സ്‌നേഹവും സൗഹൃദവും ചൊരിയുക ജീവിതം ധന്യമാക്കുക

Web Desk
Posted on December 17, 2017, 5:13 pm

പ്രതികരണം

സഹപാഠിയുടെ കൂട്ടൂകാര്‍ക്കായി സൗഹൃദ ദിനത്തെക്കുറിച്ച് ഡോ. സി വസന്തകുമാരന്റെ വിവരണം നന്നായിരുന്നു.
സ്‌നേഹം, സൗഹൃദം സന്തോഷം, സഹിഷ്ണുത, സമാധാനം, സമഭാവന, സത്യം, സമത്വം എന്നീ സദ്ഗുണങ്ങളിലൂടെ ജീവിതം സ്വര്‍ഗീയമാക്കുന്നവര്‍ നിരവധിയുണ്ടെങ്കിലും ചിലരെങ്കിലും ഇത്തരം കഴിവുകളെ മൂടിവയ്ക്കാനാണ് താല്‍പര്യപ്പെടുന്നത്. സ്‌നേഹവും സൗഹൃദവും സന്തോഷവുമൊക്കെ പങ്കിടുമ്പോള്‍ വലിയൊരു നഷ്ടബോധം ചിലരെയെങ്കിലും ഗ്രസിക്കുന്നുവെന്നതാണ് പരമാര്‍ഥം. പുഞ്ചിരി എന്തെന്നറിയാത്ത ലക്ഷക്കണക്കിന് കുരുന്നുകള്‍ നമ്മുടെ ലോകത്തുണ്ടെന്നും അവര്‍ക്ക് നഷ്ടമായ പുഞ്ചിരി തിരികെക്കൊടുക്കാന്‍ നമുക്ക് കഴിയണമെന്നും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി പ്രസ്താവിക്കുന്നു.
അതുപോലെ സ്‌നേഹവും സൗഹൃദവും സന്തോഷവും പ്രകടിപ്പിക്കാനാവാത്ത നിരവധി കുരുന്നുകളും മുതിര്‍ന്നവരും നമ്മോടൊപ്പമുണ്ട്. അഥവാ സ്‌നേഹവും സൗഹൃദവും സന്തോഷവും പങ്കുവയ്ക്കുമ്പോള്‍ എന്തോ വലിയൊരു നഷ്ടം സംഭവിക്കുന്നുവെന്ന പ്രതീതിയാണ് ചിലര്‍ക്ക്. വിലകൊടുത്തു വാങ്ങാനാവാത്ത വരദാനമാണ് സ്‌നേഹവും സൗഹൃദവും പുഞ്ചിരിയും സഹിഷ്ണുതയുമൊക്കെ. ഈ വരദാനങ്ങളെ മറ്റുള്ളവരിലേക്ക് ചൊരിയുമ്പോഴാണ് വ്യക്തിജീവിതം ധന്യമാകുന്നത്. വിലമതിക്കാനാവാത്ത വരദാനങ്ങളൊക്കെയും പങ്കുവച്ചുകൊണ്ടേയിരിക്കുക. പ്രതീക്ഷിച്ചപോലെ തിരിച്ചുലഭിച്ചെന്നു വന്നില്ലെങ്കിലും പങ്കുവയ്ക്കല്‍ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുക. അന്തര്‍മുഖനായൊരാള്‍ നിരാശ സമ്മാനിച്ചാലും ഒന്നിനു പത്തായ് പത്തിന് നൂറായ് സ്‌നേഹ സൗഹൃദ സ്വഭാവികള്‍ നമ്മെ തേടിയെത്തുകതന്നെ ചെയ്യും. വെറുപ്പിനേയും വിദ്വേഷത്തേയും അലിയിച്ചില്ലാതാക്കുന്ന സൗഹൃദത്തെക്കുറിച്ച് കൂട്ടുകാര്‍ക്ക് വിവരിച്ചുതന്ന ലേഖകനും സഹപാഠിക്കും ഹൃദയം നിറഞ്ഞ നന്ദി.

സി ബാലകൃഷ്ണന്‍
ചക്കരക്കുളമ്പ്, മണ്ണാര്‍ക്കാട്‌