ലോകമെമ്പാടും ഇന്ന് കൊറോണ വൈറസിന്റെ ഭീതിയിലാണ്. കൊറോണയെന്ന ലാറ്റിന്‍ പദത്തിന് കിരീടം എന്നാണര്‍ത്ഥം. സസ്തനികളിലും പക്ഷികളിലും ചില രോഗങ്ങള്‍ പരത്തുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണാ വൈറസുകള്‍. ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിലൂടെ ഈ വൈറസുകളെ കാണുക ഒരുതരം കിരീടാകൃതിയിലായതിനാലാണ് അവയ്ക്ക് ആ പേര് വന്നത്. ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് ചില കൊറോണ വൈറസുകള്‍ പകരാറുണ്ട്. അങ്ങനെയൊരു വൈറസാണ് ചൈനയിലെ വുഹാന്‍ നഗരത്തിലെ ഹ്വാനന്‍ മാര്‍ക്കറ്റില്‍ നിന്ന് വീ ഗുയിക്സിയാന്‍ എന്ന സ്ത്രീയുടെ ശരീരത്തിലെത്തിയത്.
2019 ഡിസംബര്‍ 10ന് വന്ന ഒരു ചെറിയ പനിയുടെ രൂപത്തില്‍ അത് അവരുടെ ശരീരത്തില്‍ രോഗമായി മാറി തുടങ്ങി. അന്നു മുതല്‍ ആ വൈറസ് മനുഷ്യരില്‍ ശ്വാസകോശസംബന്ധിയായ രോഗങ്ങളുണ്ടാക്കാനാരംഭിച്ചു. അതുണ്ടാക്കുന്ന അസുഖങ്ങളെ മൊത്തത്തിലാണ് നാം ഇന്ന് കോവിഡ് — 19 എന്ന് വിളിക്കുന്നത്; നിലവിലുണ്ടായിരുന്ന കൊറോണ വൈറസില്‍ ജനിതക മാറ്റം സംഭവിച്ച ഒരു പുതിയ കൊറോണ വൈറസ് (NCOVID) കണ്ടെത്തുകയുണ്ടായി. 2019ല്‍ കണ്ടെത്തിയ ഈ വൈറസ് ഉണ്ടാക്കുന്ന രോഗങ്ങളെ ചുരുക്കത്തില്‍ കോവിഡ് — 19 (COrona VIrus Disease — 2019) എന്നാണ് വിളിക്കുന്നത്.
കോവിഡ് — 19 ബാധിച്ചവരുടെ എണ്ണം ലോകത്താകെ മൂന്നു
ലക്ഷം പിന്നിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച
വരെയുള്ള കണക്കനുസരിച്ച് പതിനായിരത്തോളം
പേരാണ് കോവിഡ് — 19ന്റെ പിടിയിലമര്‍ന്ന് മരണപ്പെട്ടത്. ഏറ്റവും കൂടുതലാളുകള്‍ മരിച്ചത് ചൈനയിലും ഇറ്റലിയിലുമാണ്. കൊറോണ വൈറസ് വന്‍കരകള്‍ കടന്ന് ലോകം മുഴുവന്‍ ഭീതിയുടെ നിഴലിലാക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടു. ഓരോ ദിവസവും രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വന്‍കരകള്‍ കടന്നു വ്യാപിക്കുന്ന കോവിഡ് 19 നമ്മുടെ കൊച്ചുകേരളത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നടത്തുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ ക്ലാസുകളും കൊറോണയ്ക്കെതിരെ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്.
കൊറോണ വൈറസിന് കൃത്യമായ ചികിത്സയോ പ്രതിരോധ വാക്സിനോ ഇല്ലാത്തതാണ് ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നത്. രോഗം തിരിച്ചറിയപ്പെട്ടാല്‍ രോഗിയെ ഐസൊലേറ്റ് ചെയ്തു നടത്തുന്ന രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ എല്ലാ രാജ്യങ്ങളിലും നടത്തുന്നത്. ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. വായിലൂടെയോ കണ്ണിലൂടെയോ മൂക്കിലൂടെയോ മാത്രമാണ് കോവിഡ് 19 വൈറസ് പടരുന്നതെന്നാണ് ഇതുവരെയുള്ള നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മൂക്ക്, വായ, കണ്ണ് എന്നിവയാണ് കൊറോണയുടെ വാതിലുകള്‍ എന്നാണ് വിദഗ്ധാഭിപ്രായം. കോവിഡ് 19 വൈറസുകള്‍ വായുവിലൂടെ പകരുകയോ തൊലിയിലൂടെ അകത്തുകടക്കുന്നവയോ ഇല്ല. രോഗബാധിതര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന സ്രവങ്ങളുടെ സൂക്ഷ്മമായ തുള്ളികളിലാണ് വൈറസുകള്‍ ഉണ്ടാവുക. അത് പറ്റുന്ന സ്ഥലങ്ങളില്‍ മണിക്കൂറുകളോളം വൈറസുകള്‍ ജീവിച്ചിരിക്കും. വൈറസുള്ള ഈ സ്ഥലങ്ങളിലെവിടെയെങ്കിലും സ്പര്‍ശിക്കുന്ന കൈകളില്‍ അത് പറ്റിപ്പിടിക്കുന്നു. ആ കൈകള്‍ വായിലോ മൂക്കിലോ സ്പര്‍ശിക്കുമ്പോള്‍ അവയിലൂടെയാണ് അത് രോഗിയല്ലാത്തയാളുടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ വായിലോ മറ്റോ തൊട്ടാലും രോഗം പടരും. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവും. വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ജലദോഷം, തുമ്മല്‍, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയും ഉണ്ടാകും.
