August 9, 2022 Tuesday

ഭരണഘടനാ സംരക്ഷണത്തിന് ഒരുമിച്ച് മുന്നേറാം

കാനം രാജേന്ദ്രൻ
January 26, 2020 5:29 am

നമ്മുടെ ഭരണഘടനയുടെ തത്വങ്ങളും മൂല്യങ്ങളും ലംഘിക്കപ്പെടുന്ന ഒരവസരത്തിലാണ് ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനം ആചരിക്കുന്നത്. ഭരണഘടനയുടെ പീഠിക വായിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യ വിശ്വാസികളും ഇന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ പുതുക്കും. കേരളത്തിൽ ലക്ഷക്കണക്കായ ബഹുജനങ്ങൾ ദേശീയ വീഥിയിൽ അണിനിരന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന പ്രതിജ്ഞ കൂടിയാകും ഇന്ന് കേരളത്തിൽ സൃഷ്ടിക്കുന്ന മനുഷ്യ മഹാശൃംഖല. ഒരു രാജ്യത്തിന്റെ ഭരണഘടന ആ രാജ്യത്തിന്റെ രാഷ്ട്രീയമായ വളർച്ചയുടെ പരിണത ഫലമാണ്.

അതിന്റെ വേര് പൂർവചരിത്ര സംഭവങ്ങളിലാണ് ഉറച്ചു നിൽക്കുന്നത്. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങളിൽ മിക്കതും ഭാരതീയ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. എങ്കിലും അതിന്റെ ആരംഭവും വളർച്ചയും ഭാരതത്തിലെ ബ്രിട്ടീഷ് ഭരണവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. സംസ്കാരത്തിന്റെ കാര്യത്തിൽ ഭാരതം എല്ലാ കാലങ്ങളിലും ഏകീകൃത രാജ്യമായിരുന്നു. റിപ്പബ്ലിക് എന്ന വാക്ക് സങ്കുചിതമായ അർത്ഥത്തിൽ രാജവാഴ്ചയ്ക്ക് വിപരീതമായിട്ടാണ് ഉപയോഗിക്കുന്നത്. ജനങ്ങളിൽ നിന്ന് അധികാരം സ്വീകരിച്ച് അവരുടെ നന്മയ്ക്കായുള്ള ഒരു കാലഘട്ടത്തിലേക്ക് അധികാരത്തിലിരിക്കുന്ന പ്രതിനിധികൾ നിർവഹിക്കുന്ന ഭരണ രീതിയാണ് റിപ്പബ്ലിക്കൻ ഭരണം. നമ്മുടെ ഭരണഘടനയുടെ പീഠികയിൽ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പു ചെയ്തിട്ടുണ്ട്. വ്യക്തിയുടെ സ്വതന്ത്രമായ പ്രവൃത്തിയും സമുദായത്തിന്റെ പൊതു താല്പര്യങ്ങളും തമ്മിലുള്ള സമഞ്ജസമായ സമ്മേളനങ്ങളിലൂടെയേ അത് സാധ്യമാകൂ. സമുദായത്തിന്റെ പൊതു താല്പര്യങ്ങളെ സഹായിക്കത്തക്കവണ്ണം സ്വകാര്യ പ്രവർത്തനങ്ങൾ നടക്കുന്നിടത്തു മാത്രമേ നീതി ഉണ്ടായിരിക്കൂ. യഥാർത്ഥ ജനാധിപത്യ ഭരണത്തിൻ കീഴിൽ സമത്വം മാത്രമല്ല ശരിയായ നീതിയും ഉണ്ടായിരിക്കണം. ചിന്ത, അഭിപ്രായം, വിശ്വാസം, മതം, ആരാധന എന്നിവയിലുള്ള സ്വാതന്ത്ര്യമാണ് ഭരണഘടനയുടെ പീഠികയിൽ പറയുന്ന സ്വാതന്ത്ര്യം. പഴയ കാലങ്ങളിൽ സ്വാതന്ത്ര്യം നിഷേധാർത്ഥകമായിട്ടാണ് മനസ്സിലാക്കിയിരുന്നത്.

