June 4, 2023 Sunday

Related news

May 18, 2023
May 17, 2023
May 16, 2023
May 4, 2023
May 2, 2023
April 24, 2023
April 19, 2023
April 18, 2023
April 13, 2023
April 13, 2023

ജീവിതം മെച്ചപ്പെടുത്താം, പോസിറ്റീവ് സൈക്കോളജിയിലൂടെ…

നിതിൻ എ എഫ്
May 17, 2023 5:56 pm

സൈക്കോളജി എന്ന് കേൾക്കുമ്പോൾ കൂടുതൽ ആൾക്കാരുടെയും മനസിലേക്ക് കടന്നുവരുന്നത് പല സിനിമയിലും കണ്ട രംഗങ്ങൾ ആണ്. അത് ചിലപ്പോൾ മാനസീക രോഗങ്ങളുമായി ബന്ധപ്പെട്ടത് ആവാം അല്ലങ്കിൽ ഹിപ്നോട്ടിസവും ആയി ബന്ധപ്പെട്ട രംഗങ്ങൾ ആവാം. ഇതെല്ലാം തന്നെ സൈക്കോളജിയെക്കുറിച്ചു ഒരു നെഗറ്റീവ് കാഴ്ചപ്പാട് ലോകമെങ്ങും ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുത ആണ്. യഥാർത്ഥത്തിൽ സൈക്കോളജി സഹായിക്കുന്നത് മാനസീക രോഗം ഉള്ള ആൾക്കാരെ മാത്രം അല്ല. ജീവിതത്തിന്റെ എല്ലാ തുറകളിലും ജീവിതത്തെ കുറേക്കൂടെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് സാധ്യമായി തീരുന്നത് സ്വന്തം പേഴ്സണാലിറ്റി കുറേക്കൂടെ ആധികാരികമായി മനസിലാക്കുന്നതിലൂടെ ആവാം, ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ആകാം, ജീവിതത്തെ കുറിച്ച് ഇൻസൈറ്റ്‌ ആഴത്തിൽ ഉണ്ടാക്കുന്നത് കൊണ്ടാവാം, ജീവിതം കുറെ കൂടെ പ്രവർത്തന നിരതവും കാര്യക്ഷമവും ആക്കുന്നതിനു വേണ്ടി ആവാം, ഇങ്ങനെ നമ്മുടെ ജീവിതത്തെ ഫലപ്രദമായി ജീവിക്കുന്നു എന്ന് ബോദ്ധ്യപ്പെടുത്തുന്ന എന്തും പോസിറ്റീവ് സൈക്കോളജിയുടെ ഭാഗം ആകാം. വ്യക്തിപരമായും സാമൂഹികമായും ഒരു വ്യക്തിയുടെ ജീവിതത്തിനു മൂല്യം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പോസിറ്റീവ് സൈക്കോളജി.

സൈക്കോളജിയുടെ ചരിത്രത്തിൽ ആധുനീകമായ ഒരു മേഖല ആണ് പോസിറ്റീവ് സൈക്കോളജി. 1998 ൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന മാർട്ടിൻ സെലിഗ്മൻ ആണ് ആദ്യമായി പോസിറ്റീവ് സൈക്കോളജി എന്ന പ്രയോഗം നടത്തിയത്. ഇത് നിലവിൽ ഉണ്ടായിരുന്ന മാനസീക രോഗങ്ങളിൽ ഊന്നിയുള്ള സമീപനം മാറുകയും എല്ലാ ആൾക്കാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ സൈക്കോളജിയെ ജനകീയം ആക്കുകയും ചെയ്തു. ഇന്ന് അഡോളസെന്റ്, പ്രീമാരിറ്റൽ കൗൺസിലിങ് തുടങ്ങി ജെറിയാട്രിക് കെയർ വരെ ധാരാളം ആൾക്കാർ സൈക്കോളജി പ്രയോജനപ്പെടുത്തി വരുന്നു. ഇതു കൂടുതൽ ആൾക്കാരിലേക്ക് ഇനിയും എത്തേണ്ടതായിട്ടുണ്ട്. അത് അവരുടെ ജീവിതം കൂടുതൽ ഫലപ്രദമാക്കുന്നതിനു സാധിക്കും. കൂടുതൽ ആൾക്കാരും ഇന്ന് ശ്രമിക്കുന്നത് ജീവിത നിലവാരം മാത്രം ഉയർത്തുന്നതിനുവേണ്ടിയാണ്. അത് അവരിൽ ജീവിത സഫലീകരണവും സംതൃപ്തിയും ഉണ്ടാക്കും എന്ന് തെറ്റായി ധരിച്ചുകൊണ്ടാണ് ലോകത്തിൽ ജീവിക്കുന്നത്. യഥാർത്ഥത്തിൽ ജീവിത സഫലീകരണവും സംതൃപ്തിയും ഉണ്ടാകുന്നത് ജീവിത മൂല്യങ്ങൾ ഉയർത്തുമ്പോൾ ആണ്. സാമ്പത്തിക വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് സന്തോഷം ഉയരുന്നത് നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ (ആഹാരം, വസ്ത്രം, പാർപ്പിടം, അത്യാവിശ്യ ബില്ലുകൾ) നിറവേറുന്നത് വരെ മാത്രം ആണ്. അതിനു ശേഷമുള്ള അധിക വരുമാനമോ ഒരു നിശ്ചിത തുകയ്ക്ക് ശേഷമോ അത് തകിടം മറിയുകയോ കുറയുകയോ ചെയ്യാം. ഇവിടെ ആണ് പോസിറ്റീവ് സൈക്കോളജി പ്രാധാന്യം അർഹിക്കുന്നത്. 

ശരിയായ പേരെന്റിങ്ങിനെ കുറിച്ചുള്ള അവബോധം പോസിറ്റീവ് സൈക്കോളജിയുടെ ഭാഗമാണ്. മക്കളെ എങ്ങനെ വളർത്തണം എന്ന് ഇന്ന് മിക്ക രക്ഷകർത്താകൾക്കും അറിവില്ല. ജീവിത മൂല്യ ശോഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ രക്ഷകർത്താക്കൾ മക്കളെ എങ്ങനെ ശരിയായി വളർത്തണം എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് കുട്ടികളുടെ ഇടയിലുള്ള പ്രശ്നങ്ങൾ