ലീഗല്‍ മെട്രോളജി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ശക്തിപ്പെടുത്തും: മന്ത്രി പി തിലോത്തമന്‍

Web Desk
Posted on July 15, 2019, 8:45 am

കോട്ടയം: ലീഗല്‍ മെട്രോളജി വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം ഇടപെടുമെന്ന് മന്ത്രി പി തിലോത്തമന്‍. വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും ഓഫീസ് പ്രവര്‍ത്തനം ഫലപ്രദമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ വിഷയങ്ങളില്‍ ഫയല്‍ നീക്കത്തിനുള്ള കാലതാമസം ഒഴിവാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ലീഗല്‍മെട്രോളജി വകുപ്പിന്റെ പ്രസക്തി വളരെ വലുതാണ്. വഴിയോര വാണിഭക്കാര്‍ മുതല്‍ നക്ഷത്ര ഹോട്ടല്‍ വരെയുള്ള സ്ഥാപനങ്ങളിലെ കൊള്ള തടയാന്‍ വകുപ്പിന് അധികാരമുണ്ട്. ജനം ഏറെ ചൂഷണത്തിന് വിധേയരാവുന്ന പെട്രോള്‍, ഡീസല്‍ വിതരണത്തിലും വില്‍പ്പനയിലും വകുപ്പിന് കാര്യക്ഷമമായി ഇടപെടാന്‍ കഴിയണം.
വിലക്കയറ്റം എന്നത് ശരാശരിക്കാരന്‍ നേരിടുന്ന വലിയ വിഷയമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റ് പ്രകാരം വിലക്കയറ്റം ഒരു ദുര്‍ഭൂതമായി മലയാളിയെ വിഴുങ്ങും എന്ന് ഉറപ്പാണ്. ഭക്ഷ്യവിതരണ രംഗത്ത് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഇടപെടല്‍ മൂലം സാധാരണക്കാരന് പിടിച്ചുനില്‍ക്കാനാവുമെങ്കിലും മറ്റ് മേഖലകളില്‍ വിലക്കയറ്റം ഏറെ ബുദ്ധിമുട്ടിക്കും. ഇതിനൊപ്പം അളവ് തൂക്കത്തിലും ജനം കബളിപ്പിക്കപ്പെടാതിരിക്കാന്‍ ലീഗല്‍മെട്രോളജി വകുപ്പിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിപുലമായ അധികാരങ്ങള്‍ക്കൊപ്പം കേരളത്തിലെ മൂന്നരക്കോടിയോളം വരുന്ന ഉപഭോക്താക്കളെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് വകുപ്പിനുള്ളത്. ഇതിന് ജീവനക്കാരുടെ കൃത്യമായ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംഘടന പ്രസിഡന്റ് വി എന്‍ സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, ജില്ലാ സെക്രട്ടറി എ ജെ അച്ചന്‍കുഞ്ഞ്, പ്രസിഡന്റ് പ്രകാശ് എന്‍ കങ്ങഴ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കണം: ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍

കോട്ടയം: ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്ന വാഗ്ദാനം പാലിക്കണം. ലീഗല്‍ മെട്രോളജി വകുപ്പില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അടിയന്തിരമായി പ്രമോഷന്‍ നടത്തണം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന്‍ ഉറപ്പാക്കി സ്‌പെഷ്യല്‍ റൂളുകളിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഓട്ടോറിക്ഷ വേരിഫിക്കേഷന്‍ യൂണിറ്റുകള്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വേണമെന്നും കോട്ടയത്ത് സമാപിച്ച സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി വി എന്‍ സന്തോഷ്‌കുമാര്‍ (പ്രസിഡന്റ്), അനൂപ് വി ഉമേഷ്, എസ് ജയ (വൈസ് പ്രസിഡന്റുമാര്‍), ജി ആര്‍ രാജീവ് (ജനറല്‍ സെക്രട്ടറി), എസ് രാജേഷ്, ടി എസ് സതീഷ്‌കുമാര്‍, കെ എം പ്രകാശന്‍ (സെക്രട്ടറിമാര്‍), എസ് എസ് ചന്ദ്രബാബു (ട്രഷറര്‍) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.