രാത്രിയാത്ര നിരോധനം ഉടൻ പിൻവലിക്കണമെന്ന് നിയമസഭാ പ്രമേയം

Web Desk
Posted on November 08, 2019, 10:25 pm

തിരുവനന്തപുരം: കേരളത്തേയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേ 766 ൽ രാത്രിയാത്ര നിരോധിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു. മറ്റു കടുവാ സങ്കേതങ്ങളിലൊന്നും കൊണ്ടുവരാത്ത നിയന്ത്രണം ഇവിടെ മാത്രം കൊണ്ടുവന്നത് തികഞ്ഞ ജനദ്രോഹവും വിവേചനവുമാണ്. കേരളത്തിന്റെ നിർദേശങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കാമെന്ന് കേന്ദ്ര വനം ‑പരിസ്ഥിതി മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും സഭ ഒറ്റക്കെട്ടായി പ്രമേയത്തിൽ ആവശ്യപ്പെട്ടു. മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്.

വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകുന്നുവെന്ന് പറഞ്ഞാണ് മനുഷ്യരുടെ യാത്രാസ്വാതന്ത്ര്യം തടഞ്ഞത്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാണ്. ഇതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇവ സുപ്രീം കോടതി പരിഗണിച്ചു വരികയാണ്. ഇതിനിടെ, ബന്ദിപുർ വനമേഖലയിൽ 25 കിലോമീറ്ററിനുള്ളിൽ അഞ്ച് ആകാശ പാതകൾ നിർമ്മിക്കുകയും ബാക്കിയിടങ്ങളിൽ റോഡിനിരുവശവും കമ്പിവേലി നിർമ്മിക്കുകയും ചെയ്താൽ രാത്രി യാത്രാവിലക്ക് പിൻവലിക്കാനാകുമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി യോഗത്തിൽ കേന്ദ്ര റോഡ്സ് ആന്റ് ഹൈവേ മന്ത്രാലയം നിർദേശം വച്ചു. 500 കോടിയോളം രൂപ ചെലവ് വരുന്ന ഈ തുക ദേശീയപാതാ വിഭാഗവും കേരളവും സംയുക്തമായി വഹിക്കാമെന്ന് നിർദേശിച്ചു. കേരള സർക്കാർ 200 കോടി രൂപ ഇതിനായി ബജറ്റിൽ നീക്കിവച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ഓഗസ്റ്റിൽ കേസ് വീണ്ടും സുപ്രീം കോടതി എടുത്തപ്പോൾ ഈ പാത പകൽസമയത്തും അടച്ചും സംസ്ഥാന പാത 90, 275 വികസിപ്പിച്ച് ദേശീയ പാത 766 ന് ബദൽ പാതയായി ഉപയോഗിച്ചുകൂടേ എന്ന് കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. രാത്രിയാത്രാ നിരോധനത്തിന് പുറമെ പകൽ നിരോധനം കൂടി ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് വയനാട്ടിലെ ജനങ്ങൾ. ജനങ്ങളുടെ യാത്രാവകാശം സംരക്ഷിക്കാനും വന്യമൃഗങ്ങളുടെ സ്വൈരവിഹാരം ഉറപ്പുവരുത്താനും ബദൽ നിർദേശം കണ്ടെത്തണമെന്ന കേരളത്തിന്റെ അഭിപ്രായം മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുമായി പങ്കുവച്ചിട്ടുണ്ട്. ഇക്കാര്യം അംഗീകരിക്കണമെന്നും നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിൽ ആവശ്യപ്പെട്ടു.