27 March 2024, Wednesday

കഴുത്തറുത്ത് എൽഐസിയും ഓഹരിവിപണിയിലേക്ക്

Janayugom Webdesk
January 14, 2022 5:00 am

രാജ്യത്തെ ഓഹരിവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി (ഐ പി ഒ) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ ഐ സി) തയാറെടുക്കുകയാണ്. ഇതോടെ വിപണി മൂല്യത്തിൽ ഏറ്റവും വലിയ ഇന്ത്യൻ കമ്പനികളുടെ നിരയിലേക്ക് എൽഐസി എത്തും. 15 ലക്ഷം കോടി രൂപ വിപണി മൂല്യത്തോടെയാകും പൊതുമേഖലാ സ്ഥാപനമായ എൽ ഐ സി പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി എത്തുന്നത് എന്നത് ഈ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന വമ്പൻ സ്രാവുകളുടെ കണ്ണുകൾ മഞ്ഞളിപ്പിച്ചിട്ടുണ്ട്. മികച്ച സാമ്പത്തിക ഭദ്രതയുള്ള, സുശക്തമായ അടിത്തറയുള്ള, രാജ്യമെമ്പാടും പടർന്നുപന്തലിച്ചിരിക്കുന്ന, രാജ്യത്തെ സാധാരണക്കാരൻ പോലും വിശ്വസിച്ച് പണം നിക്ഷേപിച്ചിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം ലാഭക്കൊതിയന്മാരുടെയും ഊഹക്കച്ചവടക്കാരുടെയും കൈകളിലേക്ക് എറിഞ്ഞുകൊടുക്കുകയാണ്. കാളക്കൂറ്റന്മാരും ഭീമൻ കരടികളും പുളച്ചുമദിക്കുന്ന ഓഹരിവിപണിയിലേക്ക് എൽ ഐ സി എന്ന പൊതുമേഖലാ സ്ഥാപനത്തെക്കൂടി കഴുത്തറുത്തുവിടുകയാണ് മോഡി ഭരണകൂടം. 2020ലെ ബജറ്റിൽ എൽഐസി ഓഹരികൾ വിൽക്കുമെന്ന് പ്രഖ്യാപിച്ചതിന് എത്രയോ മുമ്പ് തന്നെ രാജ്യത്തെ ഇടതുപക്ഷ കക്ഷികളും തൊഴിലാളി സംഘടനകളും ഇത് മുൻകൂട്ടിക്കണ്ട് പ്രതിഷേധവും പ്രക്ഷോഭങ്ങളും ആരംഭിച്ചതാണ്. കോവിഡിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാനാണ് എൽഐസി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന വാദമാണ് കേന്ദ്രം ഉയര്‍ത്തുന്നത്. എന്നാല്‍ 2020ൽ എൽഐസി ഓഹരികൾ വിറ്റൊഴിക്കാനായിരുന്നു കേന്ദ്രനീക്കം. കോവിഡ് വ്യാപനത്തോടെ നീക്കം തകിടം മറിയുകയായിരുന്നു. പ്രാരംഭഘട്ടത്തിൽ അഞ്ചുമുതൽ പത്തുശതമാനം വരെ ഓഹരികൾ വിറ്റ് 75,000 കോടി മുതൽ ഒരുലക്ഷം കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമെന്നാണ് ലഭ്യമായ വിവരം. നാലുലക്ഷം കോടിയിലേറെ രൂപയാണ് എൽഐസിയുടെ മൂല്യം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ അഞ്ചിരട്ടിവരെ വിപണിമൂല്യം കണക്കാക്കിയാണ് പ്രാരംഭ ഓഹരിവിൽപ്പനയ്ക്ക് എത്തുന്നത്. നിലവിൽ റിലയൻസിന്റെയും ടിസിഎസിന്റെയും വിപണിമൂല്യത്തിന് അടുത്താണ് എൽഐസിയുടെ മൂല്യമെന്നതാണ് എൽഐസിയെ പൊൻമുട്ടയിടുന്ന താറാവായി വൻനിക്ഷേപകർ കാണുന്നതിന് കാരണം. കടലാസുകമ്പനികളും വെറുമൊരു ഓഫീസും പരിമിതമായ സംവിധാനങ്ങളുമുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഓഹരിവിപണിയിലിറങ്ങി ശതകോടികളുടെ കളികൾ നടത്തുമ്പോൾ രാജ്യമൊട്ടാകെ പടർന്നുപന്തലിച്ചിരിക്കുന്ന ആസ്തികളുടെ പിൻബലമാണ് എൽഐസിയെ തിളക്കമുള്ളതാക്കി മാറ്റുന്നത്.


