May 28, 2023 Sunday

എല്‍ഐസി; ഇന്ത്യയുടെ ജീവരക്തം

കെ ദിലീപ്
നമുക്ക് ചുറ്റും
February 4, 2020 5:15 am

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ സ്വകാര്യമേഖലയില്‍വിറ്റഴിക്കുമെന്ന് നിര്‍ലജ്ജം പ്രഖ്യാപിക്കാന്‍ ഒരു ഇന്ത്യന്‍ ധനകാര്യമന്ത്രി തയാറായിരിക്കുന്നു. അതും ഇന്ത്യന്‍ പാര്‍ലമെന്റില്‍. സ്വതന്ത്ര ഇന്ത്യ കടന്നുവന്ന നാള്‍വഴികളുടെ ചരിത്രമറിയാവുന്ന ഓരോ ഇന്ത്യക്കാരനും ലജ്ജകൊണ്ട് ശിരസ് കുനിഞ്ഞുപോവുകയും ക്രോധം കൊണ്ട് ചോരതിളയ്ക്കുകയും ചെയ്ത ശപ്ത നിമിഷമായാണ് ഭാവിഇന്ത്യന്‍ ചരിത്രകാരന്മാര്‍ ഈ സന്ദര്‍ഭത്തെ അടയാളപ്പെടുത്തുക. കാരണം എല്‍ഐസി എന്ന സ്ഥാപനം ഈ രാജ്യത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു. ഈ സ്ഥാപനത്തോട് കടപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ വ്യവസായ സ്ഥാപനങ്ങളും അണക്കെട്ടുകളും വികസന പദ്ധതികളും. എന്താണ് ഈ രാജ്യത്തിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം? എന്തുകൊണ്ടാണ് ആ സ്ഥാപനം വിറ്റഴിക്കുന്നത് മാതൃഹത്യയ്ക്ക് തുല്യമായ ഹീനകൃത്യമാവുന്നത്? 1956 ല്‍ പാര്‍ലമെന്റ് പാസാക്കിയ ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഇന്‍ഷുറന്‍സ് വ്യവസായം ദേശസാല്‍ക്കരിക്കുകയും 245 ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒന്നായി ചേര്‍ന്ന് രൂപീകരിക്കുകയും ചെയ്ത സ്ഥാപനമാണ് ലൈ­ഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന് ഒറ്റവാചകത്തില്‍ പറയാം.

എന്നാല്‍ നമ്മുടെ രാഷ്ടത്തെ സംബന്ധിച്ചിടത്തോളം ഈ ഒരു വാചകത്തില്‍ ഒതുക്കാവുന്ന ഒരു സ്ഥാപനമല്ല എല്‍ഐസി. അത് ഇന്ത്യയുടെ ധമനികളില്‍ പുരോഗതിയുടെ പുതുരക്തമൊഴിക്കിയ ഹൃദയത്തിന്റെ സ്ഥാനം അലങ്കരിക്കുന്നു. 1818 ല്‍ കല്‍ക്കത്തയില്‍ സ്ഥാപിതമായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ ഇന്ത്യയിലെ ആദ്യ സ്ഥാപനം. അവര്‍ പ്രധാനമായും ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ ഉദ്ദേശിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ഇന്ത്യക്കാര്‍ക്ക് വളരെ ഉയര്‍ന്ന പ്രീമിയം നിരക്കാണ് അവര്‍ ഈടാക്കിയത്. ഈ വിവേചനത്തിനെതിരെ രവീന്ദ്രനാഥ ടാഗോറിന്റെ മരുമകന്‍ വിശ്വഭാരതിയുടെ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച സുരേന്ദ്രനാഥ ടാഗോറാണ് ഹിന്ദുസ്ഥാന്‍ ഇന്‍ഷുറന്‍സ് സൊസൈറ്റി എന്ന ഒരു ഇന്‍ഷുറന്‍സ് സ്ഥാപനം ഇന്ത്യക്കാര്‍ക്കായി സ്ഥാപിച്ചത്. ഈ സ്ഥാപനമാണ് പിന്നീട് എല്‍ഐസി ആയി പരിണമിച്ചത്. അതുപോലെ തന്നെ ബോംബെയില്‍ ബോംബെ മ്യൂച്വല്‍ ലൈഫ് ഇന്‍ഷുറന്‍സ് സൊസൈറ്റി എന്ന പേരില്‍ ഒരു സ്ഥാപനം 1870 ല്‍ ഇന്ത്യാക്കാരാല്‍ സ്ഥാപിതമായി.

