19 April 2024, Friday

Related news

April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 3, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഒരുമിച്ചൊന്നായ് പോരാടാം

കെ. പി രാജേന്ദ്രൻ
ജനറൽ സെക്രട്ടറി, എഐടിയുസി
May 1, 2022 12:10 am

ത്യന്തം ദുർഘടവും പ്രയാസമേറിയതുമായ സാഹചര്യങ്ങളിലും ജനജീവിതം മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ എല്ലാ വസ്തുക്കളും ഉല്പാദിപ്പിച്ച് സേവനങ്ങൾ പ്രദാനം ചെയ്ത മുഴുവൻ തൊഴിലാളികളെയും 2022 ലെ ഈ മേയ് ദിനത്തിൽ അഭിവാദ്യം ചെയ്യുന്നു. 1886 മേയ് മാസത്തിൽ ജോലി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തുവാൻ പോരാടി ജീവൻ ബലിയർപ്പിച്ച ചിക്കാഗോയിലെ തൊഴിലാളികൾ, ആഗോള തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഊര്‍ജമായി. അവരുടെ അവകാശ സമരങ്ങളെ ബഹുമാനിച്ച് അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മുതലാളിത്ത ചൂഷണം അവസാനിപ്പിക്കുന്നതിനുമുള്ള തൊഴിലാളി വർഗത്തിന്റെ പോരാട്ടം ഇന്നും തുടരുകയാണ്.
‘ഞങ്ങളെ തൂക്കിലേറ്റുന്നതോടെ പാവപ്പെട്ടവരും കഷ്ടപ്പെടുന്നവരുമായ ലക്ഷക്കണക്കിന് തൊഴിലാളികളാൽ കെട്ടിപ്പടുത്ത ഈ തൊഴിലാളി പ്രസ്ഥാനത്തെ അടിച്ചമർത്താമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഞങ്ങളെ തൂക്കിലേറ്റുവിൻ. പക്ഷേ ഞങ്ങൾ ഇവിടെ ഒരു തീപ്പൊരി ഇടും. ആ തീപ്പൊരി ഇവിടെയും അവിടെയും നിങ്ങൾക്ക് മുന്നിലും പിന്നിലുമെല്ലാം ആളിപ്പടരും. അത് ഭൂമിക്കടിയിലെ തീയാണ്. നിങ്ങൾക്കൊരിക്കലും കെടുത്താനാവാത്ത തീ…”. ജോലിസമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്താൻ പൊരുതിയ തൊഴിലാളി നേതാക്കളെ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അതിലൊരു നേതാവായ അഗസ്റ്റസ് സ്പൈസ് പറഞ്ഞതാണീ വാക്കുകൾ. ജോലിസമയം എട്ട് മണിക്കൂറായി കുറയ്ക്കാൻ നടത്തിയ ആ ഉജ്ജ്വല പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓർമ്മപ്പെടുത്തലാണ് മേയ് ദിനം.

 


ഇതുകൂടി വായിക്കൂ :  മെയ് ദിനം നീണാൾ വാഴട്ടെ


 

