October 5, 2022 Wednesday

ചിന്തയുടെയും പ്രവൃത്തിയുടെയും ഇടയിലുള്ള ജീവിതം

അജിത് കൊളാടി
വാക്ക്
August 13, 2022 5:30 am

രാഷ്ട്രം സ്വാതന്ത്ര്യം നേടിയിട്ട് ഏഴര ദശകങ്ങൾ പിന്നിട്ടു. സ്വാതന്ത്ര്യ സമരകാലത്ത് ഉയർത്തിപ്പിടിച്ച ദർശനങ്ങളിൽ നിന്നും ലക്ഷ്യങ്ങളിൽ നിന്നും നാം വളരെ അകലെയായി. ചിന്തയും വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കാൻ ബഹുഭൂരിഭാഗത്തിനും സാധിക്കുന്നില്ല. ഇന്ന് ബുദ്ധിജീവികൾ അധികം സംസാരിക്കുന്നില്ല. സംസാരിക്കുന്നവർ ജയിലിലാണ്. അനീതിക്കും കടുത്ത യാഥാസ്ഥിതികത്വത്തിനും അധികാരികൾക്കും നേരെ നിരന്തര ചോദ്യങ്ങൾ ഉയരണം. അത്തരത്തിൽ ചോദിക്കുന്നവരാണ് യാഥാസ്ഥിതിക സമ്പ്രദായങ്ങളെയും ഏകാധിപത്യത്തിന്റെ ഗർവിനെയും അഹങ്കാരത്തെയും അസ്ഥിരമാക്കുന്നത്. ചോദ്യം ചോദിക്കുന്നവരുടെ നിര വളരണം. പ്രത്യേകിച്ച്, അനീതിയും അസഹിഷ്ണുതയും മനുഷ്യാവകാശ ധ്വംസനങ്ങളും നിലനിൽക്കുന്ന സമൂഹത്തിൽ. നീതിയും സമത്വവും സഹിഷ്ണുതയും ഭരണഘടനാ മൂല്യങ്ങളായി സൂക്ഷിക്കുന്ന ജനാധിപത്യ സമൂഹം നിലനിൽക്കാൻ, വിമർശനങ്ങൾ ഉന്നയിക്കുന്ന പൊതുസമൂഹം വളർന്നേ മതിയാകൂ.
രാജ്യം ഭീതിദമായ ഒരന്തരീക്ഷത്തിലാണ്. ഇവിടെ അവശേഷിക്കുന്ന മാനവികതയുടെ തുടിക്കുന്ന ഓർമ്മകൾക്ക് മീതെ ബുൾഡോസർ കയറ്റി ചതച്ചരയ്ക്കുക മാത്രമല്ല, കത്തിച്ച് യാതൊരു തെളിവുമവശേഷിപ്പിക്കാതെ ചാമ്പലാക്കുക എന്ന പ്രവൃത്തിയാണ് നടക്കുന്നത്. ലോകത്തിലെ ഭരണകൂടങ്ങൾക്ക് അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും വർഗീയ കലാപങ്ങളിൽ വധിക്കപ്പെട്ടവരുടെയും ഓർമ്മകൾ എന്നും ഒരു തലവേദനയാണ്. അതുകൊണ്ടു തന്നെ പരമാവധി ശക്തിയിൽ അത്തരം കാര്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പുതിയ കാര്യമല്ല. “ഓർമ്മിക്കുക” എന്നതാണ് ഭരണകൂട ചെയ്തികളെ ചെറുക്കുന്നവരുടെ പ്രാഥമിക പ്രതിരോധം.


