August 11, 2022 Thursday

നമുക്കൊന്നിക്കാം കൊറോണ പ്രതിസന്ധിയെ നേരിടാൻ

പിണറായി വിജയൻ
മുഖ്യമന്ത്രി
March 13, 2020 5:20 am

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രചരണങ്ങളും സമൂഹത്തില്‍ നടക്കുന്ന ഒരു ഘട്ടമാണിത്. അടിസ്ഥാനരഹിതമായതു മുതല്‍ ആശങ്കാജനകമായതു വരെ പ്രചാരണങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളില്‍ അതിരുകടന്ന ആശങ്ക പടരുന്നുവോ എന്ന് സംശയിക്കേണ്ട സാഹചര്യവുമുണ്ട്. യഥാര്‍ത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയാണ് ഈ പ്രസ്താവന. ഒപ്പം തന്നെ പ്രാമുഖ്യത്തോടെ അറിയിക്കേണ്ട ഒരു കാര്യം അതിരുവിട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നതും ആ സ്ഥാനത്ത് വേണ്ടത് കാര്യമായ ജാഗ്രതയാണ് എന്നതുമാണ്.

പുതിയ ഈ വൈറസ് ബാധമൂലം ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കാന്‍ കര്‍ശനമായ ജാഗ്രത പാലിച്ചുവരികയാണ് നാം. ഈ രോഗം ആഗോളതലത്തില്‍ ഭീഷണിയായി മാറുന്നതു സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊണ്ടു. ജനുവരി 18 നും 22 നും ഇടയ്ക്കുതന്നെ ലോകാരോഗ്യ സംഘടനയുടെ അറിയിപ്പും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും എല്ലാ ജില്ലകളിലും എത്തിച്ച് ജില്ലാതല ആരോഗ്യ സംരക്ഷണസംവിധാനത്തെ സുസജ്ജമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി വിഭാഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചു.

തുടര്‍ നടപടികള്‍

കോവിഡ് 19 ആഗോളതലത്തില്‍ ഗുരുതരമായ ആഘാതമാണു സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ കൃത്യമായ നടപടിക്രമങ്ങളിലൂടെ നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാദ്ധ്യമാണ്. ഇക്കാര്യത്തില്‍ ആശങ്കയല്ല ജാഗ്രതയും പൗരബോധത്തോടെയുള്ള പെരുമാറ്റവുമാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ബഹുജനങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കാന്‍ നിയമസഭാംഗങ്ങള്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇടപെടേണ്ട ഘട്ടമാണിത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണവും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും ഉണ്ടാകണം. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും എല്ലാ ജനങ്ങളും പരസ്പര ധാരണയോടെയും ജാഗ്രതയോടെയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട് സഹകരിക്കുകയും വേണം. ഒന്നിച്ചു നിന്ന് നമുക്ക് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാം. 

ചൈനയില്‍ നിന്നുള്ള വാര്‍ത്ത വന്നുതുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനതല ദ്രുതകര്‍മ്മസേന യോഗം ചേര്‍ന്ന് രോഗനിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, ചികിത്സയ്ക്കും പരിശീലനത്തിനും അവബോധമുണര്‍ത്തലിനുമുള്ള മാര്‍ഗരേഖകള്‍ എന്നിവ തയ്യാറാക്കി ജില്ലകള്‍ക്ക് നല്‍കി. തുടര്‍ന്ന് ചൈനയില്‍ നിന്ന് മടങ്ങുന്ന എല്ലാ യാത്രക്കാരുടെയും സ്‌ക്രീനിംഗ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖത്തും ആരംഭിച്ചു. സാധ്യമായ എല്ലാ കേസുകളുടെയും കോണ്ടാക്റ്റ് ട്രെയ്‌സിങും ലൈന്‍ ലിസ്റ്റിങും സംസ്ഥാന, ജില്ലാ ഐഡിഎസ്‌പി സെല്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ചൈനയില്‍ നിന്നു വരുന്ന എല്ലാ യാത്രക്കാരെയും തീവ്രമായി നിരീക്ഷിക്കാന്‍ പെരിഫറല്‍ ഹെല്‍ത്ത് ടീമുകളെ സജ്ജമാക്കി. ആഗോളതലത്തില്‍ രോഗം കൂടുതല്‍ വ്യാപിക്കുകയും വിദേശത്തുനിന്നെത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗബാധ കേരളത്തിലും എത്താനുള്ള സാദ്ധ്യത പരിഗണിച്ച് മെഡിക്കൽ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ബന്ധപ്പെട്ട ജില്ലകളിലെ പ്രധാന സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ സൗകര്യം ഒരുക്കാന്‍ ഡിഎംഒമാരോട് നിര്‍ദേശിച്ചു. ആശുപത്രി ഐസൊലേഷന്‍ ഹോം കോറന്റൈന്‍ നടപടികള്‍ക്ക് വേണ്ട സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങളും അയച്ചുകൊടുത്തു.

