November 27, 2022 Sunday

കോഴിക്കോട് നിന്ന് പഠിച്ച പാഠങ്ങൾ

മുരളി തുമ്മാരുകുടി
August 25, 2020 3:00 am

ണ്ടു പതിറ്റാണ്ട് ദുരന്തനിവാരണ രംഗത്ത് പ്രവർത്തിച്ചതിനുശേഷം ഞാൻ ദുരന്ത ലഘൂകരണ രംഗത്തേക്ക് വന്നത് 2009 ലാണ്. ദുരന്ത ലഘൂകരണം എന്ന വാക്ക് അന്ന് കേരളത്തിൽ അത്ര പ്രചാരത്തിലില്ല, ദുരന്തം തന്നെ മറ്റുള്ളവർക്ക് സംഭവിക്കുന്ന എന്തോ ഒന്നാണെന്ന ചിന്തയിൽ നമ്മൾ ജീവിക്കുന്ന കാലമാണ്.

ലോകത്തെവിടെയും സംഭവിക്കുന്ന ദുരന്തങ്ങളിൽനിന്നും നമ്മൾ പാഠങ്ങൾ പഠിക്കുമ്പോഴാണ് സുസ്ഥിരമായ ദുരന്ത ലഘൂകരണം സാധ്യമാകൂ എന്ന് കേരളത്തോട് പറയാനായതും ആ കാലത്താണ്. ന്യൂയോർക്കിൽ ഹഡ്സൺ നദിയിൽ ഒരു വിമാനം ലാൻഡ് ചെയ്യേണ്ട സാഹചര്യമുണ്ടായി. മിനിറ്റുകൾക്കകം ചുറ്റുമുണ്ടായിരുന്ന ബോട്ടുകൾ അവിടെ എത്തി ആളുകളെ രക്ഷിച്ചു തുടങ്ങി. വിമാനത്തിലുണ്ടായിരുന്ന 155 പേരും ജീവനോടെ രക്ഷപെട്ടു. ഈ സംഭവം ആണ് എനിക്കോർമ്മ വന്നത്. അത് അന്നൊരു ചാനൽ മുഖാമുഖത്തിൽ വിവരിക്കുകയും ചെയ്തു. കൂട്ടത്തിൽ അന്നൊരു കാര്യം കൂടി പറഞ്ഞു, കൊച്ചി വിമാനത്താവളത്തിൽനിന്നും പറന്നുയരുന്ന ഒരു വിമാനത്തിന് ഇത്തരത്തിൽ ഒരപകടമുണ്ടായി എന്ന് കരുതുക. വിമാനം പെരിയാറിൽ ലാൻഡ് ചെയ്താൽ ആരാണ് യാത്രക്കാരെ രക്ഷപ്പെടുത്തുന്നത്? അതിനായി എന്തെങ്കിലും സംവിധാനം നമുക്കുണ്ടോ? മിക്കവാറും കാലടിപ്പുഴയിൽ മണൽ വാരുന്ന തൊഴിലാളികളായിരിക്കും ആദ്യം രക്ഷാപ്രവർത്തനത്തിനെത്തുക. അവർക്ക് അതിനായി എന്ത് പരിശീലനമാണ് ലഭിച്ചിട്ടുള്ളത്? ഭാഗ്യവശാൽ ഇതുവരെ പെരിയാറിൽ വിമാനം ലാൻഡ് ചെയ്തിട്ടില്ല, എന്നാൽ അതിനുള്ള സാധ്യത എന്നുമുണ്ട്, ഇന്നും. അങ്ങനെ സംഭവിച്ചാൽ എന്ത് രക്ഷാ സംവിധാനമാണ് നമുക്കിപ്പോൾ ഉള്ളത്?

