കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ബജറ്റ് നടപടികൾ പൂർത്തിയാക്കി നിയമസഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഭീതി വ്യാപിക്കുകയും ജനങ്ങളിൽ ആശങ്ക ശക്തമാവുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിപക്ഷ ആവശ്യം കൂടി പരിഗണിച്ചാണ് നടപടി. സഭ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും കെ എൻ എ ഖാദർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇന്നലെ രാവിലെ കാര്യോപദേശകസമിതി ചേർന്ന് സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചു. എന്നാൽ കാര്യോപദേശക സമിതിയിൽ പ്രതിപക്ഷം വിയോജിപ്പ് അറിയിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് തൊട്ടുമുൻപ് സഭ ബഹിഷ്കരിക്കുകയും ചെയ്തു. ശൂന്യവേളയിൽ കാര്യോപദേശകസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം ചേരുന്നത് ശരിയല്ലെന്ന് സ്പീക്കറോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കെഎൻഎ ഖാദർ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകി. പി സി ജോർജ്ജും വളരെ ഗൗരവമായി ഇതേക്കുറിച്ച് പറഞ്ഞു. സർക്കാരിന്റെ അഭിപ്രായം സ്പീക്കർ ആരാഞ്ഞപ്പോൾതന്നെ ഇക്കാര്യം ചർച്ചചെയ്യണ്ടേയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് ചോദിച്ചു. രണ്ട് ദിവസം കഴിയട്ടെയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. പിന്നീട് ചേർന്ന കാര്യോപദേശക സമിതി യോഗത്തിലും ഇതേ അഭിപ്രായമാണുണ്ടായതെന്ന് മുഖ്യമന്ത്രി വിശദമാക്കി. ഇതുമായി ബന്ധപ്പെട്ട് മാധ്യമ വാർത്തകൾ വന്നു. സഭ തുടരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിപ്രായങ്ങളുണ്ടായി. കോവിഡ് 19 സംബന്ധിച്ച വല്ലാത്ത അന്തരീക്ഷം നിലനിൽക്കുന്നതിനാൽ സഭ തുടരുന്നത് ശരിയല്ല. ഒരു തരത്തിലുള്ള തെറ്റായ കീഴ്‌വഴക്കവും ഇതിലില്ല.
കേരള നിയമസഭയെ ആരും കുറ്റപ്പെടുത്തില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം സമ്മേളിക്കുന്ന ഏക സഭയെന്ന റിക്കോർഡുള്ളത് കേരള നിയമസഭയ്ക്കാണ്. ആരും ഇവിടെ നിന്നും ഒളിച്ചോടുന്നില്ല. മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നു. അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കോവിഡിന്റെ പേരിൽ സഭ താൽക്കാലികമായി നിർത്തുന്നതിനോട് വിയോജിപ്പില്ലെങ്കിലും ഒന്നും ചർച്ച ചെയ്യേണ്ട എന്ന നിലപാട് ജനാധിപത്യവിരുദ്ധവും ഏകാധിപത്യവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗില്ലറ്റിൻ പുതിയ കീഴ്‌വഴക്കമല്ലെന്നും 2013ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എല്ലാ ധനാഭ്യർത്ഥനകളും ഗില്ലറ്റിൻ ചെയ്തിട്ടുണ്ടെന്നും അന്നൊരു കോവിഡും ഉണ്ടായിട്ടില്ലെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. 25 വകുപ്പുകളിലേക്കുള്ള ധനാഭ്യർത്ഥനകൾ പാസാക്കി. 12 ധനാഭ്യർത്ഥനകൾ നേരത്തേ ചർച്ച ചെയ്ത് പാസാക്കിയിരുന്നു. ധനവിനിയോഗ ബില്ലും സഭ അംഗീകരിച്ചു. ധനകാര്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി സി രവീന്ദ്രനാഥ് ധനകാര്യബിൽ സഭയിൽ അവതരിപ്പിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.