മനുഷ്യരുടെ ശ്രവണ, സംസാര സംവിധാനങ്ങൾ, അവയിലുണ്ടാകുന്ന തകരാറുകൾ, പരിഹാര മാർഗങ്ങൾ തുടങ്ങിയവയുടെ വിശദ പഠനമാണ് ബാച്ചിലർ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബിഎഎസ്‌എല്‍പി).
ആശയ വിനിമയ പരാധീനതയുള്ളവർക്കിടയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് കഴിവും വൈദഗ്ധ്യവുമുള്ളവരെ സൃഷ്ടിക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം. ഒരു വർഷത്തെ ഇന്റേൺഷിപ്പ് അടക്കം നാലു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍സിഐ)യിൽ രജിസ്റ്റർ ചെയ്യണം.
ക്ഷമ, സഹാനുഭൂതി, അനുകമ്പ, സേവന മനഃസ്ഥിതി തുടങ്ങിയ സ്വഭാവഗുണമുള്ളവർക്ക് തിളങ്ങാൻ കഴിയുന്ന മേഖലയാണിത്. ബിഎഎസ്എൽപി പഠനത്തിന് ദേശീയ തലത്തിലടക്കം നിരവധി സ്ഥാപനങ്ങളുണ്ട്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്
ബിഎഎസ്എൽപി പഠനത്തിന് ഇന്ത്യയിലെ ഏറ്റവും പ്രശസ്ത സ്ഥാപനമാണ് മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് (എഐഐഎസ്‌എച്ച്). ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. 2024–25 വർഷത്തെ പ്രവേശനത്തിന് മേയ് 15നകം www.aiishmysore.in വഴി അപേക്ഷിക്കണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. ബിഎഎസ്എൽപി പ്രോഗ്രാമുകൾക്ക് പുറമേ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ഗവേഷണ തലങ്ങളിലായി മറ്റു പഠനാവസരങ്ങളുമുണ്ട്.
80 സീറ്റുകൾ
ഒരു വർഷ ഇന്റേൺഷിപ്പടക്കം നാല് വർഷമാണ് ബിഎഎസ്എൽപി പ്രോഗ്രാം. 80 സീറ്റുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/സൈക്കോളജി വിഷയങ്ങളിൽ ചുരുങ്ങിയത് മൂന്നു വിഷയങ്ങളെങ്കിലും പഠിച്ച്, 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്കാണ് യോഗ്യത. പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.
പരീക്ഷ
മേയ് 28ന് ദേശീയതലത്തിൽ പരീക്ഷ നടക്കും. 150 മിനിറ്റ് ദൈർഘ്യമുള്ള കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയാണ്. 150 മൾട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങൾ. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളും ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഏതെങ്കിലുമൊന്നോ എഴുതണം. ഓരോ വിഷയത്തിലും 50 ചോദ്യങ്ങൾ വീതം.കോഴിക്കോട്, തൃശൂർ, മൈസൂരു, ബംഗളൂരു, ചെന്നൈ അടക്കം 13 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാം. അപേക്ഷയിൽ മുൻഗണന അനുസരിച്ച് മൂന്ന് കേന്ദ്രങ്ങൾ സൂചിപ്പിക്കണം. 1,625 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1,225 രൂപമതി. മേയ് 21 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
സ്റ്റൈപ്പന്റോടെ പഠിക്കാം
പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് ആദ്യ മൂന്ന് വർഷങ്ങളിൽ പ്രതിമാസം 800 രൂപ വീതം (വർഷത്തിൽ പത്ത് മാസം) സ്റ്റൈപ്പന്റ് ലഭിക്കും. നാലാം വർഷത്തിലുള്ള ഇന്റേൺഷിപ്പ് കാലഘട്ടത്തിൽ പ്രതിമാസം 5000 രൂപ വീതവും ലഭിക്കും. ഇന്റേൺഷിപ്പ് നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റുകളിലാണെങ്കിൽ പ്രതിമാസം 6,000 രൂപ വീതം ലഭിക്കും. വിശദാംശങ്ങൾ പ്രോസ്പക്ടസിൽ ലഭിക്കും. വെബ്സൈറ്റ്: www.aiishmy sore.in, ഇമെയിൽ: admission@aiish mysore.in, ഫോൺ: 0821–2502228/2594.
