ഡോ. അജീഷ്‌ പി ടി

December 29, 2020, 3:54 am

ആത്മവിശ്വാസത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം

Janayugom Online

പുത്തന്‍ പ്രതീക്ഷകളുമായാണ്‌ ഓരോ പുതുവര്‍ഷത്തേയും ലോകം വരവേല്‍ക്കുന്നത്‌. പുതിയ നൂറ്റാണ്ടിലെ കഴിഞ്ഞുപോയ സംവത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ നേട്ടങ്ങളുടെയും കോട്ടങ്ങളുടേയും സമ്മിശ്ര കണക്കുകള്‍ സ്വയം ഉള്‍ക്കൊള്ളുവാന്‍ തയാറായിക്കൊണ്ടാണ്‌ ലോകജനത പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കാളികളാകുന്നത്‌. ട്വന്റി ട്വന്റി (2020) എന്ന പദത്തിലെ കൗതുകത്തിനൊപ്പം നന്‍മയുടെ നാളുകളെ സ്വപ്‌നം കണ്ട ജനങ്ങളുടെ പ്രതീക്ഷകളെ തച്ചുടയ്‌ക്കുന്ന രീതിയിലുള്ള ദിനങ്ങളാണ്‌ കടന്നുപോയത്‌. കോവിഡ്‌ 19 ന്റെ അതിതീവ്രവ്യാപനം ലോകമെമ്പാടുമായ ഈ വര്‍ഷം ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട വര്‍ഷമായി പരിഗണിക്കേണ്ടി വരും. മുതിര്‍ന്നവരെ പോലെതന്നെ കുട്ടികളും വളരെയധികം സന്തോഷത്തോടെയാണ്‌ 2020 നെ കാത്തിരുന്നത്‌. എന്നാല്‍ കടുത്ത നിരാശ, സമ്മര്‍ദം, ഉത്‌കണ്‌ഠ തുടങ്ങിയ മാനസികാവസ്ഥകളുമായാണ്‌ ഓരോ ദിവസവും കഴിച്ചു കൂട്ടിയത്‌. സാമൂഹിക ഇടപെടലുകളുടെ വിളനിലമായ വിദ്യാലയങ്ങള്‍ പുതുവര്‍ഷത്തില്‍ തുറക്കുവാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ ഓരോ കുട്ടിയും.

പുതുവര്‍ഷ പ്രവര്‍ത്തനങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുവാനും ധൈര്യപൂര്‍വം ഏറ്റെടുത്ത്‌ മുന്നോട്ട്‌ നീങ്ങുവാന്‍ പ്രേരിപ്പിക്കുകയുമാണ്‌ രക്ഷിതാക്കള്‍ പ്രധാനമായും ചെയ്യേണ്ടത്‌. ഈ പ്രത്യേക കാലഘട്ടത്തില്‍ കഴിഞ്ഞു കൂടുന്ന കുട്ടികള്‍ക്ക്‌ ആത്മവിശ്വാസം, ധൈര്യം എന്നിവ വളരെക്കുറവാണെന്ന് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഓരോ ആളിന്റേയും വ്യക്തിഗതമായ വിശ്വാസമാണ്‌ ആത്മവിശ്വാസം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പായി അത്‌ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന്‌ സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത്‌ ആത്മവിശ്വാസത്തിന്റെ പൂര്‍ണ്ണതയാണ്‌. കുട്ടികളില്‍ ഇത്‌ ബാല്യകാലം മുതല്‍ ശരിയായരീതിയില്‍ രൂപപ്പെടുത്തിയെടുക്കുവാനുള്ള സ്വാഭാവികാവസ്ഥ ഉണ്ടാക്കിയെടുക്കുന്നതില്‍ അതീവ ശ്രദ്ധ നല്‍കണം. ഓരോ കുട്ടിയുടെയും കഴിവുകള്‍ തിരിച്ചറിയുവാനും അതിനെ പരിപോഷിപ്പിക്കുവാനുമുള്ള അവസരം വീടുകളില്‍ തന്നെ ഉണ്ടാക്കിയെടുക്കണം. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും കുട്ടിക്ക്‌ പരമാവധി പിന്തുണ നല്‍കുകയും രക്ഷിതാവിന്റെ സാമീപ്യം എപ്പോഴുമുണ്ടാകുമെന്ന ബോധ്യം നല്‍കുന്നതും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. പൂര്‍ത്തീകരിച്ച പ്രവൃത്തിയില്‍ വീഴ്‌ച സംഭവിച്ചാല്‍ ശിക്ഷിക്കുവാന്‍ നില്‍ക്കാതെ ആശ്വസിപ്പിക്കുവാന്‍ സാധിച്ചാല്‍ രക്ഷിതാക്കളോട്‌ കൂടുതല്‍ ഇഴുകി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാനും എല്ലാം കാര്യങ്ങളും തുറന്ന്‌ പറയുവാനും അവര്‍ താല്പര്യം കാട്ടും. അപകടങ്ങള്‍ കൂടുതലായി സംഭവിക്കുവാന്‍ സാധ്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്‌ അവസരം നല്‍കാം. എപ്പോഴും പോസിറ്റീവ്‌ ചിന്തകളും ആനുപാതിക മാതൃകകളും മാത്രം കുട്ടികളോട്‌ പങ്കു വയ്‌ക്കുവാന്‍ ശ്രമിക്കണം.

കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബ വ്യവസ്ഥയിലേക്ക്‌ കാലഘട്ടം മാറിയപ്പോള്‍ അംഗങ്ങള്‍ തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന വൈകാരിക ബന്ധത്തിന്റെ തീവ്രതയില്‍ കുറവ്‌ വന്നിട്ടുണ്ട്‌. ശൈശവകാലം മുതല്‍ വിവിധ ഗാര്‍ഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്‌ ശീലിപ്പിക്കുക. ഉദാഹരണമായി കഴിച്ച പാത്രം കഴുകല്‍, ശുചിമുറി വൃത്തിയാക്കല്‍, അടുക്കളയിലെ വിവിധ ജോലികള്‍ എന്നിവ ചെയ്യുന്നതിന്‌ പ്രാപ്‌തി നല്‍കുന്നതിലൂടെ ലീഡര്‍ഷിപ്പിന്റെ ആദ്യ പാഠങ്ങള്‍ പ്രായോഗികമായി മനസിലാക്കുന്നു. വീട്ടിലേക്ക്‌ വേണ്ട സാധനങ്ങള്‍ വാങ്ങുവാന്‍ പോകുന്ന രക്ഷിതാക്കളുടെ കൂടെ കുട്ടികളെ കൂട്ടികൊണ്ടു പോകുന്നരീതി, വീടിനടുത്ത കടയില്‍ നിന്ന്‌ സാധനം വാങ്ങുന്ന ശീലം എന്നിവ രൂപപ്പെടുത്തിയെടുക്കുക. ഇതിനിടയില്‍ എന്തെങ്കിലും അബദ്ധം സംഭവിച്ചാല്‍ അതിനെതിരെ കോപിക്കാതെ അത്‌ തിരിച്ചറിഞ്ഞ്‌ തിരുത്തുവാനുള്ള സമീപനം സ്വീകരിക്കുക. ഇത്തരം രീതികള്‍ പിന്തുടരുന്നതിലൂടെ സമൂഹത്തിലെ ശരി തെറ്റുകളെ നേരിട്ട്‌ മനസിലാക്കി ബോധ്യപ്പെടുവാനും സാധിക്കുന്നു. കൂടാതെ വ്യാപാര മേഖലയിലെ മാര്‍ക്കറ്റിങ്ങ്‌ തന്ത്രങ്ങള്‍ മനസിലാക്കി കാര്യക്ഷമമായ രീതിയില്‍ ജീവിക്കുവാന്‍ കുട്ടി സ്വയം പ്രാപ്‌തനാകുന്നു. ജീവിതശീലങ്ങള്‍ നൈപുണികള്‍, അനുഭവങ്ങള്‍ എന്നിവ ഫലപ്രദമായി മനസിലാക്കുവാന്‍ ശ്രമിക്കാതെ അകലം പാലിക്കുന്നവര്‍ സമൂഹത്തില്‍ നിന്നും അകലം പാലിക്കുമെന്നാണ്‌ യാഥാര്‍ത്ഥ്യം.

റഷ്യന്‍ചിന്തകനും എഴുത്തുകാരനുമായ ലിയോ ടോള്‍സ്റ്റോയിയുടെ അഭിപ്രായപ്രകാരം ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന്‌ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിന്‌ വിധേയരാകുവാന്‍ ആരും തയാറുമല്ല. അതിനാല്‍ ജീവിതവിജയം കരസ്ഥമാക്കുവാനും മാറ്റങ്ങള്‍ കടന്നു വരുന്നതിനും സമഗ്രവും തുടര്‍ച്ചയായതുമായ പരിശ്രമം അത്യാവശ്യമാണ്‌. ഇതിലൂടെ ആത്മവിശ്വാസവും വ്യക്തികള്‍ ആര്‍ജ്ജിക്കുന്നു. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളേയും ധൈര്യപൂര്‍വം അഭിമുഖീകരിക്കുക. സ്വന്തം മികവും പരിമിതിയും തിരിച്ചറിയുകയും കഴിവ്‌ പരിപോഷിപ്പിക്കുവാന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും വേണം. പോസിറ്റീവ്‌ ചിന്താഗതിയോടെ മുന്നോട്ട്‌ നീങ്ങുകയും കാലത്തിനനുയോജ്യമായ പുത്തന്‍ നൈപുണികള്‍ സ്വാംശീകരിച്ച്‌ കരുത്താര്‍ജ്ജിക്കുകയും വേണം. ചൈനയിലെ തത്വചിന്തകന്‍മാരുടെ ഉത്തമ ഗുരുവായി അംഗീകരിക്കപ്പെട്ട ലാവോത്സു പറഞ്ഞിട്ടുണ്ട്‌. “ആത്മവിശ്വാസത്തോളം വലിയൊരു സുഹൃത്തില്ലായെന്ന്‌ “അതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രതിബന്ധങ്ങളെ മറികടന്ന്‌ ജീവിത വിജയം കരസ്ഥമാക്കുന്നതിന്‌ ഓരോ കുട്ടിക്കും സാധിക്കട്ടെ.