അഭയാര്‍ഥികളോട് മനുഷ്യത്വം കാട്ടണം

Web Desk
Posted on October 04, 2017, 1:34 am

മനുഷ്യന്റെ ദുരയും സംസ്‌കാരരാഹിത്യവും അസഹിഷ്ണതയും വരുത്തിവയ്ക്കുന്ന കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല. ലോകം ആഗോളദുരന്തങ്ങളെയോ മഹായുദ്ധങ്ങളെയോ നേരിടുന്നില്ലെങ്കിലും ഇരുണ്ടപാതകളില്‍ക്കൂടിയാണ് സഞ്ചരിക്കുന്നത്. സ്വന്തം ഭൂമിയില്‍ അന്യമാക്കപ്പെടുന്നവനും അന്യനാണെന്ന് തോന്നുന്നവനും ഭയവിഹ്വലനാകും. അസ്വസ്ഥരായ ജനങ്ങള്‍ ഒരു രാജ്യത്തിനും മുതല്‍ക്കൂട്ടല്ല. യുദ്ധവും വംശീയ കലാപങ്ങളുമാണ് അഭയാര്‍ഥി പ്രശ്‌നങ്ങള്‍ക്ക് കാരണം.
പലസ്തീന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന അഭയാര്‍ഥിപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്. അടിസ്ഥാനസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെ ഭരണകൂട ഭീകരത വേട്ടയാടുമ്പോള്‍ ലോകമനസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. നിസഹായരും നിരായുധരുമായി കഴിയുന്ന സാധാരണ ജനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തിനര്‍ഹരാണ്. അവര്‍ ഭീകരവാദമോ തീവ്രവാദമോ ആയി യാതൊരു ബന്ധമില്ലാത്തവരാണ്. യുഎന്നില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരും അല്ലാത്തവരുമായ അരലക്ഷം റൊഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഡല്‍ഹിയിലും പരിസരപ്രദേശത്തും ഭരണകൂടത്തിന്റെ ദയാദാക്ഷിണ്യത്തിനായി കേഴുകയാണ്. റൊഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രശ്‌നം പരമോന്നത നീതിപീഠം പരിഗണിക്കുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കുവാനുള്ള അവകാശം ഭരണകൂടത്തിന്റേതാണ്. ഭാരതം എക്കാലവും നീതിയുടെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്ന നാടാണ്. ലോകത്തിലെ വന്‍ശക്തികള്‍ക്കിടയില്‍ ഒന്നിലുംപെടാതെ സ്വന്തം അസ്ഥിത്വം നിലനിര്‍ത്തിയവരായിരുന്നു നമ്മുടെ മുന്‍കാല ഭരണസാരഥികള്‍. മ്യാന്‍മറില്‍ ഭരണചക്രം തിരിക്കുന്നത് സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച സുചിയാണ്; സമുന്നതനായ ഒരു വ്യക്തി ഭരണചക്രം തിരിക്കുമ്പോള്‍ മ്യാന്‍മറിലെ റൊഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ പ്രശ്‌നം സമാധാന പരമായി കൈകാര്യം ചെയ്യുവാനുള്ള ഇടപെടലുകള്‍ നടത്തേണ്ടതാണ്. ഭാരതം തീവ്രവാദത്തിനെതിരെ പോരാടുന്നതോടൊപ്പം അഭയം തേടി നമ്മുടെ രാജ്യത്ത് വിവിധ ചേരിപ്രദേശങ്ങളില്‍ കഴിയുന്ന റൊഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായി നിലപാടുകള്‍ സ്വീകരിക്കണം. അഭയാര്‍ഥിപ്രശ്‌നം ജാതിയുടെയോ മതത്തിന്റെയോ കാഴ്ചപ്പാടില്‍ നോക്കിക്കാണാതെ നീതിയുടെ പക്ഷത്തുനിന്നും കാണണം.

ഇ ഖാലിദ്
പുന്നപ്ര