ജനുവരി 24നു തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ വിവിധ ഉപഘടകങ്ങളെ ചേര്‍ത്തുകൊണ്ട് പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കി. തുടര്‍ന്ന് ജനുവരി 28നു സംസ്ഥാന കണ്‍ട്രോള്‍ റൂമിന് സമാനമായ രീതിയില്‍ ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ എല്ലാ കളക്ടര്‍മാർക്കും നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്താവള നിരീക്ഷണം ആരംഭിച്ചു. ജനുവരി 25നു തന്നെ എല്ലാ ആരോഗ്യമേഖലാ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കുകയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് പ്രാദേശികമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധയുണ്ടായത് കേരളത്തിലാണെന്ന് ജനുവരി 30നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയതും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നതുമായ വിദ്യാര്‍ത്ഥിനിക്കാണ് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതിനാല്‍ ആദ്യ കേസോടെ തന്നെ രോഗം തിരിച്ചറിയാന്‍ പറ്റി.

ഇതിലൂടെ രോഗപ്പകര്‍ച്ച തടയുന്നതിനും ആരംഭത്തില്‍ തന്നെ ചികിത്സ തുടങ്ങാനും സാധിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ എന്‍സിവി സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റില്‍ ക്രമീകരണങ്ങള്‍ നടത്തി. സംസ്ഥാന, ജില്ലാ കണ്‍ട്രോള്‍ റൂമുകളും കോള്‍ സെന്ററുകളും രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തനക്ഷമമാക്കി. ഫെബ്രുവരി രണ്ടിന് കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധിച്ചതായുള്ള സ്ഥിരീകരണം പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തി. വൈറസ് ബാധ സംശയിച്ച ഈ വിദ്യാര്‍ത്ഥി ചൈനയില്‍ നിന്നും വന്നശേഷം ജനുവരി 24 മുതല്‍ ആലപ്പുഴയില്‍ ഐസൊലേഷന്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി മൂന്നിന് വുഹാനില്‍ നിന്നുള്ള യാത്രാചരിത്രമുള്ള കാസര്‍കോട് നിവാസിയായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയെ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തി. അതേതുടര്‍ന്ന് കൊറോണ വൈറസ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളും അവലോകനവും കൂടുതല്‍ ശക്തമാക്കുകയും സംസ്ഥാന വിപത്തായി പരിഗണിച്ചുള്ള ജാഗ്രതാ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എല്ലാ സിനിമാ തിയേറ്ററുകളിലും കോവിഡ് 19 രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ച് വീഡിയോകള്‍ പ്രക്ഷേപണം ചെയ്തു.

മടങ്ങി വരുന്ന ഇന്ത്യാക്കാരുടെ പ്രശ്‌നം

വൈറസ് ബാധ തീവ്രമായ രാജ്യങ്ങളില്‍ നിന്നു വരികയോ അവിടെ സന്ദര്‍ശനം നടത്തി മടങ്ങുകയോ ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ അവിടത്തെ ആരോഗ്യവകുപ്പില്‍ നിന്നും കോവിഡ് 19 രോഗമില്ലെന്ന സാക്ഷ്യപത്രം ലഭ്യമാക്കിയിരിക്കണം എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതിന്റെ ഫലമായി വിവിധ വിദേശ രാജ്യങ്ങളിലായി, പ്രത്യേകിച്ചു വിമാനത്താവളങ്ങളിലും മറ്റും ഒട്ടേറെ മലയാളികള്‍ കുടുങ്ങിപ്പോയതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രസ്തുത രാജ്യങ്ങളൊന്നും തന്നെ ഇത്തരം സാക്ഷ്യപത്രങ്ങള്‍ നല്‍കാനാകുന്ന സ്ഥിതിയിലല്ല എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രസ്തുത ഉത്തരവു പിന്‍വലിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന യാത്രികരെ മടക്കിയെത്തിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ സത്വരമായ ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് 10.03.2020ല്‍ തന്നെ പ്രധാനമന്ത്രിക്ക് കേരള സര്‍ക്കാര്‍ കത്തു നല്‍കിയിട്ടുണ്ട്.

