February 8, 2023 Wednesday

പശ്ചാത്താപം, ഈ തിലോദകം.

വി നടരാജൻ
November 8, 2020 10:43 am

വി നടരാജൻ

വായനക്കാരാ,

ഈ കുറിപ്പ് താങ്കൾക്ക് വേണ്ടിയല്ല. ഇത് കാമ്പിശ്ശേരി കരുണാകരന് വേണ്ടിയാണ്. മലയാളത്തിലെ ലക്ഷണമൊത്ത കുട്ടികളുടെ മാസികയുടെ ആദിസ്രഷ്ടാവായ ആ പെരുംതച്ചന് വേണ്ടിയാണ്. അമ്പത്തഞ്ചു വർഷമേ ഇവിടെ ജീവിച്ചിരുന്നുള്ളൂ.

സാരമില്ല, കുമാരനാശാനാണ് പറഞ്ഞത്‌, “ഗുണികളൂഴിയിൽ നീണ്ടുവാഴാ”…

ജീവിതത്തിൽ ഒരിക്കലും നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലാത്ത, തന്റെ മാസികയുടെ ആയിരക്കണക്കിന് വായനക്കാരിലൊരുവനോട്, പതിമൂന്നു വയസ്സുകാരനായ ഒരു എട്ടാംക്ലാസ്സുകാരനോട് മഹാപ്രതിഭാവാനായ ഒരു പത്രാധിപർ എത്ര ദയാപൂർവ്വമാണ് പെരുമാറിയതെന്നും അവന് അദ്ദേഹം അയച്ച രണ്ടു കത്തുകൾ അക്ഷരത്തിന്റെ വഴികളിലേക്ക് എങ്ങിനെയാണ് അവനെ കൊണ്ടുപോയതെന്നുമുള്ള കൃതജ്ഞതാനിർഭരമായ

‘ബാലയുഗം.’ അറുപതുകളുടെ അവസാനങ്ങളിലാണ് കൊല്ലത്തുനിന്നും പുറപ്പെടുന്നത്. ജനയുഗം വാരിക പുറപ്പെട്ടിട്ട് പതിമൂന്നു വർഷങ്ങളും സിനിരമയെന്ന സിനിമാ വാരിക രണ്ടുവർഷങ്ങളും അപ്പോൾ പൂർത്തിയാക്കിയിരുന്നു. ഈ മൂന്ന് പ്രസിദ്ധീകരണങ്ങളുടെയും മലയാളത്തിലെ ആദ്യ നോവൽപ്പതിപ്പിന്റെയും പത്രാധിപർ എന്ന സ്ഥാനത്തു് അച്ചടിച്ചിരുന്നത് ഒരേ പേരായിരുന്നു കാമ്പിശ്ശേരി കരുണാകരൻ.

അത് മാത്രമാണ് എനിക്കന്ന് അറിവുണ്ടായിരുന്നത്.

മലയാളത്തിലെ സാധാരണക്കാരായ വായനക്കാരുടെ ഏറ്റവും അന്തസ്സുറ്റ വാരികയായിരുന്നു, ജനയുഗം.

ബിമൽ മിത്രയുടെ ഇരുപതാം നൂറ്റാണ്ട് വിലയ്ക്കുവാങ്ങാം ഈ നോവലുകൾ വായിക്കാനായി മലയാളി കാത്തിരുന്ന ഒരു കാലമായിരുന്നു ജനയുഗം കാലം… കാർട്ടൂണിസ്റ്റ് പി കെ മന്ത്രിയുടെ പരമ്പരകളായ ‘പാച്ചുവും കോവാലനും’ വരുന്നതിനു മുമ്പ് ‘മിസ്റ്റർ കുഞ്ചു’ തകർത്താടിയിരുന്ന കാലം.

യേശുദാസന്റെ കാർട്ടൂൺ കഥാപാത്രങ്ങളായ ചന്തുവും ‘രാജമ്മയും ശമേലും’ വായനക്കാരന്റെ കൂടെ നടന്ന കാലം.

