള രോഗബാധയാല്‍ പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവരും ശരീരം തളര്‍ന്ന് ശയ്യാവലംബരായവരും എന്നിവര്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ പരിശോധിച്ച് എഎവൈ/മുന്‍ഗണനാ മാനദണ്ഡങ്ങളില്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 പ്രകാരം സംസ്ഥാനത്തിന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നവരുടെ പരിധി നിശ്ചയിച്ചിരിക്കുന്നത് 15480040 ആണ്. ആയതുപ്രകാരം തയാറാക്കിയ അന്തിമ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന് ധാരാളം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിച്ച് മുന്‍ഗണനാ/മുന്‍ഗണനേതര വിഭാഗങ്ങളെ കണ്ടെത്തുന്നതിന് 2017 സെപ്റ്റംബര്‍ 18 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് സംസ്ഥാനത്ത് ആകെ ലഭിച്ച 7.66 ലക്ഷം അപേക്ഷകളിന്മേല്‍ റേഷന്‍കട കേന്ദ്രീകരിച്ച് പ്രതേ്യക അദാലത്തുകള്‍ നടത്തി ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കി പട്ടിക തയാറാക്കിയിട്ടുണ്ട്.

സ്വമേധയാ സറണ്ടര്‍ ചെയ്തതിന് പുറമേ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നേടിയ റേഷന്‍കാര്‍ഡുകള്‍ അനേ്വഷണത്തിലൂടെ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റി. പിഡിഎസ് കണ്‍ട്രോള്‍ ഓര്‍ഡര്‍, 2015 ക്ലോസ് 13 പ്രകാരം മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണം തുടര്‍ പ്രക്രിയ ആയതിനാല്‍ ശുദ്ധീകരണം നടന്നുവരുന്നു. തദ്ദേശ സ്വയംഭരണം, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഡേറ്റായുമായി ആര്‍സിഎംഎസ്, ഡേറ്റാ മാപ്പിംഗ് നടത്തി അനര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എം രാജഗോപാലിന്റെ സബ്മിഷനും ആര്‍ രാമചന്ദ്രന്‍, ചിറ്റയം ഗോപകുമാര്‍, ഗീതാഗോപി, പി മുഹമ്മദ് മുഹസിന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കും നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.