2022ലെ മേയ് ദിനം ആചരിക്കുന്ന ഇന്ന് പക്ഷേ, ചരിത്രം ആവർത്തിക്കുകയാണോ എന്ന സന്ദേഹം ശക്തമാണ്. സാമ്പത്തികമാന്ദ്യം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, തൊഴിലാളികളുടെ കൂട്ടപ്പലായനം തുടങ്ങി നിരവധി സാമൂഹിക‑സാമ്പത്തിക പ്രശ്നങ്ങളാണ് ലോകത്തെമ്പാടും. ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ലോകത്താകമാനം ഉല്പാദനവും സമ്പത്തും വർധിച്ചുവെങ്കിലും തൊഴിലാളി വർഗത്തിന്റെ ജീവിത സാഹചര്യങ്ങൾ അനുദിനം മോശമായിക്കൊണ്ടിരിക്കുന്നു. എല്ലാ മുതലാളിത്ത രാജ്യങ്ങളിലും തൊഴിലാളികൾ ആക്രമിക്കപ്പെടുകയാണ്. നിരവധി രാജ്യങ്ങൾ ഇതിനകം തന്നെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുകയാണ്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. തൊഴിലാളികളുടെ നേർക്ക് പുതിയ ആക്രമണങ്ങൾ അഴിച്ചുവിടുന്നു. ട്രേഡ് യൂണിയൻ സ്വാതന്ത്ര്യത്തെയും അവകാശങ്ങളേയും പരിമിതപ്പെടുത്തുന്നു. വേതനം വെട്ടിക്കുറയ്ക്കുന്നു. പെൻഷനും മറ്റ് സാമൂഹ്യസുരക്ഷാ പദ്ധതികളും അവസാനിപ്പിക്കുന്നു. സംഘടിക്കാനും സമരം ചെയ്യാനുമുള്ള തൊഴിലാളിയുടെ അവകാശത്തെപ്പോലും ആക്രമിക്കാൻ മടിക്കുന്നില്ല. സ്വകാര്യവല്ക്കരണം വ്യാപകമാക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുത്ത് അവരെ പണ്ടത്തെപ്പോലെ അടിമത്തത്തിലേക്ക് തള്ളിവിടാനാണ് ബൂർഷ്വാ വർഗം ശ്രമിക്കുന്നത്.

 


ഇതുകൂടി വായിക്കൂ :  രാജ്യം മുതലാളിത്തത്തിന് അടിമപ്പെടാതിരിക്കാനുള്ള പോരാട്ടം


 

ലോകചരിത്രത്തിലെ ഏറ്റവും നിർണായകഘട്ടത്തിലാണ് തൊഴിലാളികൾ ഈ വർഷത്തെ മേയ് ദിനം ആചരിക്കുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും കോവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങൾ നേരിടുന്നു. മഹാമാരി ലോകത്തെമ്പാടുമുള്ള തൊഴിലാളിവർഗത്തെയാണ് ഗുരുതരമായി ബാധിച്ചത്. അത് ദശലക്ഷക്കണക്കായ നമ്മുടെ സഹജീവികളുടെ ജീവൻ കവർന്നെടുത്തു. അവരുടെ സ്മരണയ്ക്ക് മുന്നില്‍ ദുഃഖത്തോടെ ആദരാഞ്ജലികൾ അര്‍പ്പിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതിയും അതിന്റെ രാഷ്ട്രീയ ദല്ലാളുമാരും മഹാമാരിക്കെതിരെ മുഖംതിരിഞ്ഞു നിന്നപ്പോൾ ‘തൊഴിലാളി വർഗത്തിനു മാത്രമേ മാനവരാശിയെ രക്ഷിക്കാനാവൂ’ എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ഡോക്ടർമാരും ആതുരസേവനരംഗത്തെ മറ്റ് തൊഴിലാളികളും ജീവനക്കാരും മഹാമാരിക്കെതിരായ യുദ്ധത്തില്‍ അണിനിരന്ന കാഴ്ചയും നാം കണ്ടു. മുഴുവൻ തൊഴിലാളികളുടെയും ജീവിതത്തെ ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളും പോരാട്ടങ്ങളും ഏറ്റെടുക്കേണ്ട ചുമതല വർഗാധിഷ്ഠിത തൊഴിലാളി പ്രസ്ഥാനങ്ങളുടേതാണെന്ന കാര്യം അഭൂതപൂർവമായ ഈ സാഹചര്യം നമ്മെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
കോവിഡിന്റെ കെടുതികളില്‍ നിന്നും കരകയറാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പ്രതിബന്ധമായി മാറിയ റഷ്യ‑ഉക്രെയ്ന്‍ സംഘര്‍ഷം ഇക്കൊല്ലത്തെ മേയ്ദിനാഘോഷങ്ങള്‍ക്ക് മേല്‍ നിഴല്‍വീഴ്ത്തിയിരിക്കുന്നു. യുദ്ധത്തിന്റെ കെടുതികള്‍ എപ്പോഴും നേരിടേണ്ടിവരുന്നത് തൊഴിലാളികളും സാധാരണക്കാരുമാണ്. യുദ്ധത്തിനെതിരെ തൊഴിലാളി വര്‍ഗത്തെ ആഗോളതലത്തില്‍ അണിനിരത്തുക എന്നതാണ് ഈ മേയ്ദിനാചരണത്തിന്റെ ആഹ്വാനം.
മേയ് ദിനത്തിന്റെ മഹനീയ നേട്ടമായ എട്ട് മണിക്കൂർ പ്രവൃത്തി സമയം, ഇന്ന് ഇന്ത്യയിലും ചോദ്യം ചെയ്യപ്പെടുന്നു. സ്ഥിരം തൊഴിൽ സമ്പ്രദായം, സംഘടിക്കാനും സമരം ചെയ്യാനും കൂട്ടായ വിലപേശലിനുമുള്ള അവകാശം, തൊഴിലെടുക്കുന്ന സ്ത്രീകൾക്കുള്ള മാതൃത്വ അവകാശങ്ങളും ആനുകൂല്യങ്ങളും, ത്രികക്ഷി സമ്മേളനങ്ങൾ, ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനുമുള്ള അവകാശങ്ങൾ തുടങ്ങിയവയെല്ലാം തട്ടിത്തെറിപ്പിക്കുകയാണ് നരേന്ദ്ര മോഡി സർക്കാർ. കേന്ദ്ര സർക്കാർ പാസാക്കിയ നാല് ലേബർ കോഡുകളും തൊഴിലാളി വിരുദ്ധമാണ്. കോർപറേറ്റ് പ്രീണനം ലാക്കാക്കി കൊണ്ടുവന്ന നിയമങ്ങളെല്ലാം ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളെ തകർക്കുന്ന സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാണ്.

