October 3, 2022 Monday

തസ്തികയുണ്ടായിട്ടും ഹയർ സെക്കണ്ടറി സ്കൂളുകളിൽ ലൈബ്രേറിയൻ നിയമനം നടക്കുന്നില്ല

ഷാജി ഇടപ്പള്ളി  
കൊച്ചി
May 16, 2020 3:36 pm
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ  ഹയർ സെക്കണ്ടറി സ്കൂളുകളിൽ   ലൈബ്രേറിയൻ തസ്തിക  സൃഷ്ഠിച്ചുകൊണ്ടു 2001 ‑ൽ സ്പെഷ്യൽ റൂൾ ഉത്തരവിറങ്ങിയിട്ടും  നാളിതുവരെയായിട്ടും നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാർഥികളുടെ പരാതി. കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപ്പെടുത്തി 1991 ലാണ് ഹയർ സെക്കണ്ടറി ആരംഭിച്ചത്. ഇതേത്തുടർന്നാണ്   09.11.2001 ലെ  സെപ്ഷ്യൽ റൂളിലാണ്  ഹയർ സെക്കന്ററി സ്കൂളുകളിൽ ഗ്രേഡ് മുന്നിലും നാലിലുമുള്ള ലൈബ്രേറിയൻമാര നിയമിക്കണമെന്ന നിർദ്ദേശമുണ്ടായത്.
എന്നിട്ടും മാറി മാറിവന്നിട്ടുള്ള സർക്കാരുകൾ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാണിച്ച് ഈ തസ്തികയിലേക്കുള്ള നിയമനം  അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ആക്ഷേപം. പിന്നിട്  പൊതു വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട  2014 ലെ പ്രഫ: ലബ്ബ കമ്മറ്റിയും  2019 ലെ ഖാദർ കമ്മീഷനും  സ്കൂൾ ലൈബ്രറിയെക്കുറിച്ചും ലൈബ്രേറിയന്റെ ആവശ്യകതയെക്കുറിച്ചും സർക്കാറിന് റിപ്പോർട്ട്  നൽകിയിട്ടുള്ളതുമാണ്. ഹയർ സെക്കണ്ടറിയിൽ ക്ലാർക് , ലൈബ്രേറിയൻ ഉൾപ്പെടെ   അനധ്യാപക നിയമനം ഉടൻ നടത്തണമെന്ന് കാണിച്ച് കോടതിയിൽ നൽകിയ   ഹർജിയിൽ 2017  നവംബറിൽ ഹർജിക്കാർക്ക് അനുകൂല ഉത്തരവുണ്ടായിട്ടുള്ളതാണ്.
ഇതിനെതിരെ അപ്പീലുമായി സർക്കാർ കോടതിയെ സമീപിച്ചുവെങ്കിലും നിലവിലുള്ള ഉത്തരവ് രണ്ടു മാസത്തിനുള്ളിൽ  നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ 2020 ‑21  അധ്യയന വർഷത്തിൽ  പഠന പ്രവർത്തനത്തിന്റെ ഭാഗമായി പ്രത്യേക പ്രോജക്ട് കുട്ടികൾക്ക് തയ്യാറാക്കേണ്ടതുണ്ട്. ഇതിന്റെ ആവശ്യത്തിന് റഫറൻസിനും വായനക്കുമായി  ലൈബ്രറികൾ ആവശ്യവുമാണ് . ആയതിനാൽ ഈ അധ്യയന വർഷത്തിൽ  ക്ലാസുകൾ ആരംഭിക്കുമ്പോൾ  ലൈബ്രേറിയൻ നിയമന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന്   ഈ വിഷയവുമായി ബന്ധപ്പെട്ടു ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗാർഥി  ശിവകുമാർ കെ മുതലിയാർ ജനയുഗത്തോട് പറഞ്ഞു.
സർക്കാർ മേഖലയിൽ  816 ഉം , എയ്ഡഡ് മേഖലയിലെ 823 ഉം ഹയർ സെക്കണ്ടറി സ്കൂളുകളാണ് നിലവിലുള്ളത്. പത്താംതരം വരെയുള്ള സ്കൂളുകളിലും നിലവിൽ ലൈബ്രേറിയൻമാരില്ല. സ്കൂളുകൾക്ക് ലഭിക്കുന്ന പുസ്തകങ്ങളും  ലൈബ്രറിയും കൈകാര്യം ചെയ്യുന്നത് ഏതെങ്കിലും അധ്യാപകരാണ്. വായനയോട് താല്പര്യമില്ലാത്ത അധ്യാപകരാണെങ്കിൽ പേരിന് മാത്രമായിരിക്കും ഇത്തരം ലൈബ്രറികളുടെ പ്രവർത്തനം നടക്കുക.   എന്നാൽ കേന്ദ്രീയ വിദ്യാലയങ്ങൾ  ‚ജവഹർ നവോദയ സ്കൂളുകൾ,  സി ബി എസ് സി , ഐ സി എസ് സി സ്കൂളുകൾ എന്നിവിടങ്ങളിൽ മികച്ച ലൈബ്രറിയും യോഗ്യതയുള്ള ലൈബ്രേറിയൻമാരുമുണ്ട് . സംസ്ഥാനത്ത് ഓരോ വർഷവും ലൈബ്രറി സയൻസ് പഠനം കഴിഞ്ഞിറങ്ങുന്നത്  നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് .
കേരളത്തിലെ യൂണിവേഴ്സിറ്റികൾ വഴിയും, ഇതര  സംസ്ഥാന യൂണിവേഴ്സിറ്റികൾ വഴിയും  റെഗുലർ ‚വിദുര പoനം വഴിയും    ലൈബ്രറി സയൻസ് കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്കാണ്  തൊഴിൽ കിട്ടാത്ത അവസ്ഥ നിലനിൽക്കുന്നത് . കൂടാതെ കേരളത്തിൽ സർക്കാർ നിയന്ത്രണത്തിൽ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സും നടത്തുന്നുമുണ്ട്. ലൈബ്രറി സയൻസ് കോഴ്സ് പഠിച്ചിറങ്ങുന്നവരുടെ ജോലി സാധ്യത യൂ ജി സി ലൈബ്രേറിയൻ, കോമൺപൂൾ ലൈബ്രേറിയൻ എന്നീ മേഖലകളിലായി ചുരുങ്ങുന്നതായും ഉദ്യോഗാർത്ഥികൾ പറയുന്നു.

 സർക്കാർ കോളേജുകളിൽ ഇന്റേൺസിനെ  നിയമിക്കുന്നതിന്   റെഗുലർ കോഴ്സ് പൂർത്തിയായിരിക്കണമെന്ന നിബന്ധന ഉന്നത വിദ്യാഭ്യാസ വകുപ്പ്  പുനഃപരിശോധിക്കണമെന്നും വിദൂര വിദ്യാഭ്യാസം വഴി ലൈബ്രറി സയൻസിൽ ബിരുദം നേടിയവരെയും ഇന്റേൺ ആയി തെരെഞ്ഞെടുക്കുന്നതിന് അവസരമൊരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ചുള്ള  പരാതിയിൽ സംസ്ഥാന യുവജന കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ അംഗം വി വിനിൽ പറഞ്ഞു.

Eng­lish Sum­ma­ry: librar­i­ans not appoint­ed in high­er sec­ondary schools
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.