കേരളം അങ്ങനെ വായിച്ചു വളരട്ടെ മദയാനകള്‍ ചെറുവിരല്‍ കുത്തികുതിക്കട്ടെ!

Web Desk
Posted on November 13, 2017, 1:00 am

വാതില്‍പ്പഴുതിലൂടെ ദേവിക

വായനാസംസ്‌കാരത്തില്‍ മലയാളിയെ തോല്‍പിക്കാന്‍ ബ്രഹ്മാണ്ഡത്തില്‍ ഒരാളുമില്ലെന്ന് ആരും സമ്മതിച്ചുപോകും. അതുകൊണ്ടാണല്ലോ നമ്മുടെ പുസ്തകങ്ങള്‍ മരിക്കാതിരിക്കുന്നതും ‘ഒരു സങ്കീര്‍ത്തനം പോലെ’ ‘ചെമ്മീനും’ ‘രണ്ടാമൂഴ’വും പോലെ നമ്മുടെ വായനയുടെ ‘സ്പന്ദമാപിനികള്‍’ ആകുന്നതും. മലയാളികളെ വായിച്ചുവളരാന്‍ വെളിച്ചം തെളിച്ച പി എന്‍ പണിക്കര്‍ സാറിനെപോലുള്ള കൃതഹസ്തരുടെ ചരിത്രവും മരിക്കാത്ത മലയാളത്തിന്റെ നെടുംതൂണുകളിലൊന്നാവുന്നു.
മലയാളിക്ക് വായിച്ചുവളരാന്‍ കാലാകാലങ്ങളില്‍ ചില സംഭവശ്രേണികളും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ വായനാശീലം വളര്‍ത്താന്‍ പ്രചോദനമാവുമെന്ന് മലയാളികള്‍ സ്വപ്‌നേപി കരുതിയിരുന്നില്ല. കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലെ വരണ്ടുണങ്ങിയ ഭാഷ തന്നെയായിരുന്നു കാരണം. ‘പ്രതിസ്ഥാനത്തുനില്‍ക്കുന്ന കക്ഷിയും കക്ഷികളും കുറ്റാരോപിതരാണെന്ന ഒന്നാം സംഗതിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു രണ്ടാം സംഗതിയായി പറയാമെങ്കിലും മൂന്നാം സംഗതിയായ അനുബന്ധരേഖകള്‍ അവ്യക്തമായതിനാലും നാലാം സംഗതിപ്രകാരം എന്തുചെയ്യണമെന്നറിയാതെ കമ്മിഷന്‍ കുഴങ്ങുന്നതിനാലും…’ എന്നിങ്ങനെയുള്ള ഭൂതകാല കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ വായിച്ച് ജനം അന്തംവിട്ടുപോകുകയേയുള്ളു. അന്തംവിടാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകളെന്തിന് ക്രൈംത്രില്ലറുകള്‍ പോരേ എന്ന് ജനം ചിന്തിക്കുന്നതും സ്വാഭാവികം.
പക്ഷേ സോളാര്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആബാലവൃദ്ധം ആ റിപ്പോര്‍ട്ടിനുവേണ്ടി പരക്കം പായുന്നു. സാമ്പത്തിക പ്രയാസങ്ങളില്‍ നട്ടംതിരിയുന്ന ധനമന്ത്രി തോമസ് ഐസക്കിന് ഇതാ ഒരു കനകാവസരം. ഈ കമ്മിഷന്‍ റിപ്പോര്‍ട്ട് അച്ചടിച്ചു വില്‍പനയ്ക്ക് വച്ചാല്‍ പുസ്തകപ്രേമികള്‍ അതുവാങ്ങി ധനമന്ത്രിയുടെ ഖജനാവ് നിറയ്ക്കും. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായ സരിതയുടെ കത്തുമാത്രം മതി മലയാളിയുടെ വായനാസംസ്‌കാരം വാനോളം ഉയര്‍ത്താനെന്നാണ് അതുവായിച്ച യുവ എംഎല്‍എമാര്‍ പറയുന്നത്. കൊക്കോകമുനിയുടെ കാമസൂത്രത്തേയും വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തേയും വെല്ലുന്ന ക്ലാസിക്കാണ് സരിതയുടെ കത്തെന്നു കൂടിയറിഞ്ഞതോടെ ചെറുതരക്കാര്‍ മാത്രമല്ല വൃദ്ധരും മൈഥുനകലയുടെ ഈ ആധികാരികഗ്രന്ഥങ്ങള്‍ വാങ്ങാന്‍ പുസ്തകശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നു. ‘ഉപരി, വദന, ഗോയൂധങ്ങള്‍’ തുടങ്ങിയ സരിത പറഞ്ഞ സംഭോഗവര്‍ണനകളുടെ അര്‍ഥം പിടികിട്ടാനാണത്രേ പയ്യന്മാരുടെ ക്യൂവെങ്കില്‍ എഴുപതും തൊണ്ണൂറുമൊക്കെയായ ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമൊക്കെയാവുന്നത് തങ്ങള്‍ക്കും എന്തുകൊണ്ടാവില്ലെന്നറിയാനാണ് വൃദ്ധന്മാരുടെ നീണ്ട നിരകള്‍.