മിക്ക വിമാനാപകടങ്ങളുമുണ്ടാകുന്നത് ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴുമാണ്. അഞ്ച് വിമാനത്താവളങ്ങളുള്ള കേരളത്തിൽ അതുകൊണ്ടുതന്നെ ഒരു വിമാനാപകടം ഉണ്ടായേക്കാമെന്ന് മുൻകൂട്ടി കാണാൻ ഒരു ബുദ്ധിമുട്ടുമില്ല. വിമാനാപകടമുണ്ടായാൽ എന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി നമുക്കൊരു ചിന്തയുണ്ട്. ഫയർ എൻജിനും യൂണിഫോമിട്ട രക്ഷാപ്രവർത്തകരും ആംബുലൻസും വരുന്നു, തീ പിടിക്കാതെ വിമാനത്തിന് മുകളിലാകെ ഫോം അടിക്കുന്നു. പരിക്കേറ്റവരെ അതിവേഗത്തിൽ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്നു, അപകടമുണ്ടായ സ്ഥലം വേലികെട്ടി സുരക്ഷിതമാക്കി അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തയ്യാറാക്കുന്നു, അതാണ് ജനറൽ തിയറി.

പ്രായോഗികമായി നമ്മൾ കോഴിക്കാട്ട് കണ്ടത് പക്ഷെ മറ്റൊന്നാണ്. പറഞ്ഞപോലെ ജ്യോതി ഒന്നും വന്നില്ല. നാട്ടുകാർ ഓടിയെത്തി. ഒരു ബസപകടം നടന്നതുപോലെ അവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സ്വന്തം വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് രാവിലെ അപകട സ്ഥലത്ത് പോയിനിന്ന് ആളുകൾ ഫോട്ടോ എടുത്തു. ഓരോ വിമാനാപകടത്തിന് ശേഷവും വിശദമായ അന്വേഷണങ്ങൾ നടത്തണം എന്നത് ആഗോള നിബന്ധനയാണ്. അങ്ങനെയാണ് അപകടത്തിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടുപിടിക്കുന്നത്. അവ വിമാനക്കമ്പനികളും പൈലറ്റുമാരും ടെക്നീഷ്യന്മാരും വിമാനത്താവളത്തിലെ ആളുകളും ചർച്ച ചെയ്യും. ഇതൊക്കെ കോഴിക്കോടും ഇപ്പോൾ നടക്കുന്നുണ്ടാകും. അതുകൊണ്ട് ഞാൻ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. റിപ്പോർട്ട് വരുമല്ലോ.

എന്നാൽ അപകടസ്ഥലത്തുണ്ടായ രക്ഷാപ്രവർത്തനത്തെക്കുറിച്ച് ചില കാര്യങ്ങൾ പറയാം. ഏതൊരു അപകടസ്ഥലത്തും രക്ഷാപ്രവർത്തനം നടത്തുക എന്നത് വളരെ പ്രൊഫഷണലായി ചെയ്യേണ്ട ഒന്നാണ്. അറിവില്ലാത്ത ആളുകൾ രക്ഷാപ്രവർത്തനം നടത്തുന്നത് അവർക്കും രക്ഷിക്കപ്പെടുന്നവർക്കും കൂടുതൽ അപകടമുണ്ടാക്കുന്ന ഒന്നാണ്. ‘വിമാനത്തിനുള്ളിൽ ആദ്യം കണ്ടത്, രക്ഷിക്കണേ… എന്ന് നിലവിളിക്കുന്ന ഒരു പുരുഷനെയാണ്. ആർത്തനാദത്തോടെ നിലവിളിച്ച സീറ്റിനടിയിൽ കുടുങ്ങിയ അയാളെ രക്ഷിക്കണമെന്ന് മാത്രമേ മനസിലുണ്ടായിരുന്നുള്ളു. കൈയിൽ പിടിച്ച് മുകളിലേക്ക് വലിച്ചതോടെ കൈകൾ അടർന്ന് എന്റെ കയ്യിലായി’- ഒരു രക്ഷാപ്രവർത്തകന്റെ വാക്കുകൾ പത്രത്തിൽ വന്നതാണ്. ഞാൻ ഒന്ന് നടുങ്ങി. അതെന്റെ കൈയായിരുന്നെങ്കിലോ?

