നിയമസഭാ സമ്മേളനം 27 മുതല്‍

Web Desk
Posted on November 23, 2018, 10:44 pm

തിരുവനന്തപുരം: പൂര്‍ണ്ണമായും നിയമ നിര്‍മ്മാണത്തിനായി മാറ്റിവച്ച് പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 27 ന് ആരംഭിച്ച് ഡിസംബര്‍ 13ന് അവസാനിക്കും. ഈ കാലയളവില്‍ 13 ദിവസം സഭചേരുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യ ദിവസമായ 27ന് രാവിലെ, നിലവില്‍ സഭാംഗമായിരുന്ന പി ബി അബ്ദുള്‍ റസാക്കിന്റെ നിര്യാണത്തില്‍ ചരമോപചാരം അര്‍പ്പിച്ച് അന്നത്തേക്ക് സഭ പിരിയുമെന്നും സ്പീക്കര്‍ പറഞ്ഞു.

നിലവില്‍ 13 ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് ബില്ലുകള്‍ ഇതിനോടകം തയ്യാറായിട്ടുണ്ട്. 28, 29 തീയതികളിലാണ് സുപ്രധാന അഞ്ച് ബില്ലുകള്‍ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്കായി അയക്കണമെന്ന പ്രമേയങ്ങള്‍ പരിഗണിക്കുക. 2018ലെ കേരള മുന്‍സിപ്പാലിറ്റി (മൂന്നാം ഭേദഗതി)ബില്‍, 2018ലെ കേരള പഞ്ചായത്ത്‌രാജ് (മൂന്നാം ഭേദഗതി) ബില്ല്, 2018ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബില്‍ എന്നിവ 28ന് പരിഗണിക്കും. 29ന് 2018ലെ കേരള പൊലീസ് (ഭേദഗതി) ബില്‍, 2018‑ലെ കോഴിക്കോട് സര്‍വ്വകലാശാല (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവയാണ് അവതരിപ്പിക്കുക.

2018–19 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും ഡിസംബര്‍ 10ന് നടക്കും. നിയമനിര്‍മ്മാണത്തിനായി നീക്കിവച്ചിട്ടുള്ള മറ്റ് ദിവസങ്ങളില്‍ കാര്യോപദേശകസമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

കേരള നിയമസഭയും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സാക്ഷരതാ-ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം 26ന് വിജെടി ഹാളില്‍ നടക്കും. ജനുവരി 26ന് സംസ്ഥാനതല ഭരണഘടനാ സംരക്ഷണ സംഗമം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവല്‍ ഓണ്‍ ഡമോക്രസിയുമായി ബന്ധപ്പെട്ട രണ്ടാമത് പരിപാടിയായ നാഷണല്‍ യൂത്ത് പാര്‍ലമെന്റ് 2019 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കും.

ശബരിമല വിഷയത്തിലടക്കം എല്ലാ വിഷയങ്ങളിലും ഇന്ത്യന്‍ ഭരണഘടന അനുസരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ബാധ്യസ്ഥരാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മലയാളികള്‍ക്ക് എക്കാലവും അഭിമാനമായ നവോത്ഥാനത്തിനെതിരെ പുറം തിരിഞ്ഞു നിന്നാല്‍ സമൂഹം പിന്നോട്ടുപോകുമെന്നും സ്പീക്കര്‍ പറഞ്ഞു.