ഇതുകൂടി വായിക്കൂ:  വാക്കുകള്‍ക്ക് വിലങ്ങിടുന്നവര്‍


ദേശീയ പ്രസ്ഥാനം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ, എത്രയെത്ര അസന്ദിഗ്ധമായ പ്രതിരോധങ്ങൾ തീർത്തു. ത്യാഗോജ്ജ്വല ജീവിത ചരിത്രങ്ങൾ നമ്മുടെ മുന്നില്‍ എത്രയോ ഉണ്ട്. എന്തുകൊണ്ട് ജനാധിപത്യം ക്ഷീണിക്കുന്നു, എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഉത്തരം ചോദ്യത്തിൽ തന്നെയുണ്ട്. അതിന്റെ ആന്തരിക ദൗർബല്യമാണത്. ജനാധിപത്യം തെരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. നൂറ്റാണ്ടുകൾ നീണ്ട സംസ്കാരത്തിന്റെ യാത്രയിൽ മനുഷ്യൻ സ്വാംശീകരിച്ച മൂല്യങ്ങളുടെ, അഥവാ മൂല്യങ്ങൾ സൃഷ്ടിക്കുന്ന പ്രസ്ഥാനത്തിന്റെ തന്നെ ഉല്പന്നമാണ് ജനാധിപത്യം. അതുകൊണ്ടു തന്നെ ജനാധിപത്യമുള്ള രാജ്യങ്ങളിൽ, അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ സംരക്ഷിക്കുന്നതാകണം ഏവരുടെയും ചുമതല. മാത്രമല്ല മൂല്യസൃഷ്ടിയുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും വേണം. ഇത് രണ്ടും ഇന്ന് നമ്മുടെ രാജ്യത്ത് നിറവേറ്റപ്പെടുന്നില്ല. ചരിത്രത്തെ പിറകിലെ ഒരു പ്രത്യേക കാലഘട്ടത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് ഫാസിസം എന്നും സ്വീകരിക്കുന്ന തന്ത്രം. അതുവഴി ചാതുർവർണ്യം ഉറപ്പാക്കണം. ബ്രാഹ്മണിസത്തിന്റെ ആധിപത്യം നിലനിര്‍ത്തണം. അങ്ങനെയാകുമ്പോൾ ഇന്ത്യയുടെ ഉടമാവകാശം അവർക്കായിത്തീരുന്നു എന്നതാണ് ചരിത്രത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ അർത്ഥം.


ഇതുകൂടി വായിക്കൂ:  പ്രതിമകളിൽ പ്രചരിക്കുന്ന വിദ്വേഷ രാഷ്ട്രീയം