1996 ൽ ഡൽഹിയിലെ ആകാശത്ത് രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചു. വിമാനങ്ങൾ തകർന്നുവീണത് ഛർക്കി ദാദ്രി എന്ന ഹരിയാന ഗ്രാമത്തിലാണ്. രക്ഷാപ്രവർത്തകർ എത്താൻ ഒരുപാട് സമയമെടുത്തു. അപ്പോഴേക്കും നാട്ടുകാർ ജീവനുള്ളവരെയെല്ലാം അവിടെ ലഭ്യമായ ട്രാക്ടറിലും മറ്റു വണ്ടികളിലുമായി ടാറിടാത്ത റോഡിലൂടെ ഓടിച്ച് ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെടാതെ ഭൂമിയിൽ വീണിട്ടും അവരിൽ ആരും രക്ഷപ്പെട്ടില്ല. അക്കാലത്തെ പ്രധാന വാർത്തയായിരുന്നു അത്. എന്ത് പാഠമാണ് നാം ഹരിയാനയിൽ നിന്ന് പഠിച്ചത്? ഒന്നും പഠിച്ചില്ല.

ഇനി എന്ത് പാഠമാണ് നാം കോഴിക്കോട്ട് നിന്നും പഠിക്കേണ്ടത്? കേരളത്തിലെ ആകാശത്ത് ഇനിയും വിമാനാപകടങ്ങൾ ഉണ്ടാകും. ടേക്ക് ഓഫ് സമയത്തും ലാൻഡിങ് സമയത്തുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യത എന്നതിനാൽ വിമാനത്താവളത്തിനകത്തും അടുത്തുമാണ് രക്ഷാപ്രവർത്തനത്തിന് കൂടുതൽ ആവശ്യമുണ്ടാകാനുള്ള സാധ്യത. ഇനിയും ഇത്തരത്തിലുള്ള ഒരപകടമുണ്ടായാൽ ആരാണ് എങ്ങനെയാണ് രക്ഷാപ്രവർത്തനം നടത്തേണ്ടത്?

ഔദ്യോഗിക സംവിധാനങ്ങൾ കോഴിക്കോട്ടേക്കാൾ നന്നായി കണ്ണൂരും എറണാകുളത്തും പ്രവർത്തിക്കുമെന്ന് എന്തുറപ്പാണ് നമുക്കുള്ളത്?എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളാണ് കോഴിക്കോട്ട് ഉണ്ടായിരുന്നത്? ഇനിയുള്ള കാലത്തും ഇതൊക്കെത്തന്നെ മതിയോ? നല്ലവരായ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തേണ്ടതെന്നും അല്ലെങ്കിൽ നടത്താൻ സാധ്യതയെന്നുമാണ് നമ്മുടെ ഔദ്യോഗിക പദ്ധതിയെങ്കിൽ അവരെ രക്ഷാപ്രവർത്തത്തിന്റെ അടിസ്ഥാനതത്വങ്ങൾ പഠിപ്പിക്കേണ്ടതല്ലേ? പൊതുവെ നമ്മുടെ നാട്ടുകാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? വിമാനാപകടങ്ങൾ വർഷത്തിലൊരിക്കലോ പലപ്പോഴും പതിറ്റാണ്ടുകളിൽ ഒരിക്കലോ സംഭവിക്കുന്നതാണ്. എന്നാൽ ഒരു ദിവസം കേരളത്തിൽ നൂറോളം റോഡപകടങ്ങൾ ഉണ്ടാകുന്നുണ്ട്, നാലായിരം ആളുകൾ റോഡപകടത്തിൽ മരിക്കുന്നുണ്ട്. നാല്പതിനായിരത്തോളം പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ പലരും മരിക്കുന്നതും സാധാരണഗതിയിൽ പരിക്കേറ്റവർ പലരും ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും നമ്മുടെ രക്ഷാപ്രവർത്തനത്തിന്റെ അപാകത കൊണ്ടാണ്. അതിൽ വലിയൊരു ശതമാനവും രക്ഷാപ്രവർത്തനത്തെപ്പറ്റി അറിവില്ലാത്ത ആളുകൾ അതിന് ഇറങ്ങുന്നത് കൊണ്ടാണ്. ഇത് മാറിയേ തീരൂ.

