വി പി ശിവകുമാർ

January 23, 2020, 4:04 am

ബിഎസ്എൻഎൽ ജീവനക്കാരന്റെ കുറിപ്പ്

Janayugom Online

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതി പ്രകാരം ബിഎസ്എൻഎൽ ജീവനക്കാരുടെ കൂട്ടത്തോടെയുള്ള പടിയിറക്കത്തിൽ 2020 ജനുവരി മാസവും ചരിത്രത്താളുകളിൽ സ്ഥാനം പിടിക്കും. ബിഎസ്എൻഎൽ കുടുംബത്തിലെ മികച്ച ഓഫീസർമാരും ജീവനക്കാരും കേന്ദ്ര സർക്കാരിന്റെ വിആർഎസ് പദ്ധതിയെ തുടർന്ന് ജനുവരി 31 ന് പടിയിറങ്ങും. കാരണവന്മാർ കുടുംബം വിട്ടുപോകുന്നതു പോലെയുള്ള ഒരവസ്ഥ. ബാക്കി ജീവനക്കാർ, തങ്ങളുടെ കുടുംബത്തിലെ കൂട്ട വിആർഎസിലേക്കു പോകുന്നവരെ ഓർത്ത് ദുഃഖത്തോടെ തങ്ങളുടെ ഭാവിയിലെ അവസ്ഥയെ കുറിച്ചലോചിച്ച് വ്യാകുലപ്പെടുന്ന കാഴ്ചകളാണ് ഇന്ത്യയിലെ മിക്ക ബിഎസ്എൻഎൽ ഓഫീസുകളിലും കാണാൻ കഴിയുന്നത്.

സ്വാഭാവിക വിരമിക്കൽ മൂലം സർവീസിൽ നിന്നും പിരിയാനാണ് എല്ലാവരും ആഗ്രഹിച്ചിരുന്നത്. പക്ഷേ കേന്ദ്ര സർക്കാർ പോളിസി മൂലം അവർക്ക് സ്വയം വിരമിക്കൽ തെരഞ്ഞെടുക്കേണ്ടിവന്നു. തങ്ങളുടെ ഭാവി കാലം സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷയിലാണ് ശേഷിക്കുന്നവർ സർവീസിൽ തുടരുന്നത്. അതോടൊപ്പം ബിഎസ്എൻഎൽ എന്ന തന്ത്രപ്രധാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനം സ്വകാര്യ ടെലികോം കമ്പനികൾ വിഴുങ്ങാതെ എക്കാലവും കേന്ദ്ര സർക്കാർ അധീനതയിൽ തന്നെ തുടരാൻ കേന്ദ്ര സർക്കാർ അനുവദിക്കും എന്ന ശുഭപ്രതീക്ഷയിലുമാണ് ഇന്ത്യയിലെ അവശേഷിക്കുന്ന ബിഎസ്എൻഎൽ ജീവനക്കാർ അവരുടെ സർവ്വീസ് ജീവിതം തള്ളി നീക്കാൻ ഉദ്ദേശിക്കുന്നത്. ബിഎസ്എൻഎല്ലിനെ വിഴുങ്ങാൻ വെമ്പൽ കൊള്ളുന്ന സ്വകാര്യ ടെലികോം കമ്പനികളെ ജീവനക്കാർ നന്നേ ഭയക്കുന്നു.

കുടുംബത്തിലെ വേണ്ടപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അനുഭവപ്പെടുന്ന ഒരു തരം ഒറ്റപ്പെടൽ അവസ്ഥയിലാണ് അവശേഷിക്കുന്ന ജീവനക്കാർ, തങ്ങളുടെ സഹപ്രവർത്തകരായ പ്രിയപ്പെട്ടവരെ യാത്രയാക്കുന്നത് എന്നത് നാളിതു വരെ ഇൻഡ്യയിലെ ബിഎസ്എൻഎൽ ഓഫീസുകളിൽ റിട്ടയർമെന്റ് കാലത്ത് കാണാതിരുന്ന അവസ്ഥയാണ്. രാജ്യത്താകെയുള്ള 1,54,903 ജീവനക്കാരിൽ 78,519 പേരാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ സ്വയം വിരമിക്കുന്നത്. വിആർഎസിൽ ഉൾപ്പെടാത്ത നാലായിരം പേർ കൂടി 2020 ന് വിരമിക്കും. ഇതോടെ ഇൻഡ്യയിലെ ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം 71,000 ത്തിനു താഴെയാകും. 4 ജി സ്പെക്ട്രം ഉടൻ അനുവദിച്ചും ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക പരാധീനതകൾ പരിഹരിച്ചും അവശേഷിക്കുന്ന ജിവനക്കാരേയും അവരുടെ കുടുംബാംഗങ്ങളേയും സംരക്ഷിക്കുകയും ചെയ്തു കൊണ്ട് കേന്ദ്ര സർക്കാർ ബിഎസ്എൻഎൽ എന്ന ഇന്ത്യൻ ജനതയുടെ സ്വകാര്യ അഹങ്കാരത്തെ ടെലികോം കമ്പോളത്തിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ജീവനക്കാരും പൊതു സമൂഹവും.