Janayugom Online
Hitler

ചരിത്രം നല്‍കുന്ന പാഠങ്ങള്‍

Web Desk
Posted on October 08, 2018, 10:25 pm

ര്‍ത്തമാനകാല ഇന്ത്യയിലെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലെ സംഭവവികാസങ്ങള്‍ സമാനമായ ചരിത്ര പശ്ചാത്തലങ്ങളില്‍ മറ്റു ലോക രാഷ്ട്രങ്ങളില്‍ എന്താണ് സംഭവിച്ചത് എന്ന് വസ്തുനിഷ്ഠമായി പരിശോധിക്കാതെ മനസിലാക്കാന്‍ സാധ്യമല്ല. പൊതുവെ ഒരു രാഷ്ട്രത്തിലെ ഭരണകൂടം ദുര്‍ബലമാവുകയും സാമ്പത്തികരംഗം അഴിമതിയും, അസമത്വവും കാരണം കുത്തഴിഞ്ഞ അവസ്ഥയിലെത്തുകയും ചെയ്യുമ്പോഴാണ് ഫാസിസ്റ്റുകള്‍ക്ക് അവരുടെ ഇരുണ്ട ഇടനാഴികളില്‍ നിന്ന് പകല്‍വെളിച്ചത്തിലേക്ക് കടന്നുവരാന്‍ അവസരമൊരുങ്ങുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലെ അപമാനകരമായ തോല്‍വിക്കുശേഷം ജര്‍മനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ നാസി പാര്‍ട്ടിയുമായി രംഗപ്രവേശം നടത്തുന്നത്. ഈ കാലഘട്ടത്തില്‍ സ്വാഭാവികമായും ജര്‍മനിയിലെ തൊഴിലാളിവര്‍ഗത്തെയും സാധാരണക്കാരെയും കൂടാതെ സ്ത്രീകളെയും യോജിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിലെ റോസലക്‌സംബര്‍ഗ് അടക്കമുള്ള ധാരാളം ജൂതരായ നേതാക്കളും ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് കളമൊരുക്കുകയായിരുന്നു. നാസികള്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ചുകൊണ്ട് ജര്‍മനിയുടെ എല്ലാ ദുരന്തങ്ങള്‍ക്കും കാരണം ജര്‍മന്‍ ജൂതന്മാരാണെന്ന് പ്രചരിപ്പിച്ചപ്പോള്‍ വര്‍ഗസമത്വത്തിലധിഷ്ഠിതമായ ഒരു സേഷ്യലിസ്റ്റ് ജര്‍മനിക്കായി നിലകൊണ്ട കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഹിറ്റ്‌ലറുടെ ഏറ്റവും കടുത്ത എതിരാളികളായി മാറി.

അതേസമയം തന്നെ ജര്‍മനി നിലംപരിശായ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധി, അതുമൂലം ഉടലെടുത്ത കടുത്ത തൊഴിലില്ലായ്മയും ദാരിദ്ര്യവും തൊഴില്‍ സമരങ്ങള്‍, ഈ പൊതുവായ അരക്ഷിതാവസ്ഥയും, നിയമരാഹിത്യവും മുതലെടുത്തുകൊണ്ട് മൂലധനശക്തികള്‍ നടത്തിയ കൊടിയ ചൂഷണം ഇവയെല്ലാം ചേര്‍ന്ന് പൊതുസമൂഹത്തില്‍ രൂപപ്പെട്ട അസ്വസ്ഥതകളെ, മധ്യവര്‍ഗത്തിന്റെയും ഭൂവുടമകളുടെയും മൂലധന ശക്തികളുടെയും സഹായത്തോടെതങ്ങള്‍ക്കനുകൂലമായി മാറ്റുകയായിരുന്നു ഫാസിസ്റ്റുകള്‍. ഈ മൂലധന ശക്തികള്‍ റോസാലക്‌സംബര്‍ഗിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ‘സ്പാര്‍ട്ട സിസ്റ്റ്’ എന്ന ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്രാപിക്കുന്നത് തടയുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെയാണ് നാസികളെ പിന്താങ്ങിയത്. നാസികള്‍ക്കും ഫാസിസത്തിനും അന്ന് പിന്തുണ നല്‍കിയവരില്‍ പലരും അതിന്റെ പരിണിത ഫലമെന്തായിരിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരായിരുന്നു. 1923 ല്‍ ബവേറിയയില്‍ അധികാരം നേടാനുള്ള ഹിറ്റ്‌ലറുടെ പാളിപ്പോയ ശ്രമത്തിന് പിന്തുണനല്‍കിയ ജര്‍മന്‍ ജനറല്‍ ലൂഡന്‍ ഡ്രോഫ് 1933 ല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ജനറല്‍ ഹിന്‍ഡന്‍ബര്‍ഗ്, അഡോള്‍ഫ് ഹിറ്റ്‌ലറെ ജര്‍മന്‍ ചാന്‍സലറായി അവരോധിച്ചപ്പോള്‍ ഇങ്ങനെ കത്തയച്ചു. ”ഹിറ്റ്‌ലറെ ജര്‍മന്‍ റീഷിന്റെ ചാന്‍സലറായി അവരോധിച്ചതിലൂടെ പാവനമായ ഈ പിതൃരാജ്യത്തെ വാചകകസര്‍ത്തുകൊണ്ട് ജനവികാരമിളക്കി ക്ഷുദ്ര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരുവന്റെ കയ്യിലെത്തിച്ചിരിക്കുകയാണ്. ഈ ദുഷ്ടനായ മനുഷ്യന്‍ നമ്മുടെ ദേശത്തിന് അളവില്ലാത്ത ദുഃഖം വരുത്തിവെക്കും. ഭാവി തലമുറകള്‍ നിങ്ങളുടെ ശവക്കല്ലറയില്‍ പോലും ഈ നടപടിക്ക് നിങ്ങളെ ശപിച്ചുകൊണ്ടിരിക്കും.”

വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ അജന്‍ഡയൊന്നും മുന്നോട്ടുവയ്ക്കാനില്ലാതെ അധികാരത്തിലെത്തിയ ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും ജൂതര്‍ക്കെതിരെയുളള വംശീയ അധിക്ഷേപം വഴി ജര്‍മനിയുടെ സകല ദുരന്തങ്ങള്‍ക്കും ഉത്തരവാദികള്‍ ഈയൊരു വംശീയ ന്യൂനപക്ഷമാണെന്നും അവരെ ഉന്മൂലനം ചെയ്ത് ആര്യരക്തമൊഴുകുന്ന ശുദ്ധമായ ജര്‍മന്‍ വംശജരുടെ ഒരു തലമുറയ്ക്ക് മാത്രമേ നഷ്ടപ്രതാപം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ എന്ന ഒരൊറ്റ പ്രചരണ തന്ത്രം വഴി ജനാധിപത്യവും, പുരോഗമനശക്തികളുടെ വളര്‍ച്ചയും വ്യക്തിസ്വാതന്ത്ര്യവും പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസവും വോട്ടവകാശവും ജോലിചെയ്യാനുള്ള അവകാശം പോലും ഇല്ലാതാക്കി. പെണ്‍കുട്ടികള്‍ തത്വശാസ്ത്രവും സാഹിത്യവും പഠിക്കുന്നത് 1927 ജനുവരി 30 ലെ ഉത്തരവ് പ്രകാരം ഇറ്റലിയില്‍ മുസോളിനി നിരോധിക്കുകയും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇരട്ടി ഫീസ് നടപ്പിലാക്കുകയും പുതിയ നിയമനങ്ങളുടെ പരസ്യത്തില്‍ ‘സ്ത്രീകള്‍ ഒഴികെ’ എന്ന് നിഷ്‌കര്‍ഷിക്കണമെന്ന് 1933 ല്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ‘സ്ത്രീകള്‍ പുരുഷന്മാരുടെ റൊട്ടി അപഹരിക്കുന്നവര്‍’ ആണെന്നായിരുന്നു ഫാസിസ്റ്റ് ന്യായം. ഇന്ന് നമ്മള്‍ ഐഎസ്, താലിബാന്‍, അല്‍ഖ്വയ്ദ തുടങ്ങിയ മനോനില തെറ്റിയ പ്രാകൃത സംഘങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന സിറിയയിലും, ഇറാഖിലും മറ്റും സംഭവിക്കുന്നതുപോലെ സ്ത്രീകള്‍-പ്രസവിക്കുവാനും വംശവര്‍ധനയ്ക്കും മാത്രം ഉതകുന്ന യന്ത്രങ്ങളായി മാത്രം കാണുകയുംചെയ്യുന്ന സമ്പ്രദായം ആധുനികലോകത്ത് ഉദയം ചെയ്തത് ഫാസിസത്തിന്റെ ആവിര്‍ഭാവത്തോടെയാണ്. സ്ത്രീകളെ ‘വീരമാതാക്കള്‍’ മാത്രമായി കാണുകയും അവരെ പ്രജനനത്തിനായി സംരക്ഷിക്കുകയാണ് സമൂഹത്തിന്റെ ചുമതല എന്ന് പ്രഖ്യാപിക്കുകയും ചെയ്തത് മുസോളിനി ആണ്. ഇതിനായി മുന്‍പേ പറഞ്ഞ സ്ത്രീ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു.

അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഒരിക്കലും വെയ്മര്‍ ഭരണഘടന റദ്ദാക്കുകയോ ഭേദഗതിചെയ്യുകയോ, ദുര്‍ബലപ്പെടുത്തുകയോ ചെയ്തില്ല. ഫാസിസ്റ്റ് ഭരണത്തിന് നിയമസാധുത നല്‍കാന്‍ അതേ ഭരണഘടനയില്‍ ഒരു ‘എനാബ്ലിങ്’ കൂടി സന്നിവേശിപ്പിച്ചു. ആ ആക്ടിന്റെ മൂന്നാം വകുപ്പ് ഇപ്രകാരമാണ്. ‘റീഷ് സര്‍ക്കാര്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ ചാന്‍സലര്‍ തീരുമാനമെടുക്കുന്നവയും റീഷ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നവയും ആയിരിക്കും. ആ നിയമങ്ങള്‍ മറ്റൊരു ദിവസം ആ ആക്ടില്‍ തന്നെ പറയാതിരിക്കുന്നിടത്തോളം അവ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം നിലവില്‍ വരുന്നതാണ്. ഭരണഘടനയിലെ 68-ാം വകുപ്പ് (അനുഛേദം) മുതല്‍ 77-ാം വകുപ്പ് വരെ റീഷ് സര്‍ക്കാര്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ക്ക് ബാധകമായിരിക്കുന്നതല്ല.’ ഈ ആക്ടിലൂടെ ഫലത്തില്‍ വെയ്മര്‍ ഭരണഘടന നാസികള്‍ മരവിപ്പിച്ചു. ഇതുനല്‍കുന്ന പാഠം ഭരണഘടനയുടെ ചട്ടക്കൂട് കൊണ്ടുമാത്രം ഒരു ജനാധിപത്യ സമ്പ്രദായം ഫാസിസ്റ്റുകളുടെ കയ്യിലേക്ക് വഴുതിപ്പോവുന്നത് തടയാന്‍ സാധ്യമല്ലെന്നതാണ്.

അഡോള്‍ഫ് ഹിറ്റ്‌ലറോട് ആരാധന വച്ചുപുലര്‍ത്തുന്ന, നാസി സംഘടനാരീതികളെ അവലംബിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘം 1925 ലാണ് രൂപീകൃതമായത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി തന്നെ അഡോള്‍ഫ് ഹിറ്റ്‌ലറോടുള്ള അവരുടെ ആരാധന പ്രകടിപ്പിച്ചിരുന്നു. കേശവ് ബലിറാം ഹെഡ്‌ഗെവാറിനുശേഷം ആര്‍എസ്എസിന്റെ തലവനായ മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ ഹിറ്റ്‌ലറുടെ ‘വംശശുദ്ധീകരണം’ എന്ന ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിന്നും ഒരു സാമൂഹ്യ പ്രസ്ഥാനം എന്ന് സ്വയം വിളിച്ചിരുന്ന ആര്‍എസ്എസ് വിട്ടുനില്‍ക്കുകയും ചെയ്തു. അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയ പ്രസ്ഥാനത്തെ അപലപിക്കുകയും ‘മതത്തെയും സംസ്‌കാരത്തെയും’ സംരക്ഷിച്ചു കൊണ്ടാണ് യഥാര്‍ഥ സ്വാതന്ത്ര്യം നേടേണ്ടത് എന്ന നിലപാടാണ് സ്വീകരിച്ചുപോന്നത്. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യന്‍ ഭരണഘടനയോടും അതിന്റെ പ്രധാന ശില്‍പിയായ ഡോ. അംബേദ്കറിനോടുമുള്ള എതിര്‍പ്പ് അവര്‍ തുടരുകയും ചെയ്തു. ‘ഒരുപറ്റം ചിന്തകള്‍’ എന്ന പുസ്തകത്തില്‍ എം എസ് ഗോള്‍വാള്‍ക്കര്‍ ഇപ്രകാരം എഴുതി: ”നമ്മുടെ ഭരണഘടന വിവിധ പാശ്ചാത്യ രാജ്യങ്ങളിലെ ഭരണഘടനകളില്‍ നിന്നും പല പല അനുഛേദങ്ങള്‍ കൂട്ടിചേര്‍ത്ത് നിര്‍മിച്ചതാണ്. സ്വന്തമായെന്നു പറയാന്‍ അതില്‍ ഒന്നും തന്നെയില്ല.”

ജനാധിപത്യം, ഭരണകൂടങ്ങളുടെ വളര്‍ന്നുവരുന്ന ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിതാന്ത ജാഗ്രതപുലര്‍ത്തല്‍ കൂടിയാണ്. ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുതന്നെ എങ്ങനെ അതിനെ നിര്‍വീര്യമാക്കാമെന്ന് വെയ്മര്‍ ഭരണഘടനയിലെ ഒരു വകുപ്പുപോലും ഭേദഗതി വരുത്താതെ കിരാത ഭരണമഴിച്ചുവിട്ടുകൊണ്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍ തെളിയിച്ചിട്ടുണ്ട്. നിലവിലുളള പീനല്‍ കോഡനുസരിച്ച് തന്നെയാണ് പ്രബുദ്ധരായ വിദ്യാര്‍ഥികള്‍ക്കും വിവിധ ദേശീയ കക്ഷി നേതാക്കള്‍ക്കുമെതിരെ ഇപ്പോള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിലെ ജനാധിപത്യവാദികള്‍ ഒന്നിച്ച് അണിനിരക്കേണ്ട സമയമാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിക്കേണ്ട അവസരമാണ്. കാരണം പിന്നീട് ചിലപ്പോള്‍ കൂടുതല്‍ ഓര്‍മപ്പെടുത്തലുകള്‍ക്ക് സമയം ലഭിക്കാനിടയില്ലാതെയും വരാം.