എല്ലാ വാര്‍ത്താ ചാനലുകളും എഫ്എമ്മും രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തു വരുന്നു. അവബോധ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിച്ചു. 40 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യവകുപ്പ് സ്മാര്‍ട്ട് ക്ലാസ് മുറികളിലൂടെ അവബോധം നല്‍കി. ശ്രദ്ധാപൂര്‍വ്വമായ നടപടികളെ തുടര്‍ന്ന് കൂടുതല്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കുകയും ഫെബ്രുവരി രണ്ടും മൂന്നും ആഴ്ചകളിലായി ആദ്യ ഘട്ടത്തിലുള്ള മൂന്നുപേര്‍ക്കും രോഗം ഭേദമായി ആശുപത്രി വിട്ടു. എന്നിരുന്നാലും ജാഗ്രതാ നടപടികള്‍ തുടര്‍ന്നു. ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത്, ഇറാനില്‍ നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യാന്‍ ഗവൺമെന്റ് നിര്‍ദ്ദേശിച്ചു. ചൈന, ഹോങ്കോംഗ്, തായ്‌ലന്റ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്നവരോ ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് ഹോം ഐസോലെഷന്‍ നിര്‍ബന്ധമാക്കി. ഫെബ്രുവരി 29ന് ഇന്ത്യാ ഗവൺമെന്റിന്റെ ജോയിന്റ് സെക്രട്ടറി സംസ്ഥാനം സന്ദര്‍ശിച്ച് തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ദുബ എല്ലാ സംസ്ഥാനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കേരള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ഒരു ലഘു അവതരണം നടത്താന്‍ ആവശ്യപ്പെട്ടു. കേരളം വികസിപ്പിച്ച എസ്ഒപി (Stan­dard Oper­at­ing Pro­ce­dure) പിന്തുടരാന്‍ എല്ലാ സംസ്ഥാനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും ഇതര സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കാനും കേരളത്തോട് നിര്‍ദേശിക്കുകയും ചെയ്തു. കോവിഡ് 19 രോഗത്തിനെതിരെ കേരളം ശക്തമായ നടപടികളെടുത്തെങ്കിലും പത്തനംതിട്ട ജില്ലയില്‍ അഞ്ചുപേര്‍ക്ക് മാർച്ച് എട്ടാം തീയതി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നുപേര്‍ ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നും എത്തിയവരും മറ്റു രണ്ടുപേര്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നാട്ടിലുള്ള ബന്ധുക്കളുമാണ്. വിമാനത്തിലും വിമാനത്താവളത്തിലും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ഈ മൂന്നുപേര്‍ അത് അവഗണിക്കുകയാണ് ചെയ്തത്. ഇതാണ് രോഗവ്യാപനത്തിന് കാരണമായത്. പത്തനംതിട്ട ജില്ലയില്‍ പഴുതടച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. കൂടുതല്‍ പേർ വരുന്നതനുസരിച്ച് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

രണ്ട് ദിവസം കൊണ്ടുതന്നെ സാധ്യമായ എല്ലാ രീതികളും ഉപയോഗിച്ച് ഇവര്‍ സമ്പര്‍ക്കത്തിലായ ബഹുഭൂരിപക്ഷം പേരെയും കണ്ടെത്തുന്നതിനും അവരെ നിരീക്ഷണത്തിലാക്കുന്നതിനും കഴിഞ്ഞു. മാപ്പിംഗ് തയ്യാറാക്കിയാണ് ഇവര്‍ പോയ സ്ഥലങ്ങള്‍ കണ്ടെത്തിയത്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ബാക്കിയുള്ളവരെയും കണ്ടെത്താനായുള്ള ശ്രമം നടന്നു വരുന്നു. എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായിട്ടുള്ളത് ആരുമായിട്ടൊക്കെ ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്നതാണ്. അവസാനമായി ബന്ധപ്പെട്ട ആളിനെ വരെയും കണ്ടത്താനുള്ള ശ്രമങ്ങളാണു നടത്തുന്നത്. മാർച്ച് ഏഴിന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് ഒമ്പതാം തീയതി രോഗബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ കോണ്ടാക്ട് ലിസ്റ്റിലുള്ള ആറു പേര്‍ക്കും എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും 10-ാം തീയതി രോഗം സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. വിവിധ ജില്ലകളിലായി 1,495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലുമാണ്.

(ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവന)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.