സരിത പണ്ടുപറഞ്ഞത് താന്‍ താങ്ങിയ പീഡനഭാരം പുറത്തുപറഞ്ഞാല്‍ ഭാരം താങ്ങാനാവാതെ ഭൂമിമലയാളം ഇടിഞ്ഞുതാണു പോകുമെന്നായിരുന്നു. പക്ഷേ സരിതയ്ക്കിതാ ഒരു എതിരാളി രംഗപ്രവേശം ചെയ്തിരിക്കുന്നു. മെക്‌സിക്കോയിലെ കാര്‍ലോ എന്ന യുവതി. തന്നെ അഞ്ചുവയസു മുതല്‍ ഈ മധുര മുപ്പത്തേഴാം വയസുവരെ 43,200 പേര്‍ പീഡിപ്പിച്ചുവെന്നാണ് കാര്‍ലോയുടെ വെളിപ്പെടുത്തല്‍. എണ്ണിക്കൊണ്ട് പീഡനവിധേയയായ ഈ മിടുമിടുക്കി ഗിന്നസ് ബുക്കില്‍ കയറിയോ എന്നറിയില്ല. എന്തായാലും താന്‍ ആ റെക്കോഡ് പണ്ടേ ഭേദിച്ചിട്ടുണ്ടെന്ന് സരിത തന്റെ തുടര്‍വെളിപ്പെടുത്തലുകളിലൂടെ നമ്മോട് രതികഥകള്‍ പറഞ്ഞുതരുമായിരിക്കും.
പക്ഷേ നാല് കൊല്ലത്തോളം കമ്മിഷന്‍ ഭരിച്ച ജസ്റ്റിസ് ശിവരാജന് ഒരു വീഴ്ച പറ്റിയെന്ന് ദേവികയ്ക്ക് സംശയമുണ്ട്. അബ്ദുള്ളക്കുട്ടി ഒരത്ഭുത കുട്ടിയാണെന്ന് കണ്ടെത്താന്‍ കമ്മിഷനായില്ല. അബ്ദുള്ളക്കുട്ടി തന്നെ പലതവണ ബലാല്‍സംഗം ചെയ്തുവെന്നും പുഷ്പം പോലെ തന്നെ മാസ്‌കറ്റ് ഹോട്ടല്‍ മുറിയിലെ മെത്തയില്‍ എടുത്തെറിഞ്ഞിട്ടായിരുന്നു ‘നടപടിക്രമ’ങ്ങളെന്നുമാണ് സോളാര്‍ റാണി രേഖാമൂലം കമ്മിഷന് മൊഴി നല്‍കിയത്. ഒരു തവണ ബലാല്‍സംഗത്തിനിരയായാല്‍ ആ യുവതി മാനസികാഘാതത്തില്‍ തകര്‍ന്നുപോവുകയാണ് നാട്ടുനടപ്പ്. മനോനില തെറ്റി ആത്മഹത്യ ചെയ്ത ഇത്തരം സംഭവങ്ങളും ധാരാളം. പിന്നെ ബലാല്‍സംഗത്തിനെതിരെ കേസും കൂറുമാറ്റവുമെല്ലാമാവും. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ ആദ്യ ബലാല്‍സംഗത്തില്‍ ഈ ചരിത്രം അവസാനിക്കുന്നില്ല. പലതവണ അദ്ദേഹം തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് സരിത കട്ടായമായി പറയുമ്പോള്‍ ഒരു സംശയം. ‘ഭവാന്‍ എന്നെ ഒരിക്കല്‍ക്കൂടി ബലാല്‍സംഗം ചെയ്തു തരുമോ’ എന്ന് കേണപേക്ഷിച്ച് പിന്നെയും പിന്നെയും ബലാല്‍സംഗവിധേയയാകാന്‍ അബ്ദുള്ളക്കുട്ടിയുടെ കിടപ്പറയിലേയ്ക്ക് സരിത ചെന്നുവെന്നു വരുമ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ അത്ഭുതസിദ്ധികള്‍ കൂടി കമ്മിഷന്‍ ‘പരിശോധി‘ച്ചിരുന്നുവെങ്കില്‍ റിപ്പോര്‍ട്ട് കൂടുതല്‍ സര്‍വസ്പര്‍ശിയും സമ്പന്നവുമാകുമായിരുന്നു.
