Monday
18 Feb 2019

ലെനിന്‍ ബാലവാടിയില്‍ ഉയര്‍ന്നത് മാനവമൈത്രിയുടെ അലയൊലികള്‍

By: Web Desk | Saturday 13 January 2018 8:47 PM IST

തിരുവനന്തപുരം : ഇന്ത്യന്‍ സംഗീതത്തെ സാധാരണക്കാരിലുമെത്തിച്ച എംബിഎസ് യൂത്ത് ക്വയറിന്‍റെ 30ാം വാര്‍ഷികം ലെനിന്‍ ബാലവാടിയില്‍ വീണ്ടും സംഗീതസാന്ദ്രമാക്കി. എംബി ശ്രീനിവാസന്‍ എന്ന സംഗീതജ്ഞന്റെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന ഈ സാംസ്കാരിക സംഘടന സംഗീതത്തെ ശാസ്ത്രീയവശങ്ങളില്ലാത്തവരിലും എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ദേശീയോദ്ഗ്രഥനം, മാനവമൈത്രി മതനിരപേക്ഷത പരിസ്ഥിതി സംരക്ഷണം എന്നീ ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ഗായക സംഘം ഇന്ത്യയിലെ എല്ലാ ഭാഷകളും സംഗീതസപര്യയില്‍ ഉള്‍ക്കൊള്ളുന്നു. 1971ലായിരുന്നു മദ്രാസ് മ്യൂസിക് ക്വയർ യാഥാർത്ഥ്യമാക്കിയത്. പിന്നാലെ കേരളത്തിലും 1987ൽ എം.ബി.എസ് ഗായകസംഘത്തിന് രൂപം കൊണ്ടു.

എംബി ശ്രീനിവാസന്റെ പ്രിയ ശിഷ്യ ഗണങ്ങളില്‍ ഉള്‍പ്പെട്ട മദ്രാസ് യൂത്ത് ക്വയറിലെ  ലത ഉണ്ണിക്കൃഷ്ണന്‍, ഗുഹപ്രസാദ്,  പരമശിവ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.

ജനുവരി ഒന്നിന് ആരംഭിച്ച വാര്‍ഷിക പരിശീലന പരിപാടി 14നാണ് അവസാനിക്കുക. നാളെ അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ എംബിഎസ് യൂത്ത് ക്വയറിന്‍റെ പുതിയ ഗാനങ്ങളാണ് സംഗീതാസ്വാദകരെ കാത്തിരിക്കുന്നത്.