 


ഇതുകൂടി വായിക്കൂ :  മെയ് ദിനവും പുതിയ വെല്ലുവിളികളും


 

കോവിഡ് മഹാമാരി നേരിടാൻ കെൽപ്പില്ലാതെ മോഡി ഭരണകൂടം പകച്ചുനിന്നത് നാമെല്ലാം കണ്ടതാണ്. യാതൊരു മുന്നറിയിപ്പും മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗൺ രാജ്യത്തിന് തീരാദുരിതങ്ങൾ സമ്മാനിച്ചു. അനേകായിരം കാതങ്ങൾക്കപ്പുറമുള്ള സ്വന്തം ഗ്രാമത്തിലേക്ക് നടന്ന് പോകാൻ നിർബന്ധിതമായ ഇതര സംസ്ഥാന തൊഴിലാളികളിൽ പലരും വഴിവക്കിൽ കുഴഞ്ഞ് വീണു മരിച്ചു. ഇന്ത്യയിൽ 150 രൂപയിൽ കുറഞ്ഞ വരുമാനമുള്ള ദരിദ്രരുടെ എണ്ണം ലോക്ഡൗണിനു മുമ്പ് ആറു കോടിയായിരുന്നുവെങ്കിൽ ഇന്നത് ഇരട്ടിയായി. അനൗപചാരിക മേഖലയിലെ മിക്ക തൊഴിലാളികൾക്കും തൊഴിലുടമകളുടെ പിന്തുണ ലഭിച്ചില്ല. ലോക്ഡൗൺ 32 കോടിയിലധികം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം അവതാളത്തിലാക്കി. 120 ദശലക്ഷം കുട്ടികളുടെ ഉച്ചഭക്ഷണം മുടക്കി. മോഡി സർക്കാർ പ്രഖ്യാപിച്ച 20ലക്ഷം കോടിയുടെ പാക്കേജും പിഎം കെയേഴ്സ് ഫണ്ടും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയുമൊന്നും തൊഴിലാളികളെയും പട്ടിണിപ്പാവങ്ങളെയും തുണച്ചില്ല. സഹായിച്ചത് സമ്പന്നരെയും കോർപറേറ്റ് കുത്തക കമ്പനികളെയും മാത്രം.
‘നഷ്ടപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് അവ കൊള്ളയടിച്ചവരോട് കേണപേക്ഷിച്ചിട്ടല്ല, നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ്” എന്ന ഡോ. ബി ആർ അംബേദ്കറുടെ ആഹ്വാനം രാജ്യത്തെ അധ്വാനിക്കുന്ന തൊഴിലാളികളെയും സാധാരണക്കാരെയും സംബന്ധിച്ചിടത്തോളം തികച്ചും പ്രസക്തമാണ്. ഈ ആഹ്വാനം ഉൾക്കൊണ്ടാണ് തൊഴിലാളി വർഗം മുന്നോട്ട് പോകുന്നത്. നിരന്തരമായി പോരാടാൻ തന്നെയാണ് തൊഴിലാളി വർഗം തീരുമാനിച്ചിട്ടുള്ളത്. മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരേ 2022 മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്ക് ചരിത്രമായി. കോവിഡ് മഹാമാരിക്ക് പോലും തളർത്താനാവാത്ത കർഷക സമരത്തിന്റെ മുൻപിൽ മോഡി സർക്കാർ മുട്ട് മടക്കിയതും കർഷക നിയമങ്ങൾ റദ്ദ് ചെയ്യാൻ നിർബന്ധമായതും കർഷക തൊഴിലാളി ഐക്യത്തിന്റെ ഉജ്ജ്വല വിജയമാണ്. അധ്വാനിക്കുന്ന തൊഴിലാളി വർഗവും കർഷകരും ചേർന്ന് കെട്ടിപ്പടുത്ത ഈ കരുത്തുറ്റ ഐക്യത്തെ ജാതീയവും വർഗീയവുമായ കുതന്ത്രങ്ങളിലൂടെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ നാം നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.

 


ഇതുകൂടി വായിക്കൂ :  അഭൂതപൂര്‍വമായ വെല്ലുവിളികള്‍ക്കു നടുവില്‍ മറ്റൊരു മെയ്ദിനം


 

1920ൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ തൊഴിലാളി പ്രസ്ഥാനമായ എഐടിയുസി രൂപീകരണം മുതൽ മേയ് ദിനം ആചരിച്ചു വരുന്നു. എഐടിയുസിയെ സംബന്ധിച്ചിടത്തോളം മേയ് ദിനം വെറുമൊരു ആചാരമല്ല; മറിച്ച് തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും ദളിതരുടെയും സ്ത്രീകളുടെയും ആദിവാസികളുടെയും അധഃസ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും പോരാട്ടത്തിന്റെ പ്രതിജ്ഞ പുതുക്കുന്ന ദിനം കൂടിയാണ്. മുതലാളിത്തം അഭിമുഖീകരിക്കുന്ന ആഴത്തിലുള്ള പ്രതിസന്ധിയും സാമ്രാജ്യത്വശക്തികൾ സൃഷ്ടിക്കുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഭീഷണിയും പുതിയ വിപണികൾ കയ്യടക്കാനുള്ള മൂലധന ശക്തികളുടെ കടുത്ത മത്സരവും നിലനിൽക്കുന്ന വർത്തമാന കാലഘട്ടത്തിൽ ചെറുത്തുനിൽപ്പിനായുള്ള പോരാട്ടത്തിന് തൊഴിലാളി വർഗത്തിന്റെ ശക്തമായ ആയുധങ്ങളാണ് ഐക്യവും സാർവദേശീയ ബോധവും. ആ ഐക്യവും യോജിച്ച പോരാട്ടങ്ങളും ശക്തിപ്പെടുത്തുമെന്ന് ഈ മേയ് ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. ചരിത്രം രചിച്ച കഴിഞ്ഞകാല പോരാട്ടങ്ങളിൽ നാം പിടിച്ച പതാക ഉയരത്തിൽ പാറിപ്പറപ്പിച്ചുകൊണ്ട് ഈ വർഷത്തെ മേയ് ദിനാചരണവും വിജയിപ്പിക്കാം.

മേയ് ദിനം നീണാൾ വാഴട്ടെ!
സർവരാജ്യ തൊഴിലാളി ഐക്യം സിന്ദാബാദ്!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.