ചൈനയിലെ വുഹാനില്‍ നിന്നും പടര്‍ന്ന് പിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങും. കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം ചൈനയില്‍ കാണപ്പെട്ട കൊറോണ വൈറസ് 20 ലധികം രാജ്യങ്ങളിലാണ് ചൈനയിലുള്ള യാത്രികരിലൂടെ അതിവേഗം പടര്‍ന്ന് പിടിച്ചത്. ആയിരക്കണക്കിന് പേരെയാണ് കൊറോണ ബാധിച്ചത്. നിരവധി ജീവനുകളും നഷ്ടപ്പെട്ടു. കൊറോണ വൈറസ് ചൈനയില്‍ വ്യാപിച്ച് തുടങ്ങിയതു മുതല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ എടുത്തു തുടങ്ങി. നമുക്കറിയാം നിരവധി മലയാളികളാണ് ചൈനയില്‍ പഠനത്തിനും ജോലിക്കും മറ്റുമായുള്ളത്. അതിനാല്‍ തന്നെ കൊറോണ വൈറസ് ഉള്ള ആരെങ്കിലും ചൈനയില്‍ നിന്നു വന്നാല്‍ അത് ഇവിടെ വ്യാപിക്കാന്‍ സാധ്യത കണക്കിലെടുത്തായിരുന്നു ഈ മുന്നൊരുക്കങ്ങള്‍. വരുന്ന ആളിന്റേയും അവരുടെ ബന്ധുക്കളുടേയും പൊതുജനങ്ങളുടേയും ജീവന് രക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ വലിയ ഉത്തരവാദിത്തമാണ്. അത് മുന്നില്‍ കണ്ട മുന്നൊരുക്കമാണ് ആരോഗ്യ വകുപ്പ് എടുത്തത്. നിപ വൈറസിനെ അതിജീവിച്ച അനുഭവ പാഠവുമായാണ് കൊറോണ വൈറസിനെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമായത്.
ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധയുണ്ടായത് കേരളത്തിലാണെന്ന് അറിയുന്നത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതിനാല്‍ ആദ്യ കേസോടെ തന്നെ തിരിച്ചറിയാന്‍ പറ്റി. ഇതിലൂടെ രോഗ പകര്‍ച്ച തടയുന്നതിനും ആരംഭത്തില്‍ തന്നെ ചികിത്സ തുടങ്ങാനും സാധിച്ചു. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
ഫെബ്രുവരി രണ്ടിനാണ് കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധിച്ചതായുള്ള നിഗമനം പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വന്നത്. പ്രാഥമിക പരിശോധനയായതിനാല്‍ അന്തിമ ഫലം കിട്ടായില്‍ മാത്രമേ അത് സ്ഥിരീകരിക്കാനാകൂ. കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന വിദ്യാര്‍ത്ഥി ചൈനയില്‍ നിന്നും വന്നശേഷം ജനുവരി 24മുതല്‍ ആലപ്പുഴയില്‍ ഐസൊലേഷന്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കൊറോണ ഏറെ അപകടകാരി
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ മരുന്ന് ചികിത്സയോ ഇല്ല. എങ്കിലും വിദഗ്ധ ചികിത്സയിലൂടെയും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുളള അനുബന്ധ ചികിത്സയിലൂടെയും ഏറ്റവും നല്ല ചികിത്സ നല്‍കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഐസൊലേഷന്‍ ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികള്‍ക്കുള്ളില്‍ രോഗപ്പകര്‍ച്ച തടയുന്നതിനുള്ള സുരക്ഷ മാനദ്ണ്ഡങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നു.
മുന്‍കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍
ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശം നല്കി. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ പ്രത്യേകമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചു. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്കി. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കി.
ഏകോപിപ്പിക്കാന്‍ കണ്ട്രോള് റൂമുകള്‍
സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് കണ്ട്രോള് റൂമും ജില്ലാ കണ്ട്രോള് റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദിവസവും യോഗം കൂടിയാണ് ഓരോ ദിവസത്തേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പ്രധാന യോഗങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും പങ്കെടുത്തു. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്.