കാലം ഇന്ന് അതിന്റെ എല്ലാ ആസുരതയും പുറത്തെടുക്കുന്നു. ഫാസിസം അതിന്റെ രൗദ്രഭാവങ്ങളിൽ അഴിഞ്ഞാടുന്നു. ഭൂരിപക്ഷ ഹിന്ദു വർഗീയത എന്ന വിഷം, ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ രക്തധമിനികളിലേക്കും സംക്രമിച്ചുകൊണ്ടിരിക്കുന്ന ഭീതിദമായ കാലത്താണ് നാം ജീവിക്കുന്നത്. മറുവശത്ത് ന്യൂനപക്ഷ വർഗീയതയും ആപല്ക്കരമായ രീതിയിൽ വളരുന്നു. മനുഷ്യ മനസിന്റെ പ്രാകൃതത്വം ആണ് പ്രകടമാക്കുന്നത് വർത്തമാനകാലത്ത്. “നിഷാദ” എന്നു വിളിക്കേണ്ടവരുടെ മുഖത്തുനോക്കി “ദേവ, ദേവ” എന്നു വിളിക്കാൻ കാലം ശീലിച്ചു. അതിന്റെ പരിണിത ഫലമാണ് സർവമേഖലകളിലും കാണുന്ന അസുര താണ്ഡവം.
ഗാന്ധിജി വിട പറഞ്ഞപ്പോൾ ആൾഡസ് ഹക്സ്‌ലി എഴുതിയ ചരമക്കുറിപ്പ് ഇങ്ങനെയാണ്. “ഇന്ത്യയിൽ വളർന്ന അഹിംസയുടെ അപ്പോസ്തലൻ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോയത് പട്ടാള ട്രക്കിൽ തോക്ക് തലകീഴായി പിടിച്ച പട്ടാളക്കാരുടെ അകമ്പടിയോടുകൂടിയാണ്”. അതായത് ലോകത്തിലെ മുഴുവൻ രാജ്യങ്ങളും ആയുധമെടുത്ത് ഒരുങ്ങി നിൽക്കുമ്പോൾ, ആയുധമെടുക്കുക മാത്രമാണ് ഒരു രാജ്യത്തിനു കരണീയമായിട്ടുള്ളതെന്നും എല്ലാ രാജ്യഭരണവും ആക്രമത്തിലും ആയുധത്തിലും അധിഷ്ഠിതമാണ് എന്നും ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാനത്തിൽ നിന്ന് നമുക്ക് മനസിലാക്കാം. അധികാരങ്ങളെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുന്ന ഫാസിസത്തിന് ഒരിക്കലും പിഴവു പറ്റില്ലെന്ന് മുസോളിനി പറഞ്ഞിട്ടുണ്ട്. ലോകത്ത് രാഷ്ട്രീയ തുല്യത എന്നൊന്നില്ലെന്നും അധീശത്വം, അനുസരണം എന്നിവയാണ് വാസ്തവത്തിൽ ഉള്ളതെന്നും അനുസരിക്കുന്ന ഒരു ജനവർഗത്തിനു മാത്രമെ മുന്നേറാൻ കഴിയൂ എന്നും മുസോളിനി പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ അനുവർത്തിക്കുന്ന നയവും.


