Web Desk

കോയമ്പത്തൂർ

March 19, 2021, 2:16 pm

വാല്‍പാറയില്‍ പുലിയുടെ ആക്രമണത്തില്‍ 12 വയസുകാരന് ഗുരുതര പരിക്ക്

Janayugom Online

വാല്‍പാറയില്‍ പുലിയുടെ ആക്രമണത്തില്‍ 12 വയസുകാരനായ കുട്ടിക്ക് ഗുരുതര പരിക്ക്. വാല്‍പാറയ്ക്ക് സമീപം ഉള്ള ഷോളയാര്‍ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടല്‍ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകന്‍ ഈശ്വര (12)നാണു പരിക്കേറ്റത്. കുട്ടിയുടെ കഴുത്തിലും കൈയിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ ബാലനും മൂത്ത സഹോദരനും മറ്റു രണ്ട് കുട്ടികളും ചേര്‍ന്നു വീടിനു സമീപം കളിച്ചു കൊണ്ടിരുന്നപ്പോഴാണു തൊട്ടടുത്തുള്ള തേയിലത്തോട്ടത്തില്‍ നിന്നു ചാടിവീണ പുലി ബാലന്റെ കഴുത്തിനു പിടിച്ചത്. ഇതുകണ്ട മറ്റു കുട്ടികള്‍ കരഞ്ഞു ബഹളം വയ്ക്കവേ തേയിലത്തോട്ടത്തില്‍ നിന്നു ഫീല്‍ഡ് ഓഫീസര്‍ നാഗരാജും ചന്ദ്രശേഖറും ഓടിയെത്തിയപ്പോഴേക്കും പുലി പിടിവിട്ട് തേയിലത്തോട്ടത്തിലേക്കു കടന്നുകളഞ്ഞു.

ഉടന്‍ തന്നെ ഫീല്‍ഡ് ഓഫീസര്‍മാര്‍ രണ്ട് പേരും ചേര്‍ന്ന് കുട്ടിയെ ഷോളയാര്‍ എസ്റ്റേറ്റ് വക ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് വാല്‍പാറ ഗവ. ആശുപത്രിയിലേക്കു മാറ്റി. പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി. പൊള്ളാച്ചി എംപി ഷണ്മുഖ സുന്ദരം, മാനാമ്പള്ളി റേഞ്ച് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. നാളുകള്‍ക്കു ശേഷം ഉണ്ടായ പുലിയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ കനത്ത ഭീതിയിലാണ്.

Eng­lish Sum­ma­ry : Twelve year old injured in Leop­ard attack

You may also like this video :