സജ്ജമാക്കി ആശുപത്രികള്‍
മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മാസ്ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.നെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ പൂനയിലെ ദേശീയ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്കി.
നിരീക്ഷണം ശക്തം
എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്ക്രീന്‍ ചെയ്യുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്ക്കരണം നല്കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.
അടിയന്തര റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം
കൊറോണ വൈറസ് സ്ഥിരികരിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്.ആര്.ടി.) യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറും പങ്കെടുത്തു. കൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. കൊറോണ രോഗം ബാധിച്ച വിദ്യാര്‍ത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെങ്കിലും ആ വിദ്യാര്‍ത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടിട്ടുള്ളവരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. അതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കാനും തീരുമാനിച്ചു. ഇതോടൊപ്പം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മാറ്റാനും തീരുമാനിച്ചു.
തൃശൂരിലും ആലപ്പുഴയിലും അടിയന്തര യോഗങ്ങള്‍
കൊറോണ സ്ഥിരീകരിച്ച അന്ന് രാത്രി തന്നെ (ജനുവരി 30) തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തു. മന്ത്രിമാരായ എ.സി. മൊയതീന്, പ്രൊഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തല്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. രാജു, ഡോ. മീനാക്ഷി എന്നിവരുടെ നേതൃത്തിലാണ് വിവിധ യോഗങ്ങള്‍ ചേര്‍ന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരോഗ്യം, വിദ്യാഭ്യാസം, പോലീസ്, തദ്ദേശ സ്വയംഭരണം തുടങ്ങി എല്ലാ വകുപ്പുകളുടേയും വിവിധ യോഗങ്ങള്‍ തൃശൂരില്‍ വിളിച്ചു ചേര്‍ത്തു. ഇതുകൂടാതെ സ്വകാര്യ ആശുപത്രികളുടെ യോഗവും വിളിച്ചു കൂട്ടി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
രണ്ടാമത്തെ കേസ് ആലപ്പുഴയിലാണെന്ന നിഗമനത്തെ തുടര്‍ന്ന് ഒട്ടും സമയം കളയാതെ ആലപ്പുഴയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
ചൈനയില്‍ നിന്നും വന്നവര്‍ ചെയ്യേണ്ടത്
ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണം. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയേണ്ടതാണ്. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം അവിടെ എത്തേണ്ടതാണ്. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭ്യമാകും. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍ നിര്‍ത്തി ചൈനയില്‍ പോയി വന്നവര്‍ എല്ലാവരും ഇത് കര്‍ശനമായി പാലിക്കേണ്ടത്.
വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ചെയ്യേണ്ടത്
വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ മാസ്ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. രോഗിയെ സ്പര്‍ശിച്ചതിനുശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുക്കുക. പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്. സന്ദര്‍ശകരെ ഒരുകാരണവശാവും അനുവദിക്കാതിരിക്കുക. വീട്ടില്‍ കല്യാണം പോലുള്ള പൊതു പരിപാടികള്‍ നടത്തുകയോ വീടുവിട്ട് പോകുകയോ ചെയ്യരുത്. എപ്പോഴെങ്കിലും പനി , ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില് ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക.
പൊതുജനങ്ങള്‍ ചെയ്യേണ്ടത്
കൊറോണ വൈറസ് രോഗബാധയ്ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടാതുമാണ്.
കൊറോണ വൈറസിനെ തുരത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാന്‍ എല്ലാവരും വളരെയേറെ മുന്‍കരുതലുകള്‍ എടുക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്നും വന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. സ്വയം നിരക്ഷണത്തിന് വിധേയമാകണം. ഒരു കാരണവശാലും പൊതു സ്ഥലങ്ങളില്‍ പോകരുത്. വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയുക. രോഗലക്ഷണങ്ങളോ എന്തെങ്കിലും സംശയങ്ങളോ ഉണ്ടെങ്കില്‍ ദിശ 0471 255 2056 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. നിപയേയും പ്രളയത്തേയും നമ്മള് അതിജീവിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. അതേ ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഫലം കാണുക തന്നെ ചെയ്യും.
English Summary: Let us survive the Corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.