അതുകൊണ്ട് കോഴിക്കോട് നിന്നും നമുക്ക് നാലു പാഠങ്ങൾ പഠിക്കാം.ഒന്ന്- നമ്മുടെ ഓരോ വിമാനത്താവളത്തിനകത്തും ചുറ്റും ടേക്ക് ഓഫ് സമയത്തോ ലാൻഡിങ് സമയത്തോ ഉണ്ടാകാനിടയുള്ള അപകടങ്ങളെ നേരിടാൻ എന്ത് സംവിധാനമാണ് ഉള്ളതെന്ന് പുറമെ നിന്നുള്ള വിദഗ്ധർ അവലോകനം നടത്തട്ടെ. പ്ലാനുകൾ ഉണ്ടോ, അവ വിമാനങ്ങളുടെ എണ്ണത്തിലുള്ള ബാഹുല്യത്തിനും കൂടി ആനുപാതികമായ നിലയിൽ ലോകത്ത് ഈ രംഗത്തുണ്ടായ പുതിയ അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ പുതുക്കി എഴുതിയിട്ടുണ്ടോ? ഈ പ്ലാനുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അറിയുമോ? അവർക്ക് വേണ്ടത്ര പരീശീലനമുണ്ടോ? രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉണ്ടോ? ഈ പ്ലാനുകൾ വർഷത്തിൽ രണ്ടു തവണയെങ്കിലും മോക്ക് ഡ്രിൽ നടത്തുന്നുണ്ടോ? വർഷത്തിൽ ഒരിക്കലെങ്കിലും നമ്മുടെ മാധ്യമങ്ങളെ ഇത്തരം ഡ്രില്ലുകൾക്ക് ക്ഷണിക്കണം, അതിനെപ്പറ്റി മാധ്യമ പ്രവർത്തകരും പൊതുജനങ്ങളും അറിയണം.

രണ്ട്- ഔദ്യോഗികമായി ഉത്തരവാദിത്തമുള്ള ഒന്നാം നിര രക്ഷാപ്രവർത്തകരെക്കൊണ്ട് മാത്രം കാര്യങ്ങൾ നടക്കില്ല എന്ന് കോഴിക്കോടെ സംഭവങ്ങൾ തെളിയിച്ച നിലയ്ക്ക് വിമാനത്താവളത്തിൽ സ്ഥിരമായി കാണാൻ സാധ്യതയുള്ള മറ്റു ജോലിക്കാർ, ഓട്ടോ ടാക്സി ഡ്രൈവർമാർ എന്നിവരിൽ ഈ വിഷയത്തിൽ താല്പര്യമുള്ളവരെ ഉൾപ്പെടുത്തി ഒരു രണ്ടാം നിര സന്നദ്ധ രക്ഷാസേന ഉണ്ടാക്കണം. അവർക്ക് അവരുടെയും അപകടത്തിൽ പെട്ടവരുടെയും സുരക്ഷ മനസ്സിലാക്കി എങ്ങനെയാണ് രക്ഷാപ്രവർത്തനം നടത്തേണ്ടത് എന്ന് പരിശീലനം നൽകണം. ചുരുങ്ങിയത് ഒരു ഫ്ലൂറസെന്റ് വെസ്റ്റും ഹെഡ്‌ലൈറ്റും ഉൾപ്പെടെയുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ നൽകണം. എങ്ങനെയാണ് ഔദ്യോഗിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് എന്നും അവയുമായി കൈകോർത്ത് അതിനു താഴെ എങ്ങനെയാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് എന്നും മനസ്സിലാക്കി കൊടുക്കണം.

