വത്സൻ രാമംകുളത്ത്

June 03, 2021, 10:04 pm

മഹാമാരിയെ നേരിടാന്‍‍ പുതിയ മാതൃക തീര്‍ത്ത് നിയമനിര്‍മ്മാണസഭ

Janayugom Online

ഹാമാരിയുടെ കാലത്ത് ഒരു സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ സഭ എങ്ങനെയായിരിക്കണം എന്ന മാതൃക കൂടി കേരളം സൃഷ്ടിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അവതരിപ്പിച്ച ‘കേരള സാംക്രമിക രോഗങ്ങള്‍-2021 ബില്‍’ ഭരണ‑പ്രതിപക്ഷാംഗങ്ങളുടെ ആരോഗ്യകരമായ ചര്‍ച്ചക്കൊടുവില്‍ നിയമമാക്കിയിരിക്കുന്നു. കേരളം കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് പോയിന്റ് മെച്ചപ്പെടുത്തി, നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ വീണ്ടും ഒന്നാമതെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന അതേദിവസം തന്നെ. കേരള ജനത അഭിമാനിതരായ മറ്റൊരു സുദിനം.
സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിനും യുക്തമായതാണ് നിയമസഭ പാസാക്കിയ പുതിയ ബില്‍. പതിവ് കാഴ്ചകളില്‍ നിന്ന് വിപരീതമായി ബില്ലിനെതിരെയുള്ള കാടടച്ചുള്ള രാഷ്ട്രീയ ബഹളങ്ങളൊന്നും സഭയിലുണ്ടായില്ല. തിരൂര്‍ എംഎല്‍എ ലീഗിലെ കുറുക്കോളി മൊയ്തീനാണ് അടിയന്തര പ്രാധാന്യമല്ലാത്ത ബില്‍ തിടുക്കത്തില്‍ പാസാക്കേണ്ടതില്ലെന്നും സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള നിരാകരണ പ്രമേയം അവതരിപ്പിച്ചത്. ഭേദഗതികളും ക്രമപ്രശ്നവും നിര്‍ദ്ദേശങ്ങളുമാണ് ബില്ലിന്റെ നിരാകരണത്തിനായി പ്രതിപക്ഷത്തുനിന്നു കേട്ടത്. ലീഗിലെ എന്‍ എ നെല്ലിക്കുന്നാണ് ഇടയില്‍ അപമാനമായത്. മലപ്പുറത്തിന് അവഗണനയുണ്ടെന്നും പുതിയ നിയമത്തോടെ സംസ്ഥാനത്ത് പൊലീസ് രാജ് നടപ്പാവുമെന്നും ആളുകള്‍ക്ക് പള്ളിയില്‍ പോകാനാവില്ലെന്നും ആരോപിക്കുകയായിരുന്നു നെല്ലിക്കുന്ന്.