അലിയാവർ ജംഗ് നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട്
കേന്ദ്ര സർക്കാരിന്റെ ദിവ്യാംഗൻ വകുപ്പിന് കീഴിൽ (Department of Empowerment of Persons with Disabilities) പ്രവർത്തിക്കുന്ന അലിയാവർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് ഡിസേബിലിറ്റീസിന്റെ സെക്കന്തരാബാദ്, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, നോയ്ഡ കേന്ദ്രങ്ങളിൽ ബിഎഎസ്എൽപി കോഴ്സുകൾ ലഭ്യമാണ്. നോയ്ഡ ഒഴികെയുള്ള കേന്ദ്രങ്ങളിലെ പ്രവേശനത്തിന് ദേശീയതല എൻട്രൻസ് പരീക്ഷയുണ്ട്. തിരുവനന്തപുരം, ചെന്നൈ അടക്കം 12 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ജൂൺ 28നാണ് പരീക്ഷ. ഫിസിക്സ്, കെമിസ്ട്രി എന്നിവയോടൊപ്പം മാത്തമാറ്റിക്സ്, ബയോളജി, കമ്പ്യൂട്ടർ സയൻസ് (ചില കേന്ദ്രങ്ങളിൽ സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ടോണിക്സ്, സൈ ക്കോളജിയും പരിഗണിക്കും) തുടങ്ങിയ വിഷയങ്ങളിലേതെങ്കിലുമൊന്നോ പഠിച്ച്, 50 ശതമാനം മാർക്കോടെ (പട്ടിക / ഭിന്നശേഷിക്കാർക്ക് 45 ശതമാനം മതി) പ്ലസ്‌ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. aliyavarjung.epravesh.com എന്ന വെബ് സൈറ്റ് വഴി ജൂൺ എട്ടിനകം അപേക്ഷിക്കണം. വിശദാംശങ്ങൾ ayjnishd.nic.in ൽ ലഭ്യമാണ്.
ഇമെയിൽ: ayjnihh-mum@nic.in
ഫോൺ:022–69102151/152
മറ്റ് പ്രധാന സ്ഥാപനങ്ങൾ
സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി റീഹാബിലിറ്റേഷൻ ട്രെയിനിങ് & റിസർച്ച് (SVNIRTAR) കട്ടക്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റീസ് (NIEPMD) തമിഴ്‌നാട്, കോമ്പസിറ്റ് റീജയണൽ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷൻ & എംപവർമെന്റ് ഓഫ് പഴ്സൻസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ് (CRCSRE) ഗുവാഹത്തി എന്നീ സ്ഥാപനങ്ങളിൽ കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി ബിഎഎസ്എൽപിക്ക് അവസരമുണ്ട് (admis sion.sv nirtar.nic.in).
വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആന്റ് റിസർച്ച് (PGI MER) ചണ്ഡീഗഢ്, ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ, ഡോ. എസ് ആർ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് ബംഗളൂരു, മണിപ്പാൽ കോളജ് ഓഫ് ഹെൽത്ത് പ്രൊഫഷൻസ്,ഹോളി ക്രോസ് കോളജ് ട്രിച്ചി (പെൺകുട്ടികൾക്ക് മാത്രം) തുടങ്ങിയ സ്ഥാപനങ്ങളിലും ബിഎഎസ്എൽപി കോഴ്സ് ലഭ്യമാണ്.
പഠനം കേരളത്തിൽ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് (എന്‍ഐഎസ്‌എച്ച്) തിരുവനന്തപുരം,
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ഐസിസിഒഎന്‍എസ്) ഷൊർണൂർ,
ബേബി മെമ്മോറിയൽ കോളജ് ഓഫ് അലൈഡ് മെഡിക്കൽ സയൻസസ് കോഴിക്കോട്, മാർത്തോമ്മ കോളജ് കാസർകോട്, എഡബ്ല്യുഎച്ച് സ്പെഷ്യൽ കോളജ് കോഴിക്കോട് എന്നിവയാണ് കോഴ്സ് നൽകുന്ന കേരളത്തിലെ സ്ഥാപനങ്ങൾ. എൽബിഎസ് സെന്റർ (lbscentre.in) വഴി പ്ലസ്ടു മാർക്കടിസ്ഥാനത്തിലാണ് പ്രവേശനം. വിജ്ഞാപനം വന്നിട്ടില്ല.
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും എൻട്രൻസ് പരീക്ഷ വഴി ബിഎഎസ്എൽപി കോഴ്സിന് പ്രവേശനം നൽകുന്നുണ്ട്.
അവസരങ്ങൾ
കേൾവി ശക്തി പരിശോധിക്കുകയും ആവശ്യമായ ശ്രവ്യ ഉപകരണങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന ഓഡിയോളജിസ്റ്റുകളായും സംസാര വൈകല്യങ്ങൾ പരിഹരിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റുകളായും ബിഎഎസ്എൽപി പൂർത്തിയാക്കിയവർക്ക് പ്രവർത്തിക്കാം.
ആശുപത്രികൾ, സ്പെഷ്യൽ സ്കൂളുകൾ, സ്പീച്ച് ആന്റ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ശ്രവണ ഉപകരണ നിർമ്മാണ ശാലകൾ, വൈകല്യമുള്ളവരെ സഹായിക്കുന്ന ഗവൺമെന്റ്, ഗവൺമെന്റിതര ഏജൻസികൾ, റിസർച്ച് സെന്ററുകൾ, ചൈൽഡ് ഗൈഡൻസ് സെന്ററുകൾ എന്നിവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ട്.
യുകെ, കാനഡ, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുഎസ്എ മുതലായ വിദേശ രാജ്യങ്ങളിലും മികച്ച അവസരങ്ങളുണ്ട്. സ്വയംതൊഴിൽ സംരംഭം എന്ന നിലയിൽ ഓഡിയോളജി ആന്റ് സ്പീച്ച് ക്ലിനിക്കുകൾക്കും സാധ്യതകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.