1884 ഫെബ്രുവരി ഒന്നിന് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, 1896 ല്‍ ഭാരത് ഇന്‍ഷുറന്‍സ് കമ്പനി, 1906 ല്‍ യുണൈറ്റഡ് ഇന്ത്യ, അതേവര്‍ഷം തന്നെ നാഷണല്‍ ഇന്ത്യന്‍, നാഷണല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളും സ്ഥാപിതമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയിലും സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ പലപ്പോഴും മാറിമറിഞ്ഞുകൊണ്ടിരുന്നു. രണ്ട് ലോക മഹായുദ്ധങ്ങള്‍, സ്വാതന്ത്ര്യസമരം തുടങ്ങി മാറിവന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ അനേകം ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തി. പൊതുജനങ്ങള്‍ക്ക് ഇത്തരം കമ്പനികളി­ല്‍ വിശ്വാസം നഷ്ടപ്പെട്ടു. കാരണം ദീര്‍ഘമായ കാലയളവിലെ നിക്ഷേപത്തിനുശേഷം മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായിരുന്നത്. കമ്പനികള്‍ ഇക്കാലയളവില്‍ തകര്‍ന്നുപോവുന്നത് പോളിസിയുടമയ്ക്ക് വലിയ നഷ്ടമായിതീരും. സ്വതന്ത്ര ഇന്ത്യയില്‍ 1955 ല്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തുന്ന വന്‍ തട്ടിപ്പുകളെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിലെ എക്കാലത്തേയും മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളായിരുന്ന ഫിറോസ് ഗാന്ധി ആരോപണം ഉന്നയിച്ചു. ഈ ആരോപണത്തിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ അന്നത്തെ ഇന്ത്യയിലെ വ്യവസായ പ്രമുഖരില്‍ ഒരാളും ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തിന്റെ ഉടമയുമായിരുന്ന രാമകൃഷ്ണ ഡാല്‍മിയ എന്ന അതിസമ്പന്നനും അത്യധികം രാഷ്ട്രീയ സ്വാധീനവുമുള്ള വ്യവസായി രണ്ടു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു.

ഇന്ന് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ വ‍ഞ്ചിച്ചു സമ്പാദിച്ച പണവുമായി മല്യമാരും മോഡിമാരും നാടുവിടുന്നത് നിസ്സംശരായി നോക്കിനില്‍ക്കുന്ന ഭരണസംവിധാനത്തെ കുറിച്ചോര്‍ത്ത് ലജ്ജിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. ഇന്‍ഷുറന്‍സ് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 1956 ജൂണ്‍ 19ന് ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ ആക്ട് പാസാക്കി സ്വകാര്യ മേഖലയിലുണ്ടായിരുന്ന 154 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 16 വിദേശകമ്പനികളും 75 പ്രോവിഡന്റ് ഫണ്ട് കമ്പനികളുമടക്കം 245 സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്ന പൊതുമേഖല സ്ഥാപനം രൂപീകരിച്ചത്. എല്‍ഐസി അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ 45.9 കോടിരൂപ മൂലധനവും 5.7 മില്യണ്‍ പോളിസികളും 300 ഓഫീസുകളുമാണുണ്ടായിരുന്നത്. അന്നത്തെ ദീര്‍ഘവീക്ഷണമുള്ള വിവേകശാലികളും രാജ്യസ്നേഹികളുമായ ഭരണകര്‍ത്താക്കളുടെ വിദഗ്ധമായ മേല്‍നോട്ടത്തില്‍ ഒരു സ്ഥാപനം വാനോളം വളര്‍ന്ന് 2006 ല്‍ ഇന്ത്യയുടെ ജിഡിപിയുടെ ഏഴ് ശതമാനം വരെ നല്‍കാന്‍ പ്രാപ്തിനേടിയ സ്ഥാപനം. നമുക്ക് പഞ്ചവത്സര പദ്ധതികളില്‍ മാത്രമുള്ള എല്‍ഐസിയുടെ നിക്ഷേപങ്ങള്‍ പരിശോധിക്കാം. 1956 ‑1961 — 184 കോടി, 1961 — 66 — 285 കോടി, 1969 — 74 — 1530 കോടി അങ്ങനെ ക്രമാനുഗതമായി വളര്‍ന്ന് 2017–2022 കാലഘട്ടത്തില്‍ എത്തുമ്പോള്‍ 28,01,483 കോടി രൂപയാണ് പഞ്ചവത്സരപദ്ധതികളില്‍ എല്‍ഐസിയുടെ സംഭാവന.