ബില്ലില്‍ ഭേദഗതി അവതരിപ്പിച്ച സിപിഐയിലെ പി മുഹമ്മദ് മുഹ്സിന്‍‍, പള്ളിക്കാര്യങ്ങളില്‍ രാഷ്ട്രീയ നേതൃത്വം അഭിപ്രായം പറയേണ്ടെന്ന ജിഫ്രി തങ്ങളുടെയും കാന്തപുരം അബൂബക്കര്‍ മുസലിയാരുടെയും അഭിപ്രായം സ്വീകരിക്കണമെന്ന് ലീഗ് അംഗങ്ങളോട് പറഞ്ഞു. അടിയന്തര സാഹചര്യം ഇല്ലെന്ന ലീഗിന്റെ നിലപാട് മലപ്പുറത്തെ അവരുടെ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ്. നിയമസഭ ചേരാമെങ്കില്‍ പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കാനും കുഴപ്പമില്ലെന്ന് ലീഗിന്റെ ജനപ്രതിനിധികള്‍‍ പറയുന്നത് കാര്യമാക്കരുത്. നിയമസഭ ഒന്നേയുള്ളൂ. പള്ളികള്‍ നാടാകെയുള്ളതാണ്. അവിടെ കാര്യങ്ങള്‍ എങ്ങനെ വേണമെന്നുള്ളതിന് പുരോഹിതരുടെ അഭിപ്രായത്തെയാണ് മാനിക്കേണ്ടതെന്ന് മുഹ്സിന്‍ പറഞ്ഞു. ഇതിനെതിരെ ലീഗ് പ്രതിപക്ഷത്തുനിന്ന് പ്രതിഷേധശബ്ദമുയര്‍ന്നു. മുസ്‌ലിമും മുസ്‌ലിം ലീഗും ഒന്നാണെന്ന ലീഗിന്റെ തോന്നല്‍ അപകടകരമാണെന്ന് പറഞ്ഞ് മുഹ്സിന്‍ പ്രതിപക്ഷത്തെ നിശബ്ദരാക്കി. ‘പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുമ്പോള്‍ നിങ്ങള്‍ എവിടെയാണോ നില്‍ക്കുന്നത്, അവിടെത്തന്നെ നില്‍ക്കുക’ എന്നാണ് പ്രവാചകന്‍ പറയുന്നതെന്നും പട്ടാമ്പി എംഎല്‍എ ലീഗ് അംഗങ്ങളെ ഓര്‍മ്മപ്പെടുത്തി.
നിയമം അനുസരിക്കാനുള്ളതാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടാകണം. അതിനായി ചെറിയ ശിക്ഷാനടപടികള്‍ അനിവാര്യമാണ്. തൊട്ടപ്പുറത്ത് കര്‍ണാടകയില്‍‍ ഏഴ് വര്‍ഷം വരെ ജയില്‍വാസവും അഞ്ച് ലക്ഷം രൂപവരെ പിഴയുമാണ് കോവിഡ് ചട്ടലംഘനങ്ങള്‍ക്കുള്ളത്. കേരളത്തില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. നിയമം നടപ്പാക്കുന്നതിനൊപ്പം മഹാമാരിയെ നിയന്ത്രിക്കുന്നതിന് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും വഴിയൊരുക്കണമെന്ന് മുഹ്സിന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് നിയന്ത്രണത്തിനായി അശാസ്ത്രീയ ചികിത്സാരീതികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി നിയമത്തിലുണ്ടാവണം. ചാണകത്തില്‍ കുളിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും മൂക്കില്‍ ഒഴിക്കുന്നതും കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് പറയുന്നവര്‍ക്കെതിരെ നിയമം ഉപയോഗിക്കാനാവണം. ശാസ്ത്രീയ അടിത്തറയില്ലാതെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരും നിരവധിയുണ്ട്. അവരെ നിയന്ത്രിക്കാനും നിയമം ഉപയോഗിക്കാനാവണമെന്നും മുഹ്സിന്‍ ഭേദഗതി ആവശ്യപ്പെട്ടു.

യാതൊരു നിയന്ത്രണവുമില്ലാതെയാണ് രാജ്യത്ത് കോവിഡ് കാലത്തെ ഭരണം പോകുന്നത്. ഇന്ത്യ ഇന്ത്യക്കാര്‍ക്കായി ഉല്പാദിപ്പിച്ച വാക്സിന്‍ ഇതരരാജ്യങ്ങളില്‍ വില്ക്കുന്നത്, ഇവിടെ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ്. സംസ്ഥാനങ്ങള്‍ക്ക് സാര്‍വത്രികവും സൗജന്യവുമായി വാക്സിന്‍‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ പോരാടുമ്പോള്‍, ഇവിടെനിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫിന്റെ ജനപ്രതിനിധികള്‍ എവിടെയാണെന്ന് മുഹ്സിന്‍ ചോദിച്ചു. ദിവസവും ചാനലുകളിലെ അന്തിചര്‍ച്ചകളില്‍ മുഖംകാണിച്ചാല്‍ പോര, കേരളത്തിനുവേണ്ടി കേന്ദ്രത്തോട് സംസാരിക്കാന്‍ തയ്യാറാവണം. മുഹ്സിന്‍ പറഞ്ഞു.

