Web Desk

തിരുവനന്തപുരം

December 22, 2020, 11:26 pm

നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചു; പാവയായി ഗവർണർ

Janayugom Online

ഇന്ന് നടക്കേണ്ടിയിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് കേന്ദ്രസർക്കാരിന്റെ പാവയായി നിന്നുകൊണ്ട് ഗവർണർ അനുമതി നിഷേധിച്ചു. സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ ഭരണഘടനാപരമായുള്ള ആവശ്യത്തെയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഷേധിച്ചത്. ഈ നടപടി കേരള നിയമസഭ ചരിത്രത്തിലെ ആദ്യസംഭവമാണ്. രാജ്യമാകെ കർഷകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ കേന്ദ്ര സർക്കാരിന്റെ മൂന്നു കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ചചെയ്ത് പ്രമേയം പാസാക്കാൻ ഒരു മണിക്കൂർ നീളുന്ന നിയമസഭ സമ്മേളനം വിളിച്ചുചേർക്കണമെന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശചെയ്തിരുന്നു. ഗവർണറുടെ ആവശ്യപ്രകാരം രണ്ടുവട്ടം സർക്കാർ വിശദീകരണം നൽകിയെങ്കിലും കേന്ദ്ര സർക്കാരിന് എതിരായ നടപടിയായതിനാലാണ് നിയമസഭ ചേരാനുള്ള അനുമതി ഗവർണർ നിഷേധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതേതുടർന്ന് ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ പ്രമേയം അംഗീകരിക്കുന്നതിനാണ് ധാരണയായിട്ടുള്ളത്.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരം ബുധനാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാനുള്ള ശുപാർശ ഗവർണർക്കു കൈമാറിയിരുന്നു. വൈകുന്നേരത്തോടെ ഗവര്‍ണര്‍ ഇതേക്കുറിച്ച് സർക്കാരിനോട് വിശദീകരണം തേടി. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള എന്ത് അടിയന്തരസാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് ഗവർണർ ചോദിച്ചത്. സഭ ചേരേണ്ട സാഹചര്യമുണ്ടെന്നും അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ഗവർണറോട് ആവശ്യപ്പെട്ടു. കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്ന രാജ്യമാകെയുള്ള പ്രതിഷേധങ്ങളും കേരളത്തിലെ കർഷകരെ ബാധിക്കുന്ന വിഷയവും നിയമസഭയിൽ ചർച്ചചെയ്യണമെന്നും വിശദീകരണക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി.

ഇതിൽ തൃപ്തനാകാതെ ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും വിശദീകരണം ആവശ്യപ്പെടുകയും സർക്കാർ മറുപടി നൽകുകയും ചെയ്തു. കാർഷിക നിയമത്തിൽ അടിയന്തര സാഹചര്യം എന്ന് പറയുന്ന സർക്കാരിന് കുറച്ച് ദിവസംകൂടി കാത്തിരുന്ന് ജനുവരി എട്ടിലെ ബജറ്റ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാമെന്നായിരുന്നു ഗവർണറുടെ നിലപാട്.

കാര്‍ഷിക ബില്‍ കേരളത്തിലെ കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്ന് വ്യക്തമാക്കിയുള്ള മറുപടി നൽകിയെങ്കിലും അവയെല്ലാം തള്ളിയാണ് ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് രാത്രി എട്ടോടെ അനുമതി നിഷേധിച്ചത്.

ജനുവരി എട്ടു മുതല്‍ നിയമസഭാ ബജറ്റ് സമ്മേളനത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിനു മുമ്പായി സഭാ സമ്മേളനം വിളിക്കാന്‍ സാങ്കേതിക തടസമുണ്ടെന്ന് ഗവർണർ അറിയിച്ചതായാണ് വിവരം.