September 26, 2022 Monday

അറ്റകുറ്റപണി ചെയ്ത് രണ്ട് വർഷം തികയും മുൻപെ മാഹി പാലം വീണ്ടും അപകട വഴിയിലെത്തി

Janayugom Webdesk
തലശ്ശേരി:
September 26, 2020 4:17 pm

കോടിയോളം ചിലവിട്ട് അറ്റകുറ്റപണി നടത്തി രണ്ട് വർഷം തികയും മുൻപെ മാഹി പാലം വീണ്ടും അപകട മുനമ്പിലെത്തി. പാലത്തിന്റെ മുകളിലെ സ്ലാബുകൾ കൂടി ചേരുന്ന ലിറ്റിങ്ങ് പ്ലേറ്റുകളുടെ കോൺക്രീറ്റ് തകർന്നതാണ് പുതിയ പ്രശ്നം. ന്യൂമാഹി ഭാഗത്ത് നിന്ന് മാഹിയിലേക്ക് കടക്കുമ്പോൾ പാലത്തിന്റെ ഇടത് ഭാഗത്താണ് സ്ലാബുകൾക്കിടയിൽ തകർച്ചയുണ്ടായത്. ഇത് കാരണം പാലത്തിന് മുകളിൽ ഒരു ഭാഗത്ത് വാഹനങ്ങൾ വേഗത കുറച്ചാണ് കടന്ന് പോവുന്നത്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ 2018 നവമ്പറിലാണ് അറ്റകുറ്റപ്പണി നടത്തിയത്.

സ്ലാബുകൾക്കിടയിലെ ലിറ്റിങ്ങ് സ്ലേറ്റുകൾ വെൽഡ് ചെയ്ത് ബലപ്പെടുത്തുകയും പഴയ ടാറുകൾ പൂർണ്ണമായി നീക്കം ചെയ്ത് മെക്കാഡം ടാർ ചെയ്യുകയുമുണ്ടായി. മെക്കാഡം ചെയ്യാൻ ടാർ നീക്കം ചെയ്തപ്പോൾ കോൺക്രീറ്റ് ഉപരിതലത്തിന് മുകളിൽ ധാരാളം വിള്ളലുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് പാലത്തിനടിയിൽ വിദഗ്ദ സംഘം പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അധികൃതർ പറഞ്ഞിരുന്നുവെങ്കിലും പിന്നിട് നടപടികൾ ഒന്നുമുണ്ടായില്ല. ഇവിടെ പുതിയ പാലം പണിയാൻ സ്ഥല നിർണ്ണയം വരെ നടത്തിയിരുന്നെങ്കിലും പ്രസ്തുത തീരുമാനം ഇപ്പഴും എങ്ങുമെത്തിയില്ല .

രണ്ട് വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തി ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ പലയിടങ്ങളിലും മെക്കാഡം ടാറിങ്ങ് അടർന്ന് കുഴികൾ രൂപപ്പെട്ടിരുന്നു. ഇതെല്ലാം അടുത്ത ദിവസമാണ് അടച്ചത്. എന്നാൽ വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയുടെയും കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയുടെയും അതിർത്തി പങ്കിടുന്ന മാഹി പാലത്തിന്റെ അപകടാവസ്ഥ ദേശിയ പാതയിൽ ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാവും. അടിയന്തിര അററകുറ്റപണി നടത്താൻ വിദഗ്ദർ ഇന്ന് പാലം സന്ദർശിക്കും.

ENGLISH SUMMARY: Less than two years after the repairs, the Mahe Bridge is back on track

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.