വൈറസിന്റെ വ്യാപനത്തിന് ഒരുപരിധി വരെ നമ്മുടെ അറിവില്ലായ്മയും ശ്രദ്ധക്കുറവും പ്രധാന കാരണമാണെന്നു പറയാം. ഇതിനെ എങ്ങനെ നമുക്ക് ചെറുക്കാം എന്ന കാര്യത്തില്‍ നാമോരോരുത്തരും ബോധവാന്മാരാകേണ്ടതുണ്ട്. ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്കൊഴിച്ച് പുറത്തേക്കുള്ള സഞ്ചാരം ഒഴിവാക്കുക, മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ മൂന്ന് അടി അകലം പാലിക്കുക, ഷെയ്ക്ക്ഹാന്‍ഡ് കൊടുക്കാതിരിക്കുക, അവരെ ചേര്‍ത്തു പിടിക്കാതിരിക്കുക. ഇതിനോടൊപ്പം തന്നെ നമ്മള് സ്വയം വൃത്തിയായിരിക്കുക എന്നതും പ്രധാനമാണ്.
രോഗങ്ങള്‍ ഏതാണെങ്കിലും അവ പകരാതിരിക്കാന്‍ വ്യക്തിശുചിത്വമാണ് ആദ്യമായി വേണ്ടത്. ഓരോ പ്രാവശ്യവും പുറത്തുപോയി വീണ്ടും വീട്ടിലേക്ക് കയറി വരുമ്പോള്‍ കൈ രണ്ടും നല്ല വൃത്തിയായി 20 സെക്കന്റോളം സോപ്പോ, ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകുക. അങ്ങനെ ചെയ്താല്‍ഒരു പരിധി വരെ ഈ വൈറസിനെ നമ്മില്‍നിന്ന് അകറ്റി നിര്‍ത്താന്‍ സാധിക്കും. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. അതുപോലെ നമ്മുടെ മുഖത്ത് കൈകൊണ്ട് സ്പര്‍ശിക്കാതിരിക്കുക. കാരണം നമ്മുടെ സ്പര്ശനങ്ങള് നമുക്ക് തന്നെ വിനയായി വരാം. ഇതുകൂടാതെ ഒരു പനിയോ ചുമയോ ജലദോഷമോ വന്നാല്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ തന്നെ ഹെല്പ് ലൈനില്‍ വിളിച്ച് വിവരമറിയിക്കുക. അതൊരുപക്ഷേ കൊറോണ വൈറസ് ആകണമെന്നില്ല. എങ്കിലും നമ്മള് ഒരു സ്വയരക്ഷ എടുക്കുന്നത് എപ്പോഴും നല്ലതാണ്. നമ്മളെ നമ്മള് സ്വയം സംരക്ഷിക്കുക എന്നതിനുപുറമെ മറ്റുള്ളവരെ കൂടി സംരക്ഷിക്കാന്‍ നമ്മള് ബാധ്യസ്ഥരാണ്. വ്യക്തി ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് സംസ്ഥാന ആരോഗ്യ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് — 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജങ്ഷനുകളിലും, ആശുപത്രികളിലും, മറ്റും ഹാന്‍ഡ് വാഷ് കോര്‍ണറുകള്‍ സ്ഥാപിച്ച് കോവിഡ് പ്രതിരോധ ക്യാമ്പയിനെ യുവജന പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ആവേശപൂര്‍വമാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ മഹായജ്ഞത്തില്‍ നമുക്കോരോരുത്തര്‍ക്കും പങ്കാളികളാകാം. അങ്ങനെ നമുക്ക് കോവിഡ് — 19 രോഗ വ്യാപനത്തിന്റെ ചങ്ങലക്കണ്ണികളെ പൊട്ടിച്ചെറിയാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.