Friday
22 Feb 2019

ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ചിറകരിഞ്ഞ് സുപ്രിംകോടതി

By: Web Desk | Wednesday 4 July 2018 10:32 PM IST

*ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ അന്തിമവിജയം കെജ്‌രിവാളിന്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: യഥാര്‍ത്ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ പരമാധികാരിയല്ലെന്നും സുപ്രിംകോടതി വിധി.
ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ വിധിപ്രഖ്യാപിച്ച സുപ്രിംകോടതി ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തി. അതേസമയം ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി നല്‍കാനാകില്ലെന്നും വിധി വ്യക്തമാക്കി. ലഫ്. ഗവര്‍ണറാണ് ഡല്‍ഹിയുടെ ഭരണത്തലവന്‍ എന്ന ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഈ സുപ്രധാന വിധി.
ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മറ്റ് രണ്ട് ജഡ്ജിമാരും സംയുക്തമായും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവര്‍ വെവ്വേറെയുമാണ് വിധി പുറപ്പെടുവിച്ചത്.
സംസ്ഥാന ഗവര്‍ണര്‍ക്ക് തുല്യമല്ല ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ ഗവര്‍ണര്‍ അംഗീകരിക്കണം. ഭരണഘടനയുടെ 239 എഎ പ്രകാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ തടസ്സപ്പെടുത്തുന്നയാളായി ലഫ്റ്റനന്റ് ഗവര്‍ണര്‍ പെരുമാറരുത്. ഡല്‍ഹി സര്‍ക്കാരിന് അധികാരമുള്ള വിഷയങ്ങളില്‍ കാലതാമസമില്ലാതെ ഗവര്‍ണര്‍ തീരുമാനമെടുക്കണം. ഭരണപരമായ തീരുമാനങ്ങള്‍ ഗവര്‍ണര്‍ വൈകിക്കരുത്. ജനാധിപത്യ സംവിധാനത്തില്‍ അരാജകത്വം പാടില്ല. സര്‍ക്കാരും ഗവര്‍ണറും ഒരുമിച്ച് പോകണം. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളണം.
ഭരണഘടനയ്ക്ക് വിധേയമല്ലാത്ത തീരുമാനങ്ങള്‍ ഉണ്ടായാല്‍ ലഫ്. ഗവര്‍ണര്‍ക്ക് ഇടപെടാം. പൊലീസ്, ഭൂമി, ക്രമസമാധാനം എന്നിവ ഒഴികെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രപതിക്ക് അയക്കേണ്ടതില്ലെന്നും ഭൂരിപക്ഷ വിധിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
സംസ്ഥാന നിയമസഭകളുടെ അധികാരത്തിന് മേല്‍ കേന്ദ്രം കടന്നുകയറരുതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ജനപ്രതിനിധികള്‍ക്കാണ് ജനങ്ങളോട് ബാധ്യതയെന്നും വിധിന്യായം പറയുന്നു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിച്ചാകണം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരുടെ വിധിന്യായത്തിലും ഏകാഭിപ്രായമാണ്. ലഫ്റ്റനന്റ് ഗവര്‍ണറുടെ തീരുമാനം ഭരണഘടനയ്ക്ക് അനുസൃതമാകണം. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ നിലപാടുകള്‍ തടസമാകരുത്. ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കേന്ദ്രത്തിന് ഇടപെടാമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയില്‍ വ്യക്തമാക്കി. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മാനിക്കപ്പെടണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണും വിധിയില്‍ പറഞ്ഞു. ഗവര്‍ണറുടെ അധികാരം പരിമിതമാണെന്ന ഭൂരിപക്ഷ വിധിയോട് അദ്ദേഹവും യോജിച്ചു.

ഡല്‍ഹിക്ക് പൂര്‍ണ പദവി നല്‍കാനാവില്ലെന്നും പ്രത്യേക പദവി മാത്രമേ ഉള്ളൂവെന്നും സുപ്രീംകോടതി വിധിച്ചു. ഭരണഘടന അനുവദിക്കുന്ന കാര്യങ്ങളിലല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമില്ലെന്ന് വിധിയില്‍ പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി ഗവണ്‍മെന്റിനെയും നിയമസഭയെയും ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്ത് നിയന്ത്രിക്കാനും നിഷ്‌ക്രിയമാക്കാനും നരേന്ദ്രമോഡി സര്‍ക്കാര്‍ നിരന്തരം തുടര്‍ന്നുപോന്ന ജനാധിപത്യ വിരുദ്ധ കുതന്ത്രങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ് എന്നിവര്‍ എഎപി സര്‍ക്കാരിനു വേണ്ടി ഹാജരായി. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് ഹാജരായി.

Related News