Web Desk

ന്യൂഡല്‍ഹി

February 07, 2020, 11:56 am

നിയമസഭാ തിരഞ്ഞെടുപ്പ്; ഡൽഹി നാളെ വിധിയെഴുതും

Janayugom Online

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണു. ഇന്ന് ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം രാജ്യതലസ്ഥാനത്തെ ജനങ്ങൾ നാളെ വിധിയെഴുതും. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന വൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി തെരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്. ത്രികോണ മത്സരത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി പിടിച്ചെടുക്കാന്‍ ബിജെപിയും തീവ്ര ശ്രമത്തിലാണ്. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംപൂജ്യരായ കോണ്‍ഗ്രസ് അത്ഭുതങ്ങൾ കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ്.

അഞ്ചുവര്‍ഷത്തെ ഭരണനേട്ടം ഉയര്‍ത്തിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി വോട്ട് തേടിയത്. അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ അടിത്തറ ശക്തമാക്കാൻ സാധിച്ചതായി പാർട്ടി വിലയിരുത്തുന്നു.തെരഞ്ഞെടുപ്പ് റാലികളിലെ ജനക്കൂട്ടം വോട്ടായി മാറിയാൽ എഎപിക്ക് നിഷ്പ്രയാസം അധികാരം നിലനിർത്താനാകും. അതേസമയം വര്‍ഗീയത വളർത്തി വോട്ടുപിടിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. വിവാദ പ്രസ്താവനകളുടെ പേരിൽ നിരവധി ബിജെപി നേതാക്കളാണ് പ്രചാരണവിലക്ക് അടക്കമുള്ള നടപടികൾ ഏറ്റുവാങ്ങിയത്.

you may also like this video;


പൗരത്വ ഭേദഗതിയ്ക്കെതിരെ ഏറ്റവുമധികം പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഡൽഹി. ഷഹീൻബാഗ് അടക്കമുള്ള സ്ഥലങ്ങളിൽ സ്ത്രീകൾ നടത്തിവരുന്ന സമരം അമ്പതിലേറെ ദിവസം പിന്നിട്ടിരിക്കുന്നു. പൗരത്വ ഭേദഗതിയിലും എൻആർസി, എൻപിആർ എന്നിവയിലും നിലനിൽക്കുന്ന ജനങ്ങളുടെ ആശങ്ക തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഇന്നലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഷഹീൻബാഗ് സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. നിലവിൽ ഷഹീൻബാഗിലെ അഞ്ച് പോളിംഗ് ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചവയാണ്.

അതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണത്തിലാകും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ പ്രദേശം. ഷഹീൻബാഗ്, ഖുർജി ഖാസ്, ഹൗസ് റാണി തുടങ്ങിയ നഗരങ്ങളിലാണ് ശക്തമായ പ്രതിഷേധസമരം. എന്നാൽ വോട്ടർമാർക്ക് യാതൊരു തടസ്സവും കൂടാതെ സമ്മതിദാനം നടത്താന്‍ കഴിയുമെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയിട്ടുള്ളത്. അതിനിടെ ആം ആദ്​മി പാർട്ടി വിട്ട്​ ബിഎസ്​പിയിൽ ചേർന്ന എംഎൽഎക്കെതിരെ ആക്രമണമുണ്ടായി. ബാദാർപുരിൽ നിന്നുള്ള നാരായൺ ദത്ത്​ ശർമ്മ എന്ന എം എൽഎയാണ്​​ ആക്രമണത്തിനിരയായത്​.

ബുധനാഴ്ച രാത്രി തെരഞ്ഞെടുപ്പ്​ യോഗം കഴിഞ്ഞ്​ മടങ്ങും വഴി പത്തംഗ സംഘം നാരായൺ ദത്ത്​ ശർമ്മയുടെ കാർ തടഞ്ഞുനിർത്തുകയും ഗ്ലാസുകൾ അടിച്ച്​ തകർക്കുകയായിരുന്നു. ആക്രമണത്തിൽ എംഎൽഎക്ക്​ പരിക്കേറ്റു. അക്രമികൾ കാറിനും കേടുപാടുകൾ വരുത്തി. കോൺഗ്രസിൽ നിന്നും എത്തിയ രാം സിങ്​ നേതാജിയാണ്​ ബാദാർപൂരിൽ നിന്നുള്ള ആം ആദ്​മി പാർട്ടി സ്ഥാനാർഥി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

you may also like this video;