Web Desk

മലപ്പുറം

June 06, 2020, 10:36 am

ഉള്ളില്‍ അനേകായിരം വിസ്ഫോടനങ്ങൾ സംഭവിച്ച് കൊണ്ട് ഗര്‍ഭിണിയായ ഒരു മുസ്ലിം സ്ത്രീ താങ്കളുടെ ഭരണകൂടത്തിന്റെ തടവറയിലാണ്‌: മനേക ഗാന്ധിക്ക് ഒരു മലപ്പുറത്തുകാരിയുടെ കത്ത്

Janayugom Online

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഭക്ഷ്യവസ്തുവില്‍ വെച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മുഖംതകര്‍ന്ന് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തെ ദേശീയതലത്തില്‍ വര്‍ഗീയ വത്കരിക്കുന്നതിന് കഠിനശ്രമം നടത്തികൊണ്ടിരിക്കുന്ന മേനകാ ഗാന്ധിക്കും കൂട്ടാളികള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലപ്പുറത്തുകാരിയായ ഷാഹിദ ഷാ എന്ന യുവതി.

മലപ്പുറം ജില്ലയിലാണ് സംഭവം നടന്നതെന്നും രാജ്യത്തെ തന്നെ കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയില്‍ മലപ്പുറമുണ്ടെന്നുമുള്ള തരത്തില്‍ ആഹ്വാങ്ങള്‍ നടത്തുകയും സംഭവത്തെ വര്‍ഗീയ വത്കരിക്കുകയും ചെയ്യുന്ന മേനകാ ഗാന്ധി അറിയുമോ താങ്കളുടെ ബിജെപി ഭരണകൂടത്തിന്റെ തടവറയില്‍ കഴിയുന്ന സഫൂറ സര്‍ഗാര്‍ എന്ന മുസ്ലീം യുവതിയെ കുറിച്ച് എന്നാണ് ഷാഹിദാ ഷാ തന്റെ ഫേസ്പുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗാറിനെ പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് യുഎപിഎ ചുമത്തി ജയിലിലടയ്ക്കുമ്പോള്‍ സര്‍ഗാര്‍ മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറയെ മലപ്പുറം ജില്ലയാക്കിമാറ്റിയ മേനകാ ഗാന്ധിയുടെ ‘അബദ്ധത്തെ’ അത്ര നിഷ്കളങ്കമായി കാണാന്‍ സാധിക്കില്ലെന്നാണ് ഷാഹിദ ഷാ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മേനക ഗാന്ധിക്ക്,

കേരളത്തിലെ, പാലക്കാട് ജില്ലയിൽ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ തോട്ട ഭക്ഷിച്ച് ഗർഭിണിയായ ആന ചരിഞ്ഞതിൽ അങ്ങേയറ്റം ആവലാതിപ്പെട്ടുകൊണ്ടുള്ള താങ്കളുടെയും കൂട്ടാളികളുടേയും ട്വിറ്റർ, fb പോസ്റ്റുകൾ വായിച്ചിരുന്നു. ഞാനും എന്റെ സുഹൃത്തുക്കളും എല്ലാവരും ഈ വിഷയത്തിലെ വേദന പങ്കുവെച്ചിരുന്നു. മലപ്പുറത്തുകാരിയായ ഞാൻ ജോലി ചെയ്യുന്ന മണ്ണാർക്കാട് എന്ന സ്ഥലം അമ്പലപ്പാറയിൽ നിന്നും അധികമൊന്നും ദൂരെയല്ലാത്ത സ്ഥലമാണെന്ന് മാത്രമല്ല അതിന്റെ സമീപപ്രദേശങ്ങളിൽ നിന്നുള്ള ഒട്ടനവധി വിദ്യാർഥികളെ നേരിട്ടറിയാവുന്നതുമാണ്. കാട്ടുപന്നി ശല്യം രൂക്ഷമായ അമ്പലപ്പാറയിൽ കൃഷി വിളകൾ നശിപ്പിക്കാൻ വേണ്ടി കൂട്ടത്തോടെ വരുന്ന കാട്ടുപന്നികളെ പേടിപ്പിക്കാൻ വേണ്ടി വെക്കുന്ന തോട്ട യാദൃശ്ചികമായി അതുവഴി വന്ന കാട്ടാന ഭക്ഷിക്കുകയായിരുന്നു. അതിന് ശേഷം വെള്ളത്തിലിറങ്ങിയ ആനയെ കയറ്റാൻ നാട്ടുകാരും ഫയർഫോഴ്‌സുമൊക്കെ ഒരുപാട് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുക്കമാണ് ദാരുണമായി ആന ചരിഞ്ഞത്. വളരെയധികം വേദനയും അമർഷവും തോന്നിയിരുന്നു. 