1977 — ൽ അൻപത്തിയഞ്ചാം വയസ്സിൽ കടന്നുപോകുമ്പോൾ, അദ്ദേഹം കേരളത്തിലെ കുട്ടികളുടെ കാരണവരായിക്കഴിഞ്ഞിരുന്നു. അവരെക്കൊണ്ട് കഥപറയിക്കുകയും പാട്ടുകളെഴുതിക്കുകയും അക്ഷരങ്ങളിൽ അവരെ മുങ്ങിക്കുളിപ്പിക്കുകയും ചെയ്ത കൂട്ടുകാരനായ കാരണവർ. അവർക്കൊക്കെയും ഗുരുതുല്യനായ സുഹൃത്ത്. ഇങ്ങിനെയാവകാശപ്പെടാൻ മലയാള പത്രലോകത്തു് മാതൃഭൂമിയിലെ ഒരു ‘കുട്ടേട്ട’ നൊഴികെ മറ്റാരുമില്ല.

അതിസമർത്ഥമായ ഒരു മാർക്കറ്റിങ് ടെക്നിക്കാണ് ബാലയുഗം ഉപയോഗിച്ചത്.

അന്നേവരെ കണ്ടിട്ടില്ലാത്ത വിധം നൂതനവും വർണ്ണാഭവുമായ ഒരു ചെറിയ പ്ലാസ്റ്റിക് പ്ളേറ്റ് രൂപകൽപ്പന ചെയ്ത് മാസിക വിൽക്കുന്ന കടകളുടെ മുന്നിൽ ഒരു വിളംബരം കണക്ക് തൂക്കിയിട്ടുകൊണ്ടായിരുന്നു ആ ധീരമായ പരീക്ഷണം. ഒരു സംഘം കുട്ടികൾ, ‘ബാലയുഗ’ മെന്നെഴുതിയ ബാനർ ധരിച്ച കുട്ടിയാനപ്പുറത്തു് ഒരുത്സവയാത്ര ചെയ്യുന്ന ലോഗോ, കാർട്ടൂണിസ്റ്റ് യേശുദാസൻ സൃഷ്ടിച്ചിരുന്നു. അത് കുട്ടികളുടെ മനസ്സിൽ സൃഷ്ടിച്ച ചലനം വളരെ വലുതായിരുന്നു. ഒരു മാസികയ്ക്ക് അത്തരമൊരു ലോഗോ ആദ്യമായിരുന്നിരിക്കണം.

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള ലേഖനങ്ങളും കഥകളുമല്ല ബാലയുഗം നൽകിയത്. കുട്ടികളുടെ അഭിരുചി എന്തായിരിക്കണം എന്നാണ് ഈ പത്രാധിപർ തീരുമാനിച്ചത്. അതായിരുന്നു അദ്ദേഹം രൂപപ്പെടുത്തിയത്.

ഒരു പതിമൂന്നുകാരൻ ബാലയുഗം വാങ്ങാൻ യാത്ര പോകുന്നു. കഥകളെഴുതണം എന്നൊരു തോന്നൽ എന്നിൽ ആദ്യമായി ഉണ്ടാക്കിയത്, ഞാൻ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഈ പത്രാധിപരാണ്.

വീട്ടിൽ നിന്നും മൂന്നുകിലോമീറ്ററകലെയുള്ള പുത്തനങ്ങാടിയിൽ നിന്നുമാണ് മാസത്തിലെ ആദ്യ ആഴ്ചകളിലൊന്നിൽ ഞാൻ മുപ്പതു പൈസ ബസുകൂലി കൊടുത്തു് ആലപ്പുഴപ്പട്ടണത്തിലേയ്ക്ക് പോയത്.

തണ്ണീർമുക്കത്തു നിന്നും ആലപ്പുഴയ്ക്ക് പോയ, നീലപെയിന്റടിച്ച ‘ബീനാ മോട്ടോഴ്‌സ്’ എന്നൊരു ബസ്സാണ്, എന്നെയങ്ങനെ കൊണ്ടുപോയത്. ബസ്സുകളോടിപ്പോകുമ്പോൾ പൊടിപടലങ്ങളുടെ കടുത്ത മേഘമാലകളുയർന്നടങ്ങുന്ന ചെമ്മൺ പാതകളായിരുന്നു പിന്നിൽ.

