ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുകള്‍

Web Desk
Posted on October 21, 2017, 1:00 am

”ഏകീകൃത തെരഞ്ഞെടുപ്പ് മറ്റൊരു തുഗ്ലക് പരിഷ്‌കാരം” എന്ന ഒക്‌ടോബര്‍ ഏഴിലെ മുഖപ്രസംഗമാണ് ഈയൊരു പ്രതികരണത്തിനാസ്പദം.
ജനാധിപത്യത്തിന്റെ മറപറ്റി എങ്ങനെ ഏകാധിപത്യം കൊണ്ടുവരാമെന്നതിന് രാഷ്ട്രീയ ചരിത്രത്തില്‍ ഉദാഹരണങ്ങളേറെയുണ്ട്. ജര്‍മനിയും ഇറ്റലിയിലും തൊട്ട് അമേരിക്കന്‍ പാവ ഗവണ്‍മെന്റുകള്‍ വരെ ഇന്നും ചെയ്തുവരുന്ന ഏകാധിപത്യ ഭരണക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യയിലും അരങ്ങേറുന്നത്. താരതമ്യേന ജനാധിപത്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യത്ത് ജനാധിപത്യത്തിന്റെ മറവില്‍ ഏകാധിപത്യം നടപ്പാക്കുന്ന രീതിയാണിത്. ഇന്ത്യയെ സംബന്ധിച്ച് 1975 ലെ അടിയന്തരാവസ്ഥ അനുഭവമായിരുന്നു. ഭരണഘടനക്കകത്തുനിന്നുകൊണ്ടുതന്നെ ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്. എല്ലാ കാലത്തും ഭരണം നിലനിര്‍ത്താമെന്ന വ്യാമോഹമായിരുന്നു.
നരേന്ദ്രമോഡിയുടേത് ഇന്ദിരയെയും ഹിറ്റ്‌ലറെയും മുസോളിനിയെയും വെല്ലുന്ന രീതിയാണ്. ബിജെപി എന്നും ഇന്ത്യ ഭരിക്കും എന്ന വ്യാമോഹമാണ്. ഏകാധിപതികള്‍ക്കെ ഇങ്ങനെയൊക്കെ ചിന്തിക്കാനാവൂ. മത ധ്രുവീകരണം സൃഷ്ടിച്ച് സമ്പന്നരെ സംരക്ഷിക്കുന്ന മുതലാളിത്തനയമാണിത്. ജാതിമതങ്ങളില്‍പെട്ട സാധാരണക്കാരന്റെ പ്രശ്‌നം മതപരമായി പരിഹരിക്കാനാവുമെന്ന് പറയുന്നതിലെ യുക്തിവിചിത്രമാണ്.
ബിജെപി അധികാരം കൈയാളിയതിനുശേഷം ജാതി-മത-വര്‍ഗീയ ധ്രുവീകരണം രൂക്ഷമായി എന്നത് ഒരു വസ്തുതയാണ്. ബാബ്‌റി മസ്ജിദ്, ബോംബെ കലാപം, ഗുജറാത്ത് കൂട്ടക്കൊല.. തുടങ്ങി ഇപ്പോള്‍ പുരോഗമനാശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന വ്യക്തികളെ കൊലചെയ്യുകയെന്ന പരമ്പര അരങ്ങേറുകയാണ് ഗാന്ധിവധത്തില്‍ ഒരുപുനര്‍വിചാരണവരെ ആവശ്യമായിരിക്കുന്നു. ഗാന്ധിജിയെ പോലെയൊരു വ്യക്തിയെ കൊല്ലാന്‍ മടിയില്ലാത്തവര്‍, കൊന്നതിനെ ന്യായീകരിക്കുന്നവര്‍ ചുറ്റുവട്ടത്തുണ്ട്. വീട്ടിലും കുടുംബാംഗങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്നവരായിട്ട്.
ഒരുമതം മറ്റൊരു മതത്തിനെതിരാണെന്ന് പ്രചരിപ്പിക്കുക. മതത്തിന്റെ പേരില്‍ രാജ്യതന്ത്രം മെനയുക. ഇതൊക്കെയായിരുന്നു പണ്ടത്തെ രീതി. ആ രീതിയെ പുനരാനയിരിക്കുകയാണിപ്പോള്‍. ജനങ്ങളെ ഒന്നിപ്പിക്കാന്‍ കണ്ട 21-ാം നൂറ്റാണ്ടിലെ രീതി. ചില വിഡ്ഢികള്‍ പറയുന്നത് മതം രാഷ്ട്രീയമാണെന്നും രാഷ്ട്രീയം മതമാണെന്നുമാണ്. വിഡ്ഢികളുടെ രാജാവ് പറയുന്നത് മതവും രാഷ്ട്രീയവും വേറെയില്ലെന്നാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നത് രാഷ്ട്രീയം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു തിരുത്തി പറയേണ്ടിവന്നിരിക്കുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു. അതിന് മതപരിവേഷം നല്‍കുന്നു. ഇതെല്ലാം ആസൂത്രണം ചെയ്യുന്നവരുടെ ബുദ്ധിയെകുറിച്ചു വിലപിക്കാം.
ഒരു ‘കരയല്‍’ സമരം അനിവാര്യമായിരിക്കുന്നു. കരയുക, കണ്ണീരുകൊണ്ടു ഭൂമിനനയ്ക്കുക, എത്ര പേരുണ്ടാകും ആത്മാര്‍ഥമായി കരയാന്‍, ദുഃഖിക്കാന്‍. നാടിന്റെയും നാട്ടുകാരുടെയും വിധിയോര്‍ത്ത് കരയാന്‍പോലും കഴിയാത്തവര്‍. ഒറ്റ തെരഞ്ഞെടുപ്പെന്ന പരിഷ്‌കാരത്തെപ്പറ്റിയുള്ള മുഖപ്രസംഗത്തിലെ നിരീക്ഷണത്തിന് നന്ദി.

കെ നാരായണന്‍ കുട്ടി, വാടാനാംകുറുശി