ഇതുകൂടി വായിക്കൂ: ചുട്ടെടുക്കുന്ന ചരിത്രം മിഥ്യ


ഫാസിസം മനസിനു നിരന്തരം തടവറയുണ്ടാക്കുന്നു. ഫാസിസ്റ്റ് സംഘടന എപ്പോഴും രഹസ്യത്തിന്മേൽ ജീവിക്കുന്നു. സ്വതന്ത്രഭാരതത്തിൽ ഇന്ന് സ്ത്രീകളെ അപമാനിക്കാനും ആക്രമിക്കാനും ഫാസിസ്റ്റ് സംഘടനകൾ മുന്നിലാണ്. ജാതിയുടെയും മതത്തിന്റെയും തൊഴിലിന്റെയും സെക്സിന്റെയും പേരിൽ എങ്ങും വിവേചനം അവർ നേരിടുന്നു. അതുമൂലം അവർ വേട്ടയാടപ്പെടുന്നു. കൂട്ടബലാത്സംഗങ്ങൾക്കും ഹീനമായ ചൂഷണങ്ങൾക്കും വിധേയമാക്കപ്പെടുന്നു. നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ലജ്ജിപ്പിക്കുന്ന, ദുഷ്ട ചെയ്തികൾ അനുഭവിക്കേണ്ടിവരുന്നത് സാമൂഹ്യ ദ്രോഹികളിൽ നിന്നു മാത്രമല്ല, നീതിസംരക്ഷകരിൽ നിന്നുപോലുമുണ്ട്. അന്ധവിശ്വാസവും അനാചാരങ്ങളും കൊടികുത്തി വാഴുന്നു. പ്രാചീന ആൺകോയ്മയുടെ ദൈവങ്ങളും മതങ്ങളും നടത്തിയ പീഡനത്തിന്റെയും ബന്ധനത്തിന്റെയും മുറിവുകൾ വികൃതമായ വടുക്കളായി സ്ത്രീയുടെ ശരീരത്തിൽ പതിഞ്ഞിരിക്കുന്നു. ഇന്നത്തെ ആൺകോയ്മ പുതിയ വസ്ത്രങ്ങൾ കൊണ്ടതിനെ മറയ്ക്കുവാൻ ശ്രമിക്കുന്നു.
പള്ളി പൊളിച്ചവർ മതേതരവാദികളും അതിനെ ചോദ്യം ചെയ്യുന്നവർ കപട മതേതരവാദികളും എന്നാണ് ഫാസിസം പറയുന്നത്. അവരുടെ യോദ്ധാവും തേരാളിയും മതമൗലികവാദമാണ്. അതിന് ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമില്ല. ഭരണകൂടത്തെക്കുറിച്ചുള്ള ഭയഭക്തി ബഹുമാനങ്ങൾ പ്രജകളിൽ ഉളവാക്കാൻ കൂറ്റൻ അധികാര മന്ദിരങ്ങൾ ഭരണാധികാരികൾ പണിയുന്നു. മന്ദിര നിർമ്മാണങ്ങൾ ജനങ്ങളെ സംഘടിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് സിദ്ധാന്തിച്ചത് ഹിറ്റ്ലർ ആണ്. മന്ദിര നിർമ്മാണത്തിലൂടെ ചരിത്രം നിർമ്മിക്കാം. മന്ദിരങ്ങൾ തകർത്തുകൊണ്ട് ഒരു ജനതയുടെ ചരിത്രത്തെ ഇല്ലായ്മയും ചെയ്യാം. ജനതയുടെ സാമ്പത്തിക സാമൂഹിക ഭൗതിക ജീവിതത്തെക്കാൾ അവരുടെ ജീവിത സ്മൃതികളായി മന്ദിരങ്ങൾ നിലനിൽക്കുന്നു എന്നവർക്കറിയാം. മോഡി സർക്കാർ ജനാധിപത്യത്തിന് പുതിയ നിർവചനങ്ങളും മാനങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ, ഭരണഘടനയുടെ സുരക്ഷിതമായ മറയിൽ തന്നെ, എങ്ങനെ ജനാധിപത്യ ധ്വംസനങ്ങൾ നടത്താം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന സർക്കാരാണിത്.
ഗാന്ധി പണ്ടേ പറഞ്ഞു, ‘ആധുനിക ഭരണകൂടം സംഘടിതമായ ഹിംസയുടെ മറുരൂപമാണ്. ഏറ്റവും ദുർബലനായ ഒരു മനുഷ്യനു പോലും “സമത്വം” ലഭിക്കുന്ന സമൂഹം ജീവിക്കുന്നിടമാണ് യഥാർത്ഥ ജനാധിപത്യം’. ഇന്ന് ആ ചിന്തയെവിടെ?
എല്ലാവർക്കുമറിയാം മനുഷ്യാവകാശങ്ങളിൽ പരമപ്രധാനമായ അവകാശമാണ് സ്വാതന്ത്ര്യം എന്നത്. മനുഷ്യന്റെ പുരോഗതിക്ക് പുതിയ ചക്രവാളവും ഒരിക്കലും അറുതിവരാത്ത അർത്ഥവും കാണാനുള്ള സ്വാതന്ത്ര്യത്തെ എന്നന്നേയ്ക്കുമായി നിഹനിക്കുക എന്നതാണ് ഫാസിസം ചെയ്യുന്നത്. ചരിത്രത്തെ ചവിട്ടി മെതിച്ചുള്ള പിന്‍നടത്തങ്ങൾക്ക് തടയണ പണിയാൻ ഓർമ്മകളുടെ (ചരിത്ര യാഥാർത്ഥ്യങ്ങളുടെ) കാവൽക്കാരായി നാം മാറേണ്ടിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: ഗാന്ധിജിയെ ഭയക്കുന്നതാരാണ് ?