300 ഓഫീസുകളില്‍ തുടങ്ങി ഇന്ന് 2048 മുഴുവനായി കമ്പ്യൂട്ടറൈസ് ചെയ്ത ബ്രാ‍ഞ്ച് ഓഫീസുകളും എട്ട് സോണല്‍ ഓഫീസുകളും 113 ഡിവിഷണല്‍ ഓഫീസുകളും 1408 സാറ്റലൈറ്റ് ഓഫീസുകളും 54 കസ്റ്റമര്‍ സോണുകളും ഒന്നര ലക്ഷത്തോളം ജീവനക്കാരും 15,37,064 വ്യക്തിഗത ഏജന്റുമാരും 342 കോര്‍പ്പറേറ്റ് ഏജന്റുമാരും ബിസിനസ് നടത്തുന്നതിനായി 42 ബാങ്കുകളുമായി ധാരണയും ഉള്ള ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും പടര്‍ന്നു കിടക്കുന്ന ഒരു മഹാപ്രസ്ഥാനമാണ് എല്‍ഐസി ഈയടുത്ത് ഏറ്റെടുത്ത ഐഡിബിഐയുടെ 1899 ബ്രാഞ്ചുകളും എല്‍ഐസിയുടെ കീഴിലുണ്ട്. ഐഡിബിഐയും വിറ്റഴിക്കല്‍ പട്ടികയില്‍ ഇന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്‍ഐസിയുടെ മൂലധനം ഇന്ന് 8,00,000 കോടിയിലധികമാണ് വിവിധ കമ്പനികളിലെ എല്‍ഐസിയുടെ നിക്ഷേപം ഇന്ന് 2.33 ലക്ഷം കോടിയാണ് ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ഇന്‍ഫോസിസ്, റിലയന്‍സ്, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഐറ്റിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍ടിപിസി സീമെന്‍സ്, ഭാരത് എയര്‍ടെല്‍, ഹീറോ മോട്ടോര്‍ കോര്‍പ് ഇവയിലെല്ലാം തന്നെ വലിയ ഓഹരികള്‍ എല്‍ഐസിക്കാണ്. 2012 ലെ ഷെയര്‍ വാല്യു അനുസരിച്ച് ഐടിസിയില്‍ 27,326 കോടി, റിലയന്‍സ് ഇന്ത്യയില്‍ 21,659 കോടി, ഒഎന്‍ജിസിയില്‍ 17,764 കോടി, എസ്ബിഐയില്‍ 17,058 കോടി, എല്‍ആന്‍ഡ്ടിയില്‍ 16,800 കോടി, ഐസിഐസിഐ ബാങ്കില്‍ 10,006 കോടി എന്നിങ്ങനെയാണ് എല്‍ഐസിയുടെ നിക്ഷേപം.

ചുരുക്കത്തില്‍ ഇന്ത്യയിലെ ഏത് പ്രമുഖ കമ്പനികളെയും ഇന്ത്യാസര്‍ക്കാരിന് എല്‍ഐസിയുടെ പ്രസ്തുത കമ്പനികളിലെ മൂലധനത്തിന്റെ ബലത്തില്‍ വരുതിയില്‍ നിര്‍ത്താനാവും. ഇന്ത്യയിലെ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലും ജീവിതത്തിനുശേഷവും ജീവന് സുരക്ഷനല്‍കുന്ന സ്ഥാപനമാണ് എല്‍ഐസി ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നു നല്‍കിയതിനുശേഷവും 75 ശതമാനം പോളിസികളും ഇന്നും എല്‍ഐസിയുടെ പക്കല്‍ തന്നെയാണ്. ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ കൈവശം വച്ചിരിക്കുന്നു. അവരുടെ ജീവിത സുരക്ഷ, അതായത് ഇന്ത്യയിലെ മൂന്നിലൊന്ന് ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുന്നത് എല്‍ഐസി ആണ്. ഇന്ത്യന്‍ സമ്പദ്ഘടനയെ 2008 ലെ ലോകമാന്ദ്യകാലം തുടങ്ങി ഇന്നുവരെ താങ്ങിനിര്‍ത്തുന്ന സ്ഥാപനമാണ് എല്‍ഐസി.

സ്വാതന്ത്ര്യസമരം നയിച്ച് ഇന്ത്യയുടെ പരമാധികാരം വിദേശികളില്‍ നിന്ന് തിരിച്ചെടുത്ത തലമുറയില്‍പ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റുവടക്കമുള്ള ആദ്യകാല ഇന്ത്യന്‍ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തിന്റെയും രാജ്യസ്നേഹത്തിന്റെയും മുഖമുദ്രകളിലൊന്നാണ്. അവര്‍ നമ്മുടെ പുരോഗതിക്കും സുരക്ഷിതത്വത്തിനും നല്‍കിയ വലിയ സംഭാവനയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. അതിന്റെ മുദ്രാവാക്യംപോലും അന്വര്‍ത്ഥമാണ്. ‘യോഗക്ഷേമം വഹാമ്യഹം’ ഭഗവത്ഗീത ഒന്‍പതാം അധ്യായത്തില്‍ നിന്നെടുത്ത ഈ വരികളുടെ അര്‍ത്ഥം ഏതാണ്ടിപ്രകാരമാണ്. “നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ കടമ” ഈ വരികളെ അക്ഷരംപ്രതി പാലിച്ചുകൊണ്ട് സ്വതന്ത്ര ഇന്ത്യയില്‍ നാളിതുവരെ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ മൂന്നിലൊന്ന് ജനതയുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള ഈ സ്ഥാപനം മുപ്പതു വെള്ളിക്കാശിനു തീറെഴുതുന്നത് മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.