ബസ്സിന്റെ ജനാലകളോട് ചേർന്നിരുന്ന് അങ്ങനെ ചെയ്യുന്ന ഓരോ യാത്രയും എനിക്കൊരു സ്വപ്നസാഫല്യമായിരുന്നു. അപ്പോൾ കായിപ്പുറത്തിന്റെ കയർനെയ്ത്തുശാലകളോ ആര്യക്കരയുടെ ചൊരിമണൽപ്പരപ്പുകളോ മുഹമ്മ ടൗണിന്റെ തുണിക്കടകളോ മണ്ണഞ്ചേരിയുടെ മൽസ്യവിൽപ്പനക്കാരോ ആര്യാട്ടെ സ്പിന്നിംഗ് മില്ലിന്റെ കാറ്റാടിമരങ്ങളോ ഞാൻ കണ്ടില്ല. ആലപ്പുഴപ്പട്ടണത്തിന്റെ ഇരുമ്പു പാലത്തിൽ നിന്നും ശവക്കോട്ടപ്പാലത്തിലേയ്ക്കുള്ള വഴിയാത്രയ്ക്കിടയിലും നിരവധി കടകളിൽ ബാലയുഗത്തിന്റെ കൊതിപ്പിക്കുന്ന ഈ ബാനർ എന്നെക്കടന്നു പോയിക്കൊണ്ടിരുന്നു. ശവക്കോട്ടപ്പാലത്തിനും കിഴക്ക്, ഇനിയും എനിക്ക് പേരറിയാത്ത മറ്റൊരു പാലത്തിന്റെ അപ്രോച്ചു് റോഡിന്റെ കയറ്റത്തിൽ വലത്തരികിലെ മുറുക്കാൻ കടയിൽ ക്ലിപ്പിൽ തൂക്കിയിട്ട വർണ്ണ മുഖചിത്രമുള്ള ഒരു കുട്ടികളുടെ മാസികയായിരുന്നു എന്റെ മനസ്സിൽ.അതായിരുന്നു ബാലയുഗം.

ഉരുകിത്തിളച്ചു കിടന്ന ടാർ റോഡിലൂടെ നടന്നു ചെല്ലുമ്പോൾ കടയുടെ വരാന്തയിൽ മാസിക ഒരു ക്ലിപ്പിൽ തൂക്കിയിട്ടിരിക്കുന്നതായിരുന്നു ജീവിതത്തിലെ ഏറ്റവും മോഹിപ്പിക്കുന്ന കാഴ്ച! ആ കാഴ്ചയിലേക്കാണ് ഞാൻ ഓരോ മാസവും ഒരുനാൾ ഉറക്കമുണർന്നത്. കടക്കാരൻ എന്നെ സൗഹൃദത്തോടെ സ്വീകരിച്ചു. അറുപതു പൈസ കൊടുത്തു് ഞാൻ ബാലയുഗം വാങ്ങി. ഒരിക്കലും ഞാൻ അത് അപ്പോൾ തുറന്നില്ല, വായിച്ചില്ല. പകരം പേജുകൾ തുറന്ന് മുഖത്തോടു ചേർത്ത് പുതിയ പുസ്തകത്തിന്റെ ഗന്ധം ആവോളം ശ്വസിച്ചെടുത്തു. അക്ഷരങ്ങൾക്ക് ചൂടുണ്ടെന്ന് എനിക്കപ്പോൾ മനസ്സിലായി. ആ അക്ഷരങ്ങൾക്ക് ആത്മാക്കളെ പൊള്ളിക്കാനുള്ള കരുത്തുണ്ടെന്ന് പിന്നീടുള്ള യാത്രകളിൽ എന്നോട് കാലം പറഞ്ഞുതന്നു.

എപ്പോഴോ കഥകളെഴുതണമെന്നും ബാലയുഗത്തിൽ അവ അച്ചടിച്ച് വരണമെന്നും എനിക്ക് ഒരു തോന്നലുണ്ടായി. ഒരിക്കലും അച്ചടിച്ചു വന്നില്ല എങ്കിൽക്കൂടി, വീണ്ടും വീണ്ടും എഴുതാനും എഴുത്തു് മെച്ചപ്പെടുത്താനും എന്നോട് ആവശ്യപ്പെട്ട രണ്ടു കത്തുകൾ, പ്രചോദനത്തിന്റെ മഹാ സ്രോതസ്സുകളായി എന്നോടൊപ്പം യാത്ര ചെയ്തു.

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.