ന്യൂഡൽഹി: രാജ്യമാകെ പ്രതിഷേധം കത്തുമ്പോൾ നട്ടാൽ കുരുക്കാത്ത നുണകളും കള്ളപ്രചരണങ്ങളുമായി ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നേതാക്കളും രംഗത്ത്. പ്രതിഷേധക്കാരിൽ രണ്ടുപേരെ പൊലീസ് വെടിവച്ചുകൊന്ന മംഗളുരുവിൽ ഇന്നലെ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഴുവൻ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിനെ തുടർന്ന് കേരളത്തിലെ നേതാക്കൾ വരെ നുണപ്രചരണം നടത്തി.
കേരളത്തിൽ മാധ്യമപ്രവർത്തകരുടെ വേഷമിട്ട് കലാപത്തിന് പോയവരെയാണ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു നേതാക്കളുടെ കള്ളപ്രചരണം. എന്നാൽ ഉത്തരകേരളത്തിലെ അറിയപ്പെടുന്ന സജീവ മാധ്യമപ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ സംശയദൂരീകരണത്തിനായി പരിശോധിച്ച് ഉറപ്പുവരുത്താനാണ് കസ്റ്റഡിയിലെടുത്തതെന്നായി കെ സുരേന്ദ്രൻ, റാംമാധവ് ഉൾപ്പെടെയുള്ളവരുടെ ന്യായീകരണം.
എന്നാൽ കുടിവെള്ളംപോലും നിഷേധിച്ച് എട്ടുമണിക്കൂറോളം ആരുമായും ബന്ധപ്പെടാനാകാതെ പാർപ്പിച്ച ശേഷമായിരുന്നു മാധ്യമപ്രവർത്തകരെ വിട്ടയച്ചത്. യുപിയിൽ വഴിപോക്കനെയാണ് വെടിവച്ചതെന്ന് വാർത്ത കൊടുത്ത മാധ്യമപ്രവർത്തകനെതിരെയും കുപ്രചരണമുണ്ടായി. മതത്തിന്റെ പേരുപറഞ്ഞായിരുന്നു ഇയാൾക്കെതിരെ പ്രചരണം. വെള്ളിയാഴ്ച പ്രാർഥനക്കെത്തിയവരാണ് പലയിടങ്ങളിലും കുഴപ്പങ്ങളുണ്ടാക്കിയതെന്നും പ്രചരിപ്പിക്കാൻ ശ്രമിച്ചു. മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് തൊപ്പിയണിഞ്ഞ് തീവണ്ടിക്ക് കല്ലെറിഞ്ഞ ആറ് ബിജെപിക്കാരെ ബംഗാളിൽ നാട്ടുകാർ കയ്യോടെ പിടികൂടിയ സംഭവവുമുണ്ടായി. മുർഷിദാബാദിലായിരുന്നു കഴിഞ്ഞ ദിവസം സംഭവമുണ്ടായത്.
കേന്ദ്രസർക്കാരിന് പൊലീസ് നിയന്ത്രണമുള്ള ഡൽഹിയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമാണ് പ്രതിഷേധക്കാർക്കുനേരെ ഭീകരവേട്ട അരങ്ങേറുന്നത്. ഇതിനിടെ പൗരത്വ ഭേദഗതി സംബന്ധിച്ചുയർന്ന സംശയങ്ങൾക്ക് മറുപടിയുമായി ചോദ്യാവലിയും ഉത്തരവുമായി കേന്ദ്രസർക്കാർ രംഗത്തെത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.