ഇതുകൂടി വായിക്കാം; മുതലാളിത്തവും പുതിയ തലങ്ങളും


സാമ്പത്തിക ഉദാരവത്ക്കരണ കാലത്തിന് ശേഷം ഒട്ടേറെ സ്വകാര്യകമ്പനികൾ ഇൻഷുറൻസ് രംഗത്തേയ്ക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും എൽഐസിയുടെ നാലയലത്തേയ്ക്ക് എത്താൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. 75 ശതമാനം ഇൻഷുറൻസ് ഇടപാടുകൾ ഇപ്പോഴും നടക്കുന്നത് എൽഐസി വഴിയാണ്. ഇരുപതിലേറെ വരുന്ന മറ്റ് ഇൻഷുറൻസ് കമ്പനികൾ എല്ലാം ചേർന്നാണ് ബാക്കിയുള്ള ഇരുപത്തഞ്ച് ശതമാനം ഇടപാടുകൾ നടത്തുന്നു എന്നത് തന്നെ എൽഐസിയുടെ അടിത്തറ എന്തെന്ന് വ്യക്തമാക്കും. നാൽപ്പത് കോടിയിൽ അധികം വരുന്ന ഇടപാടുകാരുടെ നിക്ഷേപമാണ് എൽഐസിയുടെ നട്ടെല്ല്. യഥാർത്ഥത്തിൽ ഉടമകൾ ഈ നിക്ഷേപകർ തന്നെയാണ്. ലഭ്യമായ കണക്കുകൾ അനുസരിച്ച് 32 ലക്ഷം കോടിയിലേറെ രൂപയാണ് നിക്ഷേപയിനത്തിൽ എൽഐസിയിലുള്ളത്. ആകെ നിക്ഷേപത്തിന്റെ 80 ശതമാനവും സർക്കാർ നിർദേശിക്കുന്ന പദ്ധതിയിലേക്കാണ് പോകുന്നത്. എൽഐസിയിൽ കേന്ദ്രസർക്കാരിന്റെ മുതൽമുടക്ക് 100 കോടി രൂപ മാത്രമാണ്. തുടക്കകാലത്ത് അത് അഞ്ചുകോടിയായിരുന്നു. ഐആർഡിഎ നിയമം നിലവിൽ വന്നതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികൾക്ക് ഏറ്റവും ചുരുങ്ങിയത് 100 കോടി രൂപയുടെ മുതൽമുടക്ക് ആവശ്യമാണെന്ന് വന്നപ്പോഴാണ് ഇത് ഉയർന്നത്. ഇതിനകം എൽഎൽസി വഴി ലഭിച്ച നിക്ഷേപത്തിന്റെ മുന്തിയ പങ്കിന്റെയും ലാഭവിഹിതത്തിന്റെയും കണക്കുകൾ എത്രയോ വലുതാണ്. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെയെല്ലാം പ്രതിസന്ധി ഘട്ടത്തിൽ കൈപിടിച്ചുയർത്തിയത് എൽഐസിയാണ്. ഇന്ത്യൻ റയിൽവേയ്ക്ക് 70,000 കോടി രൂപയുടെ വായ്പയാണ് നൽകിയിരിക്കുന്നത്. സർക്കാർ സെക്യൂരിറ്റികളിലും ബോണ്ടുകളിലുമായി ഏകദേശം 30 ലക്ഷം കോടിയുടെ നിക്ഷേപമാണ് എൽ ഐ സിയ്ക്കുള്ളത്. ലാഭവിഹിതത്തിന്റെ 95 ശതമാനവും പോളിസി ഉപഭോക്താക്കൾക്കായി മാത്രം നൽകുന്ന ലോകത്തെ ഏക ഇൻഷുറൻസ് കമ്പനികൂടിയാണ് എൽഐസി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നെടുംതൂണുകളിൽ ഒന്നായ എൽ ഐ സിയെ സ്വകാര്യകുത്തകകളുടെ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുക്കുന്നതിന്റെ ആദ്യപടിയാണ് പ്രാരംഭ ഓഹരി വിൽപ്പന. രാജ്യത്ത് പ്രവർത്തിക്കുന്ന 23 സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ മിക്കവയും വിദേശ ഇൻഷുറൻസ് കമ്പനികളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലാണ്. എൽഐസി തകർന്നാൽ മാത്രമേ അവരുടെ വളർച്ച സുഗമമാവൂ. ബി എസ് എൻ എല്ലിനെ തകർത്ത് റിലയൻസ് അടക്കമുള്ള സ്വകാര്യ ടെലികോം കമ്പനികൾക്ക് പരവതാനി വിരിച്ചുനൽകിയ കേന്ദ്രഭരണകൂടം ഇൻഷുറൻസ് മേഖലയെക്കൂടി സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ എൽഐസി ഓഹരിവിൽപ്പനയിലൂടെ നിശ്ചയിച്ചുകഴിഞ്ഞു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.