എന്നാൽ പിന്നീട് താങ്കളടക്കമുള്ള പലരുടെയും പോസ്റ്റുകളും ആഹ്വാനങ്ങളും വായിക്കാനിടയായി. മലപ്പുറം ജില്ലയിലെ മുസ്‌ലിം പോപുലേഷനെ കുറിച്ചും ജില്ലയുടെ വയലൻസിനെ കുറിച്ചും ഗർഭിണിയായ ചെരിഞ്ഞ ആനയുടെ അവസ്ഥയെ കുറിച്ചുമെല്ലാം… പാലക്കാട് ജില്ലയിലെ അമ്പലപ്പറ മലപ്പുറം ജില്ലയായി മാറിയ താങ്കളുടെ (അനുയായികളുടെയും) ആ “mis­take” അത്ര നിഷ്കളങ്കമായ ഒന്നായി ഒരു മലപ്പുത്തെ മുസ്ലീം യുവതിയായ എനിക്ക് വായിക്കാനാകുന്നില്ല. അതിന്റെ കൃത്യമായ അജണ്ട മനസ്സിലാക്കിയെടുക്കാൻ കാലങ്ങളായി ഇത്തരം പല എഴുത്തുകളും പ്രചാരണങ്ങളും കാണുകയും കേൾക്കുകയും ഇപ്പോഴും പലതിനും മറുപടിപറയുകയും ചെയ്യുന്ന ആളുകളെന്ന നിലക്ക് എളുപ്പത്തിൽ സാധിക്കുന്നുണ്ട്.

പിന്നെ, ആനക്കുണ്ടായ അനുഭവത്തിലെ കഠിനമായ വേദനയോടെ തന്നെ താങ്കളുടെയും മറ്റു മാധ്യമങ്ങളുടെയും ശ്രദ്ധയിലേക്ക് ഒരു കാര്യം കൂടി കൊണ്ട് വരാൻ ആഗ്രഹിക്കുന്നുണ്ട്…

ഉള്ളിൽ അനേകായിരം വിസ്ഫോടനങ്ങൾ സംഭവിച്ച് കൊണ്ട് ഗർഭിണിയായ സഫൂറ സർഗാർ എന്ന മുസ്ലിം യുവതി താങ്കളുടെ ഭരണകൂടത്തിന്റെ തടവറയിൽ, ഇരുട്ടിൽ ദിവസങ്ങളോളമായി ഒറ്റക്ക് നിൽക്കുകയാണ്. അവളുടെ ഉദരത്തിൽ ഒരു കുഞ്ഞ് വളരുന്നുണ്ട്. ആ കുഞ്ഞിന് വേണ്ടി പോലും നിങ്ങൾ സൃഷ്ടിച്ച് വെച്ചിട്ടുള്ള ക്രൂരമായ ലോകത്തെക്കുറിച്ചൊന്നും തന്നെ അറിയാതെ. താങ്കളുടെ മൂക്കിൻ തുമ്പിൽ നിന്നും അധികമൊന്നും ദൂരെയാല്ലാതെ സഫൂറയുണ്ട്. അതിന് കൂടി മറുപടി പറയാൻ നിങ്ങൾ ബാധ്യസ്ഥരാണ്…
അതിനുള്ള തന്റേടം നിങ്ങൾക്കില്ല എന്നറിയാമെങ്കിൽ പോലും…

എന്ന്,

ഷാഹിദ.

 

Eng­lish Sum­ma­ry: let­ter to mena­ka gand­hi by sah­hi­da sha on ele­phant death issue

You may also like this video