സമൂഹ മാധ്യമങ്ങളിലൂടെ എതിര്‍ശബ്ദങ്ങളെ കടന്നാക്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി

Web Desk
Posted on February 06, 2019, 10:30 pm

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ എതിര്‍ശബ്ദങ്ങളെ സംസ്‌കാര ശൂന്യമായി കടന്നാക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുംവിധം ബോധപൂര്‍വ്വമുള്ള ഏതൊരുതരം പ്രവര്‍ത്തനങ്ങളെയും വ്യാജപ്രചരണങ്ങളെയും പൊലീസ് രഹസ്യാന്വേഷണവിഭാഗം, സൈബര്‍ സെല്‍ തുടങ്ങിയ സംവിധാനങ്ങള്‍ മുഖേന നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വ്യക്തിഹത്യ തടയുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലുള്ള നിയമങ്ങളില്‍ പോരായ്മകള്‍ ഉണ്ടെന്ന അഭിപ്രായം പൊതുവില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന പൊതുവായ അഭിപ്രായം സര്‍വ്വകക്ഷി യോഗത്തില്‍ തന്നെ മുമ്പ് ഉണ്ടായിട്ടുള്ളതാണ്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവമാധ്യമങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തില്‍ അവിഭാജ്യമായ ഘടകമാണ്. ഒട്ടേറെ ഗുണകരമായ വശങ്ങള്‍ ഉള്ളപ്പോഴും അവയുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എതിര്‍ശബ്ദങ്ങളെ സംസ്‌കാരശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നാട്ടില്‍ കുറവല്ല.

സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സിനിമാരംഗത്തുള്ളവരെയും രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെയും പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണതയും ശക്തിപ്പെട്ടുവരികയാണ്.
ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സൈബര്‍ കേസുകള്‍ എടുക്കുന്നതിനും തെളിയിക്കുന്നതിനും കുറ്റക്കാരെ തിരിച്ചറിയുന്നതിനും സേവനദാതാക്കളുടെ സഹകരണം ആവശ്യമാണ്. ഇന്ത്യയില്‍ സേവനം നല്‍കുന്ന എല്ലാ സമൂഹ മാധ്യമ സേവന ദാതാക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ സാങ്കേതിക തടസം പറയാതെ ആവശ്യമായ വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിന് തയ്യാറാകുന്നവിധം നിയമനിര്‍മ്മാണം ആവശ്യമായി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ക്കും മറ്റും പരാതി ലഭിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐടി ആക്ടിലെയും വകുപ്പുകള്‍ ചേര്‍ത്ത് നടപടി സ്വീകരിച്ചുവരുന്നുണ്ട്. 2016 മുതല്‍ നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് 502 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.