നിയമസഭ മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു

Web Desk
Posted on September 13, 2018, 1:09 pm
തിരുവനന്തപുരം: നിയമസഭ മാധ്യമ അവാര്‍ഡ് 2018 സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചു. മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തിപകരുന്ന മാധ്യമ സൃഷ്ടികള്‍ക്കായി നല്‍കുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പി നിയമസഭ മാധ്യമ അവാര്‍ഡിന് അച്ചടി മാധ്യമ വിഭാഗത്തില്‍ മാധ്യമം ആഴ്ചപ്പതിപ്പിലെ ഷെബിന്‍ മെഹബൂബ് അര്‍ഹനായി. ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയവണ്‍ ടി വിയിലെ ഉല്ലാസന്‍ പി (ഉല്ലാസ് മാവിലായി) തെരഞ്ഞെടുക്കപ്പെട്ടു.
അന്വേഷണാത്മക മാധ്യമ സൃഷ്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇ കെ നായനാര്‍ നിയമസഭ മാധ്യമ അവാര്‍ഡിന് അച്ചടി മാധ്യമ വിഭാഗത്തില്‍ കേരള കൗമുദിയിലെ വി എസ് രാജേഷും, ദൃശ്യമാധ്യമ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ പി ആര്‍ പ്രവീണയും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭ നടപടികളുടെ ഏറ്റവും മികച്ച റിപ്പോര്‍ട്ടിംഗിന് നല്‍കുന്ന ജി കാര്‍ത്തികേയന്‍ നിയമസഭ മാധ്യമ അവാര്‍ഡിന് അച്ചടി മാധ്യമ വിഭാഗത്തില്‍ മലയാളം വാരികയിലെ പി എസ് റംഷാദും ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയാവണ്‍ ടി വിയിലെ സജീഷ് കെയും തെരഞ്ഞെടുക്കപ്പെട്ടു.
 ഡോ. ജെ പ്രഭാഷ് ചെയര്‍മാനും ആര്‍ എസ് ബാബു, ഡോ. പി കെ രാജശേഖരൻ, കെ പി ജയദീപ്, ഡോ. ജെ ദേവിക, വി കെ ബാബുപ്രകാശ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. ആറ് അവാര്‍ഡുകള്‍ക്കുമായി 79 എന്‍ട്രികള്‍ ലഭിച്ചിരുന്നതായും സ്പീക്കര്‍ അറിയിച്ചു.
 കേരള നിയമസഭ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ 2018ലെ സര്‍ട്ടിഫിക്കറ്റ് കോഴിസിന്റെ പരീക്ഷാഫലവും സ്പീക്കര്‍ പ്രഖ്യാപിച്ചു. ഏറണാകുളം ജെ എന്‍ റോഡി, മങ്കാട്ട് ഹൗസില്‍ ശ്രീജിത്ത് എം നായര്‍ 86 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി.
കാഞ്ഞിരപ്പള്ളി ചിറക്കടവ്, എളുക്കുന്നേല്‍ ഹൗസില്‍ നെല്‍സണ്‍ ജെ എളുക്കുന്നേല്‍ രണ്ടാം റാങ്കും തിരുവനന്തപുരം, അരുമാനൂര്‍ എല്‍ എല്‍ നിവാസില്‍ അനുജ ഗ്ലോറിസ് എസ് എല്‍ മൂന്നാം റാങ്കും നേടി. മറ്റ് പരീക്ഷ ഫലങ്ങള്‍ നിയമസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
 2018ല്‍ നടന്ന കോഴ്‌സിന്റെ പരീക്ഷഎഴുതിയവരില്‍ 82.07 ശതമാനം പേര്‍ വിജയിച്ചു. ഇവരില്‍ 55.6 ശതമാനം പേര്‍ക്ക് ഫസ്റ്റ് ക്ലാസും 21.69 ശതമാനംപേര്‍ക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.