ഇതിനിടെ ഫിഫയുടെ പ്രസിഡന്റായിരുന്ന സെപ്ബ്ലാറ്ററുടെ ഒരു ചെയ്ത്ത് വെളിച്ചത്തുവന്നത് മഹാ ചെയ്ത്തായിപ്പോയെന്ന് ആര്യാടനും ഉമ്മന്‍ചാണ്ടിയും പരിതപിക്കുന്നുണ്ടാവും. അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന ഹോപ് സോളോ ഒരു ഫുട്‌ബോള്‍ സമ്മാനവേദിയില്‍ കയറവേ 81കാരനായ ബ്ലാറ്റര്‍ തന്റെ അരുതാത്ത ഭാഗങ്ങളില്‍ പരതിനോക്കിയെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ പ്രായം ഈ വിക്രിയകള്‍ക്കൊന്നും തടസമല്ലെന്ന് ലോകഫുട്‌ബോളിനെ നിയന്ത്രിച്ചിരുന്ന പടുവൃദ്ധന്‍ തെളിയിച്ചപ്പോള്‍ ഇനി പ്രായം പറഞ്ഞു പിടിച്ചുനില്‍ക്കാനുമാവില്ല എന്ന പരുവക്കേടിലായി ആര്യാടന്‍ മുഹമ്മദും ഉമ്മന്‍ചാണ്ടിയും.
മന്ത്രി തോമസ് ചാണ്ടിക്ക് ഇനി ചെറുവിരല്‍ കുത്തി പുന്നമടക്കായലിലൂടെ ലേക്പാലസിലേയ്ക്കും അവിടെ നിന്നും ചെറുവിരല്‍ കുത്തിത്തന്നെ അറബിക്കടല്‍ താണ്ടി തലകീഴായി കുവൈറ്റിലേക്കും കുതിക്കാം. ഇടതുമുന്നണി യോഗം കുവൈറ്റ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന തീരുമാനത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു. പുറത്താക്കണമോ രാജിവയ്പിക്കണമോ എന്ന് ഇനി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. എന്തായിരുന്നു ചാണ്ടിയുടെ അഭ്യാസപ്രകടനങ്ങള്‍. ‘മലപ്പുറം കത്തി, ഒലക്കേടെ മൂട്. ഒടുവില്‍ പവനായി ശവമായി’ എന്ന തിലകന്‍ വചനം പോലെയുള്ള പരിണാമം. തോളത്തിരുന്നു ചെവികടിക്കുന്നതുപോലെ മന്ത്രിപ്പണി നിയമലംഘനങ്ങള്‍ക്കും സത്യപ്രതിജ്ഞാ ലംഘനത്തിനുമുള്ള ചവിട്ടുപടിയാക്കി ഈ രാഷ്ട്രീയ മുതലാളി. താനും നാറി ഇടതുമുന്നണിയേയും മന്ത്രിസഭയേയും നാറ്റിയിട്ടേ പുറത്തുപോകൂ എന്ന പിടിവാശി കാട്ടിയ തോമസ്ചാണ്ടി അവസാന നിമിഷങ്ങളില്‍ വികാരാധീനനായത്രേ. സൗമ്യയെ കൊന്ന ശേഷം ബലാല്‍സംഗം ചെയ്ത ഗോവിന്ദച്ചാമിയും കോടതിയില്‍ വികാരാധീനനായിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. പക്ഷേ ഈ മുതലക്കണ്ണീരുകള്‍ക്ക് ജനം മാപ്പുനല്‍കില്ലെന്നു മാത്രം ഓര്‍ക്കുക.
