Tuesday
10 Dec 2019

ദൈവാരാധനയെ തൊട്ടുകൂടായ്മകൊണ്ട് വികൃതമാക്കരുത്

By: Web Desk | Tuesday 17 October 2017 11:26 PM IST

ദളിതരടക്കം 36 അബ്രാഹ്മണരെ ക്ഷേത്രശാന്തിക്ക് നിയമിച്ച് പുതിയൊരു ചരിത്രം സൃഷ്ടിച്ച ഇടതുസര്‍ക്കാര്‍ തീരുമാനം ധീരവും ശ്ലാഘനീയവുമായി.
ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളെന്നു കേള്‍ക്കുമ്പോള്‍തന്നെ അവര്‍ണവിഭാഗ വിശ്വാസികള്‍ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഓച്ചാനിച്ചു തലകുനിച്ചു നില്‍ക്കേണ്ടി വരുന്ന ഗതികെട്ട ഈശ്വരാരാധനയ്ക്കാണ് പുതുനിയമം താഴിടുന്നത്. ദളിത് പിന്നാക്കവിഭാഗങ്ങള്‍ കാലങ്ങളായി കാത്തുകാത്തിരുന്ന സമത്വസ്വഭാവമുള്ള ആരാധനാസ്വാതന്ത്ര്യത്തിനാണ് കേരളം സാക്ഷ്യപ്പെടുന്നതെങ്കില്‍ സന്തോഷിക്കാം. മതമൈത്രിയുടേയും മതനിരപേക്ഷതയുടെയും ഈറ്റില്ലമായ കേരളത്തില്‍ ഇത്തരമൊരു ചരിത്രസംഭവം എന്നേ യാഥാര്‍ഥ്യമാക്കേണ്ടതായിരുന്നു. വിശ്വാസികളില്‍ ഭിന്നിപ്പു വളര്‍ത്താത്തൊരു ആരാധനാ സമ്പ്രദായം നടപ്പാക്കിയതില്‍ ഇടതു സര്‍ക്കാരിനഭിമാനിക്കാമെങ്കിലും ഇപ്പോഴത്തെ നിയമന തീരുമാനത്തില്‍ മാത്രമൊതുങ്ങാതെ സംസ്ഥാനവ്യാപകമായി ക്ഷേത്രങ്ങളിലെല്ലാം ഇതേ മാതൃക പിന്തുടരാനുള്ള ജാഗ്രത സര്‍ക്കാരിനുണ്ടാകണം.
മനുഷ്യകുലമൊന്നൊക്കെ പരിപാവനമെന്നു വിശേഷിപ്പിക്കുന്ന വിവാഹമെന്ന മഹനീയ കര്‍മത്തിനുപോലും ക്ഷേത്രസന്നിധികളില്‍ അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും അതിര്‍വരമ്പുകളുയരുമ്പോള്‍ വരണമാല്യവും പ്രസാദവുമൊക്കെ ഇട്ടുകൊടുത്തും എറിഞ്ഞുകൊടുത്തും നടത്തപ്പെടുന്ന വിവാഹമംഗളകര്‍മം ദര്‍ശിക്കുന്ന ദേവന്മാരും ദേവതകളുമൊക്കെ വേദനിക്കുന്നുണ്ടാകും. മറ്റൊരു സമുദായത്തിലും കാണാന്‍കഴിയാത്ത വൈകൃതരീതിയാണിത്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളിലെ ജീര്‍ണത ബാധിച്ച രീതികൂടിയാണത്.
സാധാരണ ജീവിതം നയിക്കുന്ന ക്ഷേത്രപൂജാരിമാര്‍ ശ്രീകോവിലിലെത്തുമ്പോള്‍ പവിത്രത കാത്തുസൂക്ഷിക്കുന്നതും ആ സമയങ്ങളില്‍ ഭക്തരുമായി അകലംപാലിച്ച് വിവാഹം പോലുള്ള മംഗളകര്‍മങ്ങളെ നിറംകെടുത്തുന്നതും നല്ല പ്രവണതയാണെന്ന് കരുതാനാവില്ല. ചട്ടങ്ങള്‍ പാലിക്കാത്തവര്‍ ക്ഷേത്രദര്‍ശനത്തിനെത്തില്ലെന്ന വിശ്വാസം നിലനില്‍ക്കവേ വിശ്വാസികള്‍ വീണ്ടും തൊട്ടുകൂടാത്തവരായി ക്ഷേത്രനടകളില്‍ ഒതുങ്ങിമാറിനില്‍ക്കേണ്ടിവരുന്ന സാഹചര്യവും അവസാനിപ്പിക്കണം. വിവാഹ കര്‍മങ്ങളിലും ക്ഷേത്രദര്‍ശനവേളകളിലും വരണമാല്യവും പ്രസാദവും വിശ്വാസികളുടെ കൈകളില്‍ നല്‍കാനും വിശ്വാസികല്‍ നല്‍കുന്ന ദക്ഷിണ കൈകളില്‍ സ്വീകരിക്കാനും തന്ത്രിമാര്‍ക്കാവുന്നൊരു പശ്ചാത്തലവും ക്ഷേത്രമതില്‍ക്കെട്ടുകളിലുണ്ടാകണം.

സി ബാലകൃഷ്ണന്‍
ചക്കരക്കുളമ്പ്, മണ്ണാര്‍ക്കാട്‌

Related News