2025 മാര്‍ച്ച് മൂന്നാം തീയതി ആരംഭിച്ച എസ്എസ്എല്‍സി, പ്ലസ് ടു പൊതു പരീക്ഷകള്‍ ഈ മാസം 26-ാം തീയതി പര്യവസാനിക്കുകയാണല്ലോ. മറ്റ് പൊതു പരീക്ഷകളെപ്പോലെ വളരെ പെട്ടെന്ന് പൂര്‍ത്തീകരിക്കുന്ന പരീക്ഷകളല്ല എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍. അതുകൊണ്ടുതന്നെ അതിന്റെ പ്രാധാന്യവും നാം ഉള്‍ക്കൊള്ളേണ്ടതാണ്. അതിനാല്‍ മൂന്നാഴ്ചകളിലേറെ തുടരുന്ന പരീക്ഷകളായതിനാല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ലഭ്യമായ വിലപ്പെട്ട സമയവും കഴിവും നൈപുണികളും പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. പൊതുപരീക്ഷ എഴുതുന്ന എല്ലാ മിടുക്കരായ കൂട്ടുകാരും വളരെ ശ്രദ്ധയോടും അച്ചടക്കത്തോടും കൂടി ധ്യാന സമാനമായ പ്രവര്‍ത്തനശൈലിയും അര്‍പ്പണ മനോഭാവവും ഉള്‍ക്കൊണ്ട് കൃത്യതയോടും സമയനിഷ്ഠയോടും കൂടി വളരെ ചിട്ടയായ പഠനപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കേണ്ടതാണ്. ഓരോ വിഷയത്തിലെയും പഠനവിധേയമാക്കേണ്ട പാഠഭാഗങ്ങളില്‍ നിന്നും പൊതുപരീക്ഷയില്‍ ലഭ്യമാകാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ എപ്രകാരമാണെന്നും അവയ്ക്കുള്ള ഉത്തരസൂചികകള്‍ എപ്രകാരം പൊതുപരീക്ഷയില്‍ എഴുതണമെന്നുമുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിരന്തരം ചെയ്യേണ്ടതാണ്. പരീക്ഷകള്‍ക്ക് ഇടയ്ക്കുള്ള അവധി ദിവസങ്ങള്‍ ക്രിയാത്മകമായും സമയബന്ധിതമായും ഗുണമേന്മയോടുകൂടിയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തേണ്ടതാണ്. പൊതു പരീക്ഷയ്ക്ക് പഠനവിധേയമാക്കുന്ന എല്ലാ വിഷയങ്ങളും അവയുടെ സ്കോറിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് പഠനപ്രവര്‍ത്തനം മികവുറ്റതാക്കേണ്ടതാണ്. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി കൂടുതല്‍ സമയം കണ്ടെത്തി സംശയദൂരീകരണം നടത്തി മറ്റ് വിഷയങ്ങള്‍ക്കൊപ്പം സ്കോര്‍ ആര്‍ജിക്കുവാന്‍ നിരന്തരം പരിശ്രമിക്കേണ്ടതാണ്. എന്നാല്‍ എളുപ്പമുള്ള വിഷയങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം നല്കിയേതീരൂ. കാരണം എളുപ്പമുള്ള വിഷയങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ കടുതല്‍ മികവുറ്റ സ്കോര്‍ നേടുവാന്‍ കഴിയുമെന്ന തിരിച്ചറിവ് അനിവാര്യമാണ്. മാത്രമല്ല, എല്ലാ പരീക്ഷകളും പരീക്ഷയാണെന്നുള്ള വിചാരം നമുക്ക് കൂടിയേ മതിയാകൂ.
പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് എഴുതുന്ന ഓരോ വിഷയ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ചോദ്യങ്ങളുടെയും നിര്‍ദേശങ്ങള്‍ക്കും സ്കോറിനും അനുസരിച്ച് മാത്രമേ ഉത്തരസൂചികകള്‍ രേഖപ്പെടുത്താവൂ. ഒരിക്കലും ചെറിയ സ്കോറിന് വിപുലമായ ഉത്തര സൂചികകള്‍ നല്കേണ്ട ആവശ്യമില്ല. അതുപോലെ വലിയ സ്കോര്‍ നല്കിയിരിക്കുന്ന ചോദ്യാവലികള്‍ക്ക് അതിന് അനുസൃതമായ വിപുലമായ ഉത്തരസൂചികകള്‍ നല്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പൊതുപരീക്ഷയിലെ നിര്‍ദേശങ്ങളനുസരിച്ച് ഉത്തരസൂചികകള്‍ എഴുതുമ്പോള്‍ സമയബന്ധിതമായി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരസൂചികകള്‍ നല്കേണ്ടത് ഒരു പരീക്ഷാര്‍ത്ഥിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്ന് പ്രത്യേകം തിരിച്ചറിയേണ്ടതാണ്. എങ്കില്‍ മാത്രമേ ഏതൊരു പരീക്ഷയ്ക്കും മികവുറ്റ സ്കോര്‍ ലഭിക്കുകയുള്ളു. ഓരോ പരീക്ഷയും സന്തോഷപൂര്‍ണമാക്കുന്നതിനുവേണ്ടി എല്ലാ പരീക്ഷകളിലും പരീക്ഷാ സാമഗ്രികളും ഹാള്‍ ടിക്കറ്റും സൂക്ഷിക്കുവാനും കൈവശം വയ്ക്കുവാനും പ്രത്യേകം ഗൗനിക്കേണ്ടതാണ്. പരീക്ഷാ ഹാളില്‍ നിര്‍ദിഷ്ട സമയം എല്ലാ ദിവസവും എത്തിച്ചേരുവാന്‍ എല്ലാ പരീക്ഷാര്‍ത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം. പൊതു പരീക്ഷകള്‍ അവസാനിക്കുന്നതുവരെ പൂര്‍ണ ആരോഗ്യം നിലനിര്‍ത്തുവാന്‍ പരീക്ഷാര്‍ത്ഥികളും രക്ഷിതാക്കളും അതീവ ജാഗ്രത നിലര്‍ത്തേണ്ടതാണ്.
പൊതു പരീക്ഷകള്‍ പൂര്‍ണ സന്തോഷത്തോടും മാനസിക പിരിമുറുക്കവും സമ്മര്‍ദവും പരീക്ഷാ പേടിയും പരമാവധി ലഘൂകരിക്കുന്നതിനുവേണ്ടി മുന്‍ വര്‍ഷങ്ങളിലെ വിഷയാധിഷ്ഠിത പൊതു പരീക്ഷാ ചോദ്യപേപ്പറുകളിലെ ചോദ്യമാതൃകകള്‍ ഉള്‍ക്കൊണ്ട് പ്രസ്തുത ചോദ്യപേപ്പറുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എഴുതി ശീലിക്കാവുന്നതാണ്. ഓരോ വിഷയത്തിന്റെയും ഏറ്റവും കുറഞ്ഞത് അഞ്ച് പൊതുപരീക്ഷാ ചോദ്യങ്ങളെങ്കിലും പരിചയപ്പെടുകയും അതിന് ഓരോന്നിനും കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങളും സ്കോറും സമയവും കൃത്യതയോടുകൂടി പാലിച്ചുകൊണ്ട് പൊതുപരീക്ഷയുടെ പ്രാധാന്യം നല്കി സമയക്ലിപ്തത പാലിച്ച് എഴുതി നോക്കുകയും സ്വയം മൂല്യനിര്‍ണയം നടത്തുകയും തെറ്റുകള്‍ ഉണ്ടെങ്കില്‍ സ്വയം തിരുത്തുകയും കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നത് അനായാസം ഇനിയുള്ള പൊതുപരീക്ഷകള്‍ സുഗമമായി എഴുതുവാന്‍ ആര്‍ക്കും സാധിക്കുന്നതാണ്.
പരീക്ഷ ആരംഭിച്ചുകഴിഞ്ഞു. ഇനിയും ഒന്നും പഠിക്കുവാന്‍ സമയം ലഭിക്കുകയില്ലായെന്ന അര്‍ത്ഥശൂന്യമായ ചിന്തകള്‍ക്കും നിഗമനങ്ങള്‍ക്കും യാതൊരു പ്രസക്തിയും പരീക്ഷാ വേളകളില്‍ ഇല്ലായെന്ന് പൂര്‍ണമായി വിശ്വസിക്കേണ്ടതാണ്. നമുക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ള സമയത്തെ പൂര്‍ണ അര്‍ത്ഥത്തില്‍ ശാസ്ത്രീയമായി വിനിയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും മികവാര്‍ന്ന വിജയം കരസ്ഥമാക്കുവാന്‍ നിഷ്‌പ്രയാസം സാധിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. എല്ലാ പരീക്ഷാര്‍ത്ഥികളായ കൂട്ടുകാര്‍ക്കും വിജയാശംസകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.