‘സ്വാർത്ഥികളും സുഖലോലുപന്മാരും ഭരണരംഗത്തേക്ക് നുഴഞ്ഞുകയറുന്നതിനെ തടഞ്ഞില്ലെങ്കിൽ ഇന്ത്യ എവിടെ എത്തുമെന്ന് ഗാന്ധിജി പ്രാർത്ഥനായോഗങ്ങളിൽ ചോദിക്കുമായിരുന്നു. ‘നമുക്ക് വേണ്ടത് സാമൂഹ്യവും സാന്മാർഗികവും സാമ്പത്തികവുമായ സ്വാതന്ത്ര്യമാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം അങ്ങോട്ടാണ് നയിക്കേണ്ടത്’. ഗാന്ധിജിയുടെ ഈ വാക്കുകൾ പ്രസക്തമാണ്.
ഗാന്ധി, നെഹ്രു, പട്ടേൽ, അംബേദ്കർ, മൗലാന ആസാദ്, ടാഗോർ, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ സ്വപ്നങ്ങൾക്ക് വൈജാത്യമുണ്ട്. അത് പരിശോധിക്കുമ്പോൾ,ആ വ്യക്തി പ്രതിഭാസങ്ങളുടെയും, അവർ നടത്തിയ ചരിത്ര നിർമ്മിതിയെയും ഗഹനമായി അറിയാം. അവരെല്ലാംകൂടി ഉണ്ടാക്കിയ മനോഹരമായ മഴവില്ലിനെ ഏഴാക്കി തരംതിരിച്ചാൽ ആ മനോഹാരിത നഷ്ടപ്പെടും. ഒരു സ്വപ്നത്തിന്റെ വിവിധ ഛായകളാണവർ. ഇന്ന് സർദാർ പട്ടേൽ ഒരു പ്രതിമയായി. സബർമതി ആശ്രമത്തെ കോടികൾ ചെലവിട്ട് ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു. നെഹ്റുവിനെ ചരിത്രത്തിൽ നിന്ന് നിഷ്കാസനം ചെയ്യുന്നു. സബർമതിയിൽ നിന്ന് വളരെ അകലെ അയോധ്യയില്‍ രാമക്ഷേത്രം പണിതുയര്‍ത്തുന്നു. ഗാന്ധി പണ്ടു പറഞ്ഞു “എന്റെ രാമൻ അയോധ്യയിലെ രാജാവായ ദശരഥന്റെ പുത്രനായ രാമൻ എന്ന ചരിത്ര പുരുഷനല്ല. എനിക്ക് അദ്ദേഹം അനാദ്യന്തനാണ്. ആർക്കും അദ്ദേഹത്തെ പ്രാർത്ഥിക്കാം. അള്ളാഹു എന്നും ഖുദാ എന്നു വിളിക്കുമ്പോഴും ഒരേ ശബ്ദലയം”. ചൈതന്യവത്തായ ഭാരതീയ ചിന്തകളിൽ നിന്ന് ഇന്നത്തെ ഇന്ത്യ മാറി. വാക്കും പ്രവൃത്തിയും യോജിക്കുന്നില്ല. വിശാലമനസ്കത തീരെ കുറയുന്നു. ഇന്ന് ആവശ്യം, പ്രബോധ പൂർണമായ ഒരു മാനവികവാദത്തിന് ഉന്മുഖമായി മനുഷ്യന്റെ പ്രബുദ്ധതയെയും ഭൗതികതലത്തെയും സൗഹാർദ്ദപൂർവം ഇണക്കിച്ചേർത്ത് ശക്തിപ്പെടുത്തുക എന്നതാണ്. അതാകണം ഇടതുപക്ഷത്തിന്റെ കടമ. ഇന്ന് കമ്മ്യൂണിസത്തിന് ഇന്ത്യൻ മണ്ണിൽ ഒരു ഗാന്ധിയൻ അവബോധത്തോടു കൂടി മാത്രമെ പ്രവർത്തിക്കാൻ കഴിയു. അങ്ങനെ ഒരു സമന്വയം ഭാരതീയ സമൂഹത്തിന്റെ വിപ്ലവകരമായ രൂപാന്തരീകരണത്തിൽ കലാശിക്കും. വാക്കും ചിന്തയും ഒന്നാക്കുന്ന സമൂഹം സൃഷ്ടിക്കാൻ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു നീങ്ങണം. ഫാസിസ്റ്റ്, മൂലധന ശക്തികളിൽ നിന്ന് ജനതയെ രക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.