Web Desk

December 26, 2019, 11:02 pm

ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷന് കേരള സ്പീക്കറുടെ തുറന്ന കത്ത്

Janayugom Online

ഭരണഘടനാ പദവിയിൽ ഉപവിഷ്ടനാകുമ്പോൾ അനുവർത്തിക്കേണ്ട അച്ചടക്കം ജനാധിപത്യ‑പ്രാതിനിധ്യ‑നിയമ‑നിർവ്വഹണ സഭയുടെ ക്രയങ്ങൾക്ക് അനിവാര്യമാണ്. കേവല അനിവാര്യതയ്ക്കപ്പുറം ഉത്തമ ബോധ്യവും സമർപ്പിത ദൗത്യത്തിൻറെ ഗ്രാഹ്യവുമാണ് ആ അച്ചടക്കം. ഭരണഘടനാപദവി ആലങ്കാരികതയുടെ ഉപവിഷ്ടത മാത്രമല്ല. ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണവും നിക്ഷിപ്തമാണ് അതിൽ. രണ്ടാം ലോകയുദ്ധ ചരിത്രത്തിലെ അണിയറ ദിനങ്ങളെ വായിച്ചെടുക്കുന്ന പ്രതീതി സമകാലിക ഇന്ത്യയിൽ സാക്ഷ്യം വഹിക്കുമ്പോൾ ‘പദവി’ ഇരിപ്പിടവും വിലാസവുമായി ചുരുക്കാനാവില്ല.

ജനാധിപത്യം വികാസം പ്രാപിക്കുന്നതും പരിഷ്കരിക്കപ്പെടുന്നതുമാണ്. പാർലമെൻററി സംവിധാനത്തിൽ വന്ന മാറ്റങ്ങൾ — “പരിണാമങ്ങൾ” ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. മന്ത്രിമാരുടെ സത്യപ്രതിജ്ഞയിൽ പറഞ്ഞിരുന്ന വിവര-രഹസ്യ പരാമർശങ്ങളിൽ വിവരാവകാശനിയമം പ്രാബല്യത്തിലായതോടെ ചെറിയ മാറ്റങ്ങൾ സ്പഷ്ടമായതുതന്നെ ഉദാഹരണം. നമ്മുടെ ഭരണഘടന അസാധാരണ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഊർജ്ജമാണ്. അവ സ്വാംശീകരിക്കപ്പെട്ട രാഷ്ട്രചരിത്രവും സംസ്കാരങ്ങളും ജനസഞ്ചയത്തിന്റെ അന്തസ്സും ആത്മാഭിമാനവും പ്രതിഫലിപ്പിക്കുന്നതാണ് ജനാധിപത്യത്തിൻറെ ഓരോ തൂണുകളും.

അവയിലെ ഒരു തൂണായ ജുഡീഷ്യറിക്ക് കരുത്തേകുന്ന അഭിഭാഷകവൃന്ദത്തിൻറെ പ്രതിബദ്ധതയും സമർപ്പിത ദൗത്യങ്ങളും ചെറുതല്ല. ഇന്ത്യൻ ബാർ കൗൺസിലിന്റെ പ്രസക്തി അടിവരയിടുന്നത് സാമൂഹിക ഭദ്രതയുടെ സുരക്ഷാബോധത്തിന്റെ വരികളും സാധ്യതകളുമാണ്. അത്യുന്നത ലക്ഷ്യത്തോടെ, അതിസമർത്ഥമായ ആവിഷ്കാരത്തോടെ കാമ്പസിൽ എത്തിയ വിദ്യാർത്ഥികളെയും അവർക്ക് ഉഗ്രപ്രഹരശേഷിയുടെ ശക്തി പകർന്ന സുബദ്ധഗ്രഹണശേഷിയുള്ള പൗരന്മാരെയും ‘illit­er­ate mass’ എന്ന് ഇകഴ്‌ത്തിയ ഇന്ത്യൻ ബാർ കൗൺസിൽ പ്രസ്താവന ആശ്ചര്യകരമായ അപനിർമ്മിതിയുടെ ആശങ്ക തുറന്നിരിക്കുന്നു. നിയമജ്ഞരുടെ ദൗത്യം തിരിച്ചറിഞ്ഞതിനാലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം “വക്കീലന്മാരുടെ കളരി” എന്ന് പരിഹാസരൂപേണയാണെങ്കിലും വിശേഷിക്കപ്പെട്ടത്.

അച്ചുതണ്ട് പിഴുതെറിയാനും പടിയിറക്കാനും പ്രാപ്തമായ ഊർജ്ജം ‘ക്വിറ്റ് ഇന്ത്യ’യും ‘സിവിൽ ഡിസ്ഒബീഡിയൻസ്’ മുന്നേറ്റവും ഓർമ്മിപ്പിക്കുന്നു. ഇന്ത്യൻ ഗ്രാമങ്ങളിലെ വിദ്യാർത്ഥി ശാക്തീകരണം കൂടി പ്രതിധ്വനിക്കുന്നു ഈ മുന്നേറ്റത്തിൽ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന ഞാൻ എന്ന വ്യക്തിയിൽ പദവിയുടെ ഔന്നത്യം സംരക്ഷിക്കപ്പെടേണ്ട ഉത്തരവാദിത്വമുണ്ട്. സംരക്ഷിക്കപ്പെടേണ്ടത് പദവി മാത്രമല്ല; ഭരണഘടനയുടെ സത്തയും കൂടിയാണ്. മൗനം ആക്രോശത്തിനു നേർക്ക് സ്തംഭനമാകാനുള്ളതല്ല… പടിയിറങ്ങാനായി; ആർ — ആരാൽ?

പി ശ്രീരാമകൃഷ്ണൻ