ആരോഗ്യരംഗത്ത് പിഴവുകളില്ലാതെ മുന്നോട്ട് പോകുന്നതിന് ആവശ്യമായ മാറ്റങ്ങളും ജാഗ്രതയും ഉണ്ടാവണമെന്ന നിര്‍ദ്ദേശങ്ങളുയര്‍ന്നു. വാക്സിന്‍ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. കോവാക്സിന്‍ ആദ്യം സ്വീകരിച്ചവര്‍ക്ക് രണ്ടാം തവണ കോവിഷീല്‍ഡ് മതിയെന്ന് ചിലര്‍ പറയുന്നു. വിദഗ്ധരുണ്ടാക്കുന്ന ഈ ആശയക്കുഴപ്പങ്ങള്‍ മാറ്റാന്‍ കഴിയണം. വാക്സിന്‍‍ വിതരണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവാസികള്‍ക്കും മുന്‍‍ഗണന നല്‍കണം. വിസാ കാലാവധി പരിശോധിച്ച് മടക്കയാത്രയ്ക്ക് മുമ്പേ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് സൗകര്യമുണ്ടാക്കണമെന്ന നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു.

കോവിഡ് ബാധിച്ചും അല്ലാതെയും മരിക്കുന്നവരുടെ മൃതദേഹസംസ്കാരത്തിന് കോവിഡ് പരിശോധനാഫലം വൈകുന്നത് പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. ഇത് ഗൗരവമായി കാണണം. 50–50 ഫലം പറയുന്ന ആന്റിജന്‍ ടെസ്റ്റ് പ്രായോഗികമല്ല. പലയിടത്തും കോവിഡ് വ്യാപനത്തിനുപോലും വഴിയൊരുക്കുന്നതില്‍ ഇത്തരം ടെസ്റ്റിലെ പോരായ്മകള്‍ കാരണമാകുന്നുവെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം ചുമതലപ്പെടുത്തിയ ഐസിഎംആര്‍ ഇക്കാര്യങ്ങളില്‍ ആളുകളെ കൂടുതല്‍ ഭീതിപ്പെടുത്തുന്നു. കൂടുതല്‍ ഇടങ്ങളില്‍‍, പ്രത്യേകിച്ച് തോട്ടം, ആദിവാസി മേഖലകളില്‍ സ്പോട്ട് വാക്സിനേഷന്‍ വ്യാപിപ്പിക്കണമെന്ന് അംഗങ്ങളില്‍ പലരും എടുത്തുപറഞ്ഞു.
ലോക്ഡൗണിലെ വഴിയടപ്പും സഭയില്‍ ചര്‍ച്ചയായി. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ആരും പുറത്തിറങ്ങുന്നില്ല. എന്നാല്‍, രാത്രികാലങ്ങളിലും മറ്റും രോഗാവസ്ഥയിലുള്ളവരെ ആശുപത്രിയിലേക്കെത്തിക്കാന്‍‍ കഴിയാത്ത സ്ഥിതിയുണ്ടാവുന്നു. റോഡില്‍ കല്ലും മരവും നിരത്തി വഴി പൂര്‍ണമായും കൊട്ടിയടയ്ക്കുന്നത് കൂടുതല്‍‍ അപകടമേ വരുത്തൂ എന്ന അഭിപ്രായങ്ങളുണ്ടായി. എന്നാല്‍‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയും ആളുകള്‍ പുറത്തിറങ്ങുന്നത് തടഞ്ഞും അതുവഴി അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നുമുള്ള മറുവാദവും വന്നു. ഇക്കാര്യങ്ങളില്‍ ശാസ്ത്രീയമായ സമീപനം വേണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചയിലുണ്ടായി.
കോവിഡ് മഹാമാരിയുടെ അടിയന്തര സാഹചര്യവും മൂന്നാം തരംഗത്തിന്റെ ഭീഷണിയും പുതിയ അംഗങ്ങള്‍ക്ക് എന്താണ്, എങ്ങനെയാണ് നിയമനിര്‍മ്മാണം എന്ന് മനസിലാക്കുന്നതിനുമാണ് ഇപ്പോള്‍ ഈ ബില്‍ പരിഗണനയ്ക്കെടുത്തതെന്ന ആമുഖത്തോടെ സ്പീക്കര്‍ എം ബി രാജേഷ്, പ്രതിപക്ഷത്തിന്റെ നിരാകരണ പ്രമേയവും അപ്രായോഗികമായ ഏതാനും ഭേദഗതികളും തള്ളി. ഒടുവില്‍ സഭ ഐക്യകണ്ഠേന ബില്‍‍ പാസാക്കുകയും ചെയ്തു. ഇതും കേരളം ലോകത്തിന് സമ്മാനിച്ച പുതിയ മാതൃക.

Eng­lish sum­ma­ry; Leg­isla­tive Assem­bly sets new prece­dent for tack­ling epidemic

you may also like this video;