മൂന്ന്-കേരളത്തിലെ വിമാനത്താവളത്തിന് രണ്ടു കിലോമീറ്റർ ചുറ്റളവിലും ഫ്ളൈറ്റിന്റെ ടേക്ക് ഓഫ് — ലാൻഡിങ് കോറിഡോറിനു താഴെയും ഉളള താമസക്കാരിൽ സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുളളവർക്കായി ഈ വിഷയത്തിൽ അടിസ്ഥാന പരിശീലനം നൽകണം. കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തിന്റെ ഭാഗമായി ഇപ്പോൾത്തന്നെ ഒരു സന്നദ്ധ സേന സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെടുത്തുന്നതാണ് ശരിയായ രീതി. ഇവരായിരിക്കണം മൂന്നാമത്തെ നിര. ഇവർക്കും എന്താണ് വിമാനത്താവളത്തിന്റെ ഔദ്യോഗികമായ പ്ലാൻ, അതുമായി എങ്ങനെ ബന്ധപ്പെടാം എന്നുള്ള അറിവ് ഉണ്ടായിരിക്കണം.

നാല്-ഇതൊന്നും കൂടാതെ കേരളത്തിലുള്ള ഏതൊരാൾക്കും അപകടത്തിൽപ്പെട്ട് കിടക്കുന്ന ഒരാളെ അയാളുടെ പരിക്കുകൾ കൂടുതൽ വഷളാകാതെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന അടിസ്ഥാന ബോധമുണ്ടാകണം. ഏറ്റവും വേഗത്തിൽ ആശുപത്രിയിലെത്തിക്കുക എന്നതിനേക്കാൾ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുക എന്നതാകണം ശ്രദ്ധിക്കേണ്ടത്. ആത്മാർത്ഥത കൊണ്ട് ഉടനടി എന്തെങ്കിലും ചെയ്യാതെ അറിവുള്ളവർക്ക് കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യാനായി സാഹചര്യമൊരുക്കി മാറിനിൽക്കുന്നതാകും ചില സമയത്ത് ഏറ്റവും നല്ല രക്ഷാ പ്രവർത്തനം. അത്രയും അറിവെങ്കിലും എല്ലാവർക്കും അവശ്യം വേണം. ഇത് വിമാനാപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ മാത്രമല്ല തെങ്ങിന് മുകളിൽ നിന്നും താഴെ വീഴുന്നവരുടെ കാര്യത്തിലും ശരിയാണ്.

ഒരു വിമാനാപകടമുണ്ടാകുമ്പോൾ ഏറ്റവും വലിയ റിസ്ക്ക് വിമാനത്തിന് തീ പിടിക്കുമോ എന്നതാണ്. അത്തരത്തിൽ ഒന്ന് കോഴിക്കോട്ട് സംഭവിച്ചിരുന്നെങ്കിൽ വിമാനത്തിലുള്ളവരും രക്ഷാപ്രവർത്തനത്തിന് എത്തിയവരും മരിച്ചുപോയേനെ. ഇന്ന് ലോകം അറിയുന്ന നല്ല മനുഷ്യരുടെ കഥ അറിവില്ലാതെ വിമാന രക്ഷാദൗത്യത്തിന് പോയവരുടെ കഥയില്ലായ്മയായി മാറിയേനെ.

ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ, സ്വന്തം ജീവൻ പോലും വകവെക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ പോയവരുടെ ആത്മാർത്ഥതയെ ഞാൻ ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല. എന്നാൽ വിമാനത്താവളം പോലെ അന്താരാഷ്ട്ര സ്റ്റാൻഡേർഡുകളുള്ള ഒരു സംവിധാനം നടത്തുമ്പോൾ അവിടുത്തെ രക്ഷാപ്രവർത്തനങ്ങൾ കുറ്റമറ്റതാകണം. ഔദ്യോഗിക സംവിധാനങ്ങൾക്ക് എപ്പോഴും ആദ്യം ഓടിയെത്താൻ കഴിവുണ്ടാകില്ല എന്ന തിരിച്ചറിവുണ്ടാകണം, അപ്പോൾ ആർക്കാണ് ആ വിഷയത്തിൽ ഇടപെടാൻ കഴിയുന്നത് അവർക്ക് സുരക്ഷിതമായി — അപകടത്തിൽ പെട്ടവരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് രക്ഷാപ്രവർത്തനം നടത്താനുള്ള അറിവും പരിശീലനവും ഉണ്ടാകണം. ഇതാണ് കോഴിക്കോട്ടുനിന്ന് ഞാൻ പഠിക്കുന്ന പാഠം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.