പണത്തിന്റെ ഹുങ്കുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെത്തന്നെ വിലയ്‌ക്കെടുത്ത പുന്നമടക്കായല്‍ രാജാവ് കരുതിയത് ജനകോടികള്‍ നെഞ്ചേറ്റിയ ഇടതുമന്ത്രിസഭയേയും വിലയ്‌ക്കെടുക്കാമെന്നായിരുന്നു. ഒരു മരുന്നിനോടും പ്രതികരിക്കാതെ മദപ്പാടിളകി നാടാകെ കുത്തിമറിച്ച കൊലകൊമ്പനെപോലെ അര്‍മാദിച്ചുനടന്ന് മന്ത്രിഭയെത്തന്നെ കച്ചവടച്ചരക്കാക്കാമെന്ന കുവൈറ്റ് ചാണ്ടിയുടെ കളിയാണ് പാളിയത്. കാരണം ചാണ്ടി നിയമസഭയിലെത്തിയത് വിപ്ലവസ്മൃതികള്‍ മയില്‍പ്പീലിത്തുണ്ടുകള്‍ പോലെ മനസില്‍ സൂക്ഷിക്കുന്ന കുട്ടനാട്ടില്‍ നിന്നാണെന്നോര്‍ക്കുക.
ഈ പാടവരമ്പുകളിലാണ് കേരളത്തിലെ ആദ്യത്തെ വിപ്ലവ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം ഉയിരെടുത്തത്. കുട്ടനാട്ടെ കൈനകരിയില്‍ ജാനകി എന്ന കര്‍ഷകത്തൊഴിലാളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വി എസ് അച്യുതാനന്ദനെപോലുള്ള വിപ്ലവകാരികളെ വളര്‍ത്തിയെടുത്ത വടവൃക്ഷമായി പടര്‍ന്നുപന്തലിച്ചത്. ചോരവീണ ആ കായലുകളുടേയും പുഞ്ചപ്പാടങ്ങളുടേയും ചരിത്രം പാപക്കറകൊണ്ട് മറയ്ക്കാന്‍ തോമസ് ചാണ്ടിയല്ല ഏത് കീച്ചിപ്പാപ്പ വിചാരിച്ചാലും നടക്കുമോ.
ഏത് മദയാനയ്ക്കും അവസാനം ചരിഞ്ഞേപറ്റൂ. ഇല്ല ഒരു രണ്ടുകൊല്ലം കഴിയുമ്പോള്‍ ചിലപ്പോള്‍ ചരിയുമെന്ന് കൊലകൊമ്പന്‍ പറഞ്ഞാല്‍ അത് മാലോകരോടുള്ള വെല്ലുവിളിയാണ്. ചരിയാന്‍ തയാറാകാത്ത ആനയെ തളയ്ക്കാനും കൊല്ലാനും അവര്‍ക്കറിയാം. ഇടതുമുന്നണിയുടെ നിര്‍ണായകയോഗത്തിലുണ്ടായതും ജനത്തിനും നിയമത്തിനും ഭീഷണിയായ ഈ മദയാനയെ തളയ്ക്കാനുള്ള സ്വാഗതാര്‍ഹമായ തീരുമാനം. ഇല്ലെങ്കില്‍ ജനത്തിന് ഇനിയും നിയമത്തിന്റെ തീയുണ്ടകള്‍ ഉതിര്‍ക്കേണ്ടിവരുമായിരുന്നു.