Wednesday
11 Dec 2019

പ്രധാനമന്ത്രിക്ക് ബിനോയ് വിശ്വം എംപിയുടെ തുറന്ന കത്ത്

By: Web Desk | Sunday 29 September 2019 5:07 PM IST


ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജി,
ഇന്ത്യ വെളിയിട വിസര്‍ജന മുക്ത രാജ്യമായി തീര്‍ന്നുവെന്ന് ഒക്ടോബര്‍ 2 ന് അങ്ങ് പ്രഖ്യാപിക്കാന്‍ പോവുകയാണല്ലോ. രാജ്യത്തെവിടെയും വെളിയിട വിസര്‍ജനമില്ല എന്ന് പ്രഖ്യാപിക്കാനുള്ള അങ്ങയുടെ ആകാംക്ഷ മനസിലാക്കാന്‍ കഴിയും. എന്നാല്‍ ആ പ്രഖ്യാപനത്തിന് രാജ്യത്തിലെ യാഥാര്‍ത്ഥ്യങ്ങളുമായി എത്രമാത്രം പൊരുത്തമുണ്ടെന്ന് സംശയിക്കുന്ന ദശലക്ഷക്കണക്കിന് ഭാരതീയരില്‍ ഒരാളാണ് ഞാന്‍. ഈ ദിശയില്‍ രാജ്യത്ത് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നല്ല എന്റെ വാദം. അത്തരം നേട്ടങ്ങളെല്ലാം ചേര്‍ത്ത് വച്ചാലും ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കാന്‍ ബാക്കിയുണ്ടാകും.

തീവണ്ടിയില്‍ സഞ്ചരിക്കുമ്പോഴെല്ലാം പുലര്‍വേളയിന്‍ ഞാന്‍ പുറത്തേക്ക് നോക്കാറുണ്ട്. അപ്പോള്‍ എത്രയോ സ്ത്രീപുരുഷന്‍മാര്‍ വെളിക്കിറങ്ങുന്ന
കാഴ്ചയാണ് കാണേണ്ടി വരുന്നത് അവരാരും തുറ സ്ഥലത്തിരുന്ന് മലവിസര്‍ജനം നടത്താന്‍ മോഹിക്കുന്നവരല്ല.അവരുടെ വീടുകളില്‍ ശൗചാലയങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ആ പാവങ്ങള്‍ക്ക് ഈ ഗതി കെട്ട അവസ്ഥയുണ്ടാകുന്നത്. ഈ ദുരവസ്ഥ നേരിട്ട് മനസിലാക്കാന്‍ അങ്ങ് അതി രാവിലെ ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും ഒരു തീവണ്ടിയില്‍ സഞ്ചരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞതിലെ സത്യം അങ്ങേക്ക് മനസിലാകും. ഇത്തരം സത്യങ്ങള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ട് ഇന്ത്യ വെളിയിട വിസര്‍ജന വിമുക്ത രാജ്യമായെന്ന് പ്രഖ്യാപിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? സത്യത്തിന് നിരക്കാത്ത ഇത്തരമൊരു പ്രഖ്യാപനത്തിന് ‘സത്യമാണ് ദൈവം’ എന്ന് പറഞ്ഞ മഹാത്മാഗാന്ധിയുടെ പേര് ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്?

