September 30, 2022 Friday

Related news

September 22, 2022
September 21, 2022
September 20, 2022
September 8, 2022
September 3, 2022
September 3, 2022
September 1, 2022
August 26, 2022
August 25, 2022
August 23, 2022

കൊഴിയാതിരിക്കട്ടെ ബാല്യങ്ങൾ

Janayugom Webdesk
June 12, 2022 7:28 am

കഴിഞ്ഞ ഇരുപത് വർഷങ്ങളായി മനുഷ്യജീവിതത്തിലെ ഏറ്റവും സുപ്രധാനകാലഘട്ടത്തെ ജീർണാവസ്ഥയിൽ നിന്ന് കരകയറ്റാനുള്ള ശ്രമത്തിലാണ് ലോകജനത. ബാല്യം എന്ന ആ നിർണായക ഘട്ടത്തിന്റെ നിലനില്പ്, സമൂഹത്തിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന വസ്തുത ഇന്നും ആവർത്തിച്ചുകേട്ടുകൊണ്ടിരിക്കുന്നു. ബാലവേലയും ബാല ചൂഷണവുമെല്ലാം ഒരു തമാശമാത്രമായി കാണുന്നുവെങ്കിൽ അതിനർത്ഥം മാനവരാശിയുടെ സർവനാശത്തിന്റെ ആരംഭം എന്നുതന്നെയാണ്. സുന്ദരമായ ബാല്യകാലം അനുഭവിക്കാൻ കഴിയാതെ, ഒരു നേരത്തെ അന്നത്തിനോ വീടുകളിൽ നിന്ന് പുറത്താക്കപ്പെടാതിരിക്കാനോ വേണ്ടി ഭാരംചുമക്കുന്ന കാഴ്ചകൾക്ക് ഒരുപാട് വർഷം പഴക്കമില്ല. ആഗോള സമൂഹത്തെ നിയന്ത്രിക്കുന്ന ഐക്യരാഷ്ട്ര സംഘടനയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ചേർന്ന് 2002ലാണ് ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഈ ദിനം ആചരിക്കുന്നതിനിടയിൽ പകർത്തപ്പെട്ട ചിത്രങ്ങളിലൂടെ തന്നെ പോയാൽ യഥാര്‍ത്ഥ വസ്തുത മനസിലാക്കാൻ സാധിക്കും. അഞ്ചിനും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സാധാരണ ബാല്യം ഉറപ്പു നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനുള്ള ദിവസമാണ് ലോക ബാലവേല വിരുദ്ധ ദിനം. ഉചിതമായ വിദ്യാഭ്യാസം, ആവശ്യമായ മെഡിക്കൽ സേവനങ്ങൾ, ഒഴിവു സമയം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നിര്‍ദേശിച്ചിട്ടുണ്ട്. ബാലവേല സംഭവങ്ങൾ കേരളത്തിൽ കുറവാണെങ്കിലും ഇതര സംസ്ഥാനക്കാരായ കുട്ടികളെ അവിടങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികൾക്കൊപ്പമോ ഏജന്റുമാർ മുഖേനയോ ജോലിക്കായി കൊണ്ടുവരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. എറണാകുളം ജില്ലയിലെ ഫാക്ടറികളിലും റസ്റ്റോറന്റുകളിലും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത നിരവധി പേർ ജോലി ചെയ്യുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് പരിശോധനാ വിഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ സംസ്ഥാനത്തെത്തിച്ചും ജോലി ചെയ്യിപ്പിക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം; കടന്നു പോയ വനിതാദിനം


എത്രയെല്ലാം ചെയ്തിട്ടും ഇന്നും സമൂഹത്തിൽ നിന്ന് ബാലവേല എന്ന ദുരാചാരം നിശേഷം ഇല്ലാതാക്കാൻ കഴിയുന്നില്ല. ഇത്തരം പ്രവണത കുറയ്ക്കാന്‍ സംസ്ഥാന സർക്കാർ ഗൗരവമായ ഇടപെടലുകള്‍ ഊർജ്ജിതപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. പൊലീസിനൊപ്പം തൊഴിൽ വകുപ്പും ഇക്കാര്യത്തിൽ പരിശോധന നടത്തുന്നുണ്ട്. ബാലവേലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2,500 രൂപ വീതം പാരിതോഷികം നൽകുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് (ഡബ്ല്യുസിഡി) ഫണ്ട് അനുവദിച്ചതും 2022–23 വർഷത്തേക്ക് 2.02 ലക്ഷം രൂപ നീക്കിവച്ച് മേയ് 18ന് ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതുമെല്ലാം കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധ എത്രത്തോളമാണെന്ന് തെളിയിക്കുന്നു. സമൂഹത്തിന്റെ ഇടപെടൽ ബാലവേല നിർമ്മാർജ്ജനത്തിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടുതന്നെയാണ് സർക്കാർ ഇത്തരമൊരു ശ്രമം തുടരുന്നത്. ബാല്യങ്ങളെ ചൂഷണം ചെയ്യുന്ന നടപടിയിൽ ജനങ്ങൾ മൗനം പാലിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈവിധത്തിലും പദ്ധതികളിടുന്നത്. ഈ കരുതലിന്റെകൂടി ഫലമായി സംസ്ഥാനത്ത് ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) കണക്കുകൾ അനുസരിച്ച് ലോകത്താകമാനം 152 ദശലക്ഷം കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ട്. അവരിൽ 72 ദശലക്ഷം കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ലോകത്തെ ആറ് കുട്ടികളിലൊരാള്‍ തൊഴിലാളിയാണെന്നാണ് അമ്പരപ്പിക്കുന്ന വിവരം. ഇന്ത്യയിൽ മാത്രം എട്ട് കോടിയിലേറെ കുട്ടിത്തൊഴിലാളികൾ ഉണ്ടെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. ബാല്യം വിടും മുമ്പെ മുതിർന്നവരെപ്പോലെ പണിയെടുത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. ബാല വേശ്യകളായി കഴിയുന്ന പെൺകുട്ടികൾ വേറെയുമുണ്ട്. ജീവിതം എന്തെന്ന് അറിയും മുമ്പ് സ്വന്തം ശരീരം വില്പനച്ചരക്കാക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഇന്ത്യയില്‍ ഉണ്ടെന്നതും വേദനിപ്പിക്കുന്നതാണ്. ബാല്യങ്ങളെ തിരിച്ചുപിടിക്കാനും നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനും സർക്കാരിനൊപ്പം ഒരോ പൗരനും അവകാശവും കടമയുമുണ്ടെന്ന് മനസിലാക്കി പ്രവർത്തിക്കാൻ നമുക്കാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.