ലോകത്തെ പിടിച്ചുകുലുക്കി മുന്നേറുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ആഴ്ചകൾ കൊണ്ട് തളച്ച് ലോകത്തിന്റെ കയ്യടി നേടിയ രാജ്യമാണ് സിംഗപ്പൂർ. ലോക രാജ്യങ്ങൾ കൊറോണ വൈറസിനെ തളയ്ക്കാൻ പാടുപെടുമ്പോഴായിരുന്നു സിംഗപ്പൂർ വളരെ ലളിതമായി പ്രതിരോധം തീർത്തത്. കർശനമായ ലോക് ഡൗൺ നടപടിയായിരുന്നു സിംഗപ്പൂർ സ്വീകരിച്ച വഴി. എന്നാൽ, സിംഗപ്പൂരിലെ കാര്യങ്ങൾ തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. രാജ്യത്തിന് കോവിഡിന്റെ രണ്ടാം തരംഗത്തിൽ പിടിച്ചു നിൽക്കാനായില്ല. കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ ‘സിംഗപ്പൂർ മോഡലിന്’ പിടിച്ചു നില്ക്കാൻ സാധിച്ചില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. ആഗോള തലത്തിൽ സിംഗപ്പൂരിലെ രോഗികളുടെ എണ്ണവും മരണവും ചെറിയ സംഖ്യയാണെങ്കിലും ആദ്യ ഘട്ടത്തിൽ കോവിഡിനെ പിടിച്ചു കെട്ടിയിട്ട് രണ്ടാം ഘട്ടത്തിൽ ഇത്രത്തോളം രോഗ വ്യാപനം നടന്നത് സിംഗപ്പൂരിന് സംഭവിച്ച പിഴവ് കൊണ്ടാണ്. ലോക് ഡൗൺ ഉൾപ്പടെയുള്ള കർശന നിയന്ത്രങ്ങളിലൂടെ കോവിഡിനെ പിടിച്ചു കെട്ടിയ കേരളമടക്കം ഇന്ത്യയിലെ പലയിടത്തും ഇളവുകളിലേക്കു പോകുമ്പോൾ ജാഗ്രതയോടെ ഓർക്കേണ്ടതാണ് സിംഗപ്പൂരിന്റെ വീഴ്ചകൾ.
എവിടെയാണ് സിംഗപ്പൂരിന് പിഴവ് സംഭവിച്ചത്. രോഗ വ്യാപനത്തിന്റെ തുടക്കത്തിൽ വളരെ മികച്ച രീതിയിലാണ് കൊറോണയെ നേരിട്ടത്. ചൈനയിൽ നിന്ന് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത തുടങ്ങിയപ്പോഴേ രാജ്യം മുൻകരുതലുകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. രാജ്യത്ത് വിമാനമാർഗം വന്നവരെ കണ്ടെത്തുകയും രോഗലക്ഷണമുള്ളവർക്ക് ക്വാറന്റീൻ നിർദേശിച്ചിരുന്നു. അതോടൊപ്പം തന്നെ രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പുണ്ടാക്കി ഇടപഴകിയവരെ കണ്ടെത്തി. ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് രോഗം പടരാതിരിക്കാനായി സുരക്ഷിതമായ രീതിയിൽ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി.
ഇനി, എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് നോക്കുകയാണെങ്കിൽ വിദേശ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതാണ് സിംഗപ്പൂരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. രോഗ വ്യാപനത്തിന്റെ വേഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയും പ്രശ്നമായി.
ENGLISH SUMMARY: lesson to India in Singapore model
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.