വാഗ്‌ധോരണിയിലും പ്രചാരണ കലയിലും അങ്ങേക്ക് ഉളള പാടവം ആരാലും ചോദ്യം ചെയ്യപ്പെടില്ല. അങ്ങ് പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്ര ധാരയുടെ ഭാഗമാണത്. ഈ വസ്തുത അറിഞ്ഞു കൊണ്ടു തന്നെ ഞാന്‍ അങ്ങയോട് ഒരഭ്യര്‍ത്ഥന നടത്തുകയാണ്: ഒക്ടോബര്‍ 2 ന് ഗുജറാത്തില്‍ നടത്താനിരിക്കുന്ന പ്രഖ്യാപനത്തിന് മുമ്പ് മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭാവ് ഖേദി ഗ്രാമത്തിലെ ബാബ് ലു വാത്മീകി നെപ്പറ്റി ദയവായി അങ്ങ് അന്വേഷിക്കണം. വെളിയിടത്തില്‍ മലവിസര്‍ജനം നടത്തിയതിന്റെ പേരില്‍ ഒരു പറ്റം മനുഷ്യമൃഗങ്ങള്‍ അടിച്ചു കൊന്ന എട്ട് വയസുകാരന്റെ അച്ഛനാണ് ബാബ് ലു.അതേ കുറ്റത്തിന് ബാബ് ലു വിന്‍റെ 12 വയസുള്ള കൊച്ചു പെങ്ങളെയും ആ മൃഗങ്ങള്‍ തല്ലി കൊന്നുകളഞ്ഞു. സ്വാതന്ത്ര്യത്തിന് 72വയസ് കഴിഞ്ഞിട്ടും ഇത്തരം ക്രൂരതകള്‍ക്ക് അറുതി വരുത്താന്‍ നമുക്ക് സാധിക്കുന്നില്ലെന്നത് അപമാനകരമാണ്. ‘വലിയവരു’ടെ ആഘോഷങ്ങളില്‍ ദഫ് ലി കൊട്ടി പാടുകയാണ് ബാബ് ലി വാത്മീ കിന്റെ തൊഴില്‍. ഈ കുഞ്ഞുങ്ങളെ തല്ലിക്കൊന്നവരില്‍ ഒരാളിന്റെ മകളുടെ വിവാഹത്തിന് ഏതാനും മാസം മുമ്പ് അയാള്‍ ദഫ് ലി കൊട്ടിയതാണ്. സ്വന്തം വീട്ടില്‍ ശൗചാലയം ഇല്ലാത്തത് കൊണ്ട് പറമ്പില്‍ വെളിക്കിറങ്ങിയ ആ കുഞ്ഞുങ്ങളെ തല്ലിക്കൊന്നപ്പോള്‍ അവരാരും ഇതൊന്നുമോര്‍ത്തില്ല.

ഗ്രാമത്തിലെ പള്ളിക്കൂടത്തില്‍ എല്ലാവര്‍ക്കം ഒപ്പമിരിക്കാന്‍ അനുമതിയില്ലാത്ത, കുഴല്‍ക്കിണറില്‍നിന്നു വെള്ളമെടുക്കാന്‍ ഏറ്റവും ഒടുവില്‍ വരെ കാത്തിരിക്കേണ്ടി വന്ന ആ കുഞ്ഞുങ്ങള്‍ ഒടുവില്‍ വെളിക്കിറങ്ങിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടു. അവരെ ഓര്‍ത്ത് തോരാ കണ്ണീരുമായി കഴിയുകയാണ് ബാബ് ലുവും കുടുംബവും. ഇത്തരം മനുഷ്യരുടെ കണ്ണില്‍ നിന്ന് അവസാനത്തെ കണ്ണീര്‍ തുളളിയും ഒപ്പിയെടുക്കാന്‍ മോഹിച്ചു, രാഷ്ട്രപിതാവായ ഗാന്ധിജി. അദ്ദേഹത്തിനു നേര്‍ക്ക് നിറയൊഴിക്കുമ്പോള്‍, അത്തരം മോഹങ്ങളെ കൂടി കൊല ചെയ്യുകയായിരുന്നോ ഗോഡ്‌സെയുടെ ലക്ഷ്യം?

എന്റെ അപേക്ഷ ഇത്ര മാത്രമാണ്: ഗാന്ധി സ്മൃതിയുടെ തണലില്‍ നിന്നു കൊണ്ട് ഇന്ത്യയെ വെളിയിട വിസര്‍ജനമുക്ത രാജ്യമായി പ്രഖ്യാപിക്കും മുമ്പ് ബാബ് ലു വാത്മീകിന്റെ തീരാ ദു:ഖത്തെക്കുറിച്ച് വിശ്വസ്തരായ ആരെയെങ്കിലും കൊണ്ട് അങ്ങ് അന്വേഷിപ്പിക്കണം. അത് സത്യമാണെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം ഒക്‌ടോബര്‍ 2 ന്റെ പ്രസംഗത്തിന്റെ ഒടുവിലെങ്കിലും വെളിക്കിറങ്ങിയതിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട ഭാവ് ഖേദിയിലെ ആ കുഞ്ഞുങ്ങള്‍ക്കു വേണ്ടി അങ്ങ് ഒരു വാക്കെങ്കിലും പറയണം.
സ്‌നേഹാദരങ്ങളോടെ

ബിനോയ് വിശ്വം എം പി.

Related News