ചിന്ത, വിശ്വാസം, മതം, ആരാധന തുടങ്ങിയവയിൽ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടത് വ്യക്തിയുടേയും രാഷ്ട്രത്തിന്റേയും വികസനത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് നമ്മുടെ ഭരണഘടന വ്യക്തമാക്കുന്നു. പദവിയിലും സന്ദർഭത്തിലുമുള്ള സമത്വത്തെക്കുറിച്ച് പീഠികയിൽ വ്യക്തമായി പറയുന്നുണ്ട്. നിയമം പൊതുവായ ഇച്ഛാശക്തിയുടെ പ്രകടനം മാത്രമാകുന്നു. രക്ഷിക്കാനും ശിക്ഷിക്കാനും. അതെല്ലാവർക്കും സമമായി ലഭിക്കണം. പീഠികയുടെ ഒടുവിൽ സാഹോദര്യത്തെക്കുറിച്ചാണ് പറയുന്നത്. വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കി എല്ലാപേരിലും സാഹോദര്യം പുലർത്തുന്നതായിരിക്കും എന്നാണ് പ്രസ്താവന. മനുഷ്യരെല്ലാവരും പിറക്കുന്നത് സ്വതന്ത്രരായും അന്തസിലും അവകാശത്തിലും സമത്വത്തോടു കൂടിയുമാണ്. അവർക്കെല്ലാം വിവേകവും മനസാക്ഷിയുമുണ്ട്. അവർ പരസ്പരം പെരുമാറുന്നത് സാഹോദര്യ മനോഭാവത്തോടു കൂടിയായിരിക്കണം. ഭാരതത്തിലെ പൗരന്മാർ എല്ലാം സമന്മാരാണ്. ഉച്ചനീചത്വങ്ങൾ അനുഭവിക്കാത്തവരാണ്. എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പു വരുത്തുമെന്ന് ഭരണഘടനയുടെ പീഠികയിൽ പറയുന്നുണ്ട്. വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കി എല്ലാപേരിലും സാഹോദര്യം സിദ്ധിക്കാൻ ഭരണഘടന വിഭാവന ചെയ്യുന്നു. എന്നാൽ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക തത്വങ്ങളെ പിച്ചിച്ചീന്തി എറിയാനും രാഷ്ട്രീയവൽക്കരിക്കാനുമാണ് കേന്ദ്ര ഭരണകൂടം ഇന്ന് ശ്രമിക്കുന്നത്. സമകാലിക ഭാരതം സങ്കീർണമായ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ ഘട്ടത്തിൽ പൗരത്വ നിയമ ഭേദഗതിയിലൂടെ സംഘപരിവാർ ശക്തികൾ വെല്ലുവിളിച്ചിരിക്കുന്നത് ഇന്ത്യയെന്ന ആശയത്തെയും തുല്യതയിലും ബഹുസ്വരതയിലും അനുസൃതമായ ഭരണഘടനാ മൂല്യങ്ങളേയുമാണ്.

നമ്മുടെ സാമ്പത്തിക വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ ഒരവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, കർഷക ആത്മഹത്യകളും, തൊഴിൽശാലകൾ അടച്ചുപൂട്ടലും നിത്യ സംഭവങ്ങളാകുമ്പോൾ, സാമ്പത്തിക രംഗത്തെ പരാജയങ്ങൾ പരിഹരിക്കുന്നതിനു പകരം ജനങ്ങളുടെ ശ്രദ്ധയെ തിരിച്ചുവിടാനുള്ള മാർഗമായിട്ടുകൂടിയാണ് പൗരത്വ ഭേദഗതി പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. പൗരത്വഭേദഗതി നിയമം മുസ്‌ലിങ്ങളുടെ മാത്രം പ്രശ്നമല്ല. ഭരണഘടനയുടെ, അന്താരാഷ്ട്ര മര്യാദകളുടെ, മതേതരത്വത്തിന്റെ തിരസ്കാരമാണ്. നാളെ സംഘപരിവാർ ഇതേ ഭരണഘടനയിൽ നിന്ന് മതേതരത്വമെന്ന വാക്ക് എടുത്തു മാറ്റിയേക്കാം. ഗോൾവാൾക്കറും, സവർക്കറും ഹിന്ദു രാഷ്ട്രത്തിൽ മുസ്‌ലിങ്ങൾക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആണിക്കല്ലുകളെ ഇളക്കിമാറ്റാൻ തങ്ങളുടെ ഭൂരിപക്ഷം സമർത്ഥമായി ഉപയോഗപ്പെടുത്തി മോഡി ഭരണകൂടം ശ്രമിച്ചേക്കാം. നമ്മുടെ ഭരണഘടനയുടെ സംരക്ഷണത്തിന് ഒന്നിച്ചു നിന്നുള്ള എതിർപ്പ് കൂടിയേ തീരൂ. മതേതര ഇന്ത്യാക്കാരെ രാഷ്ട്രീയ കരുനീക്കത്തിനായി ഉപയോഗപ്പെടുത്തുവാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ഗവർണർമാരെ ഉപയോഗിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ പ്രമേയങ്ങളെ തന്നെ വെല്ലുവിളിക്കാൻ ഇന്നു നടക്കുന്ന പരിശ്രമങ്ങൾ എതിർത്തു തോൽപ്പിച്ചേ മതിയാകൂ. ഇന്ന് നമ്മൾ നിശബ്ദരായാൽ നാളെ നമ്മുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുത്തേക്കാം.

ഒടുവിൽ ഭരണഘടന തന്നെ മാറ്റി എഴുതിയേക്കാം. അത്തരം പ്രതിസന്ധികളിലേക്ക് പോകുന്നതിനു മുമ്പ് നമുക്ക് നമ്മുടെ സംവിധാനത്തെ, നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ, സർവോപരി ഇന്ത്യയെന്ന ബഹുസ്വര ആശയത്തെ വീണ്ടെടുക്കണം. അതിനായുള്ള സമരത്തിൽ ഓരോരുത്തരും അണിചേർന്നുകൊണ്ടായിരിക്കണം ഭരണഘടനാ സംരക്ഷണത്തിന്റെ പാതയിലേക്ക് നമ്മൾ നടന്നടുക്കേണ്ടത്. മനുഷ്യ മഹാശൃംഖല ഭരണഘടനാ സംരക്ഷണത്തിനായുള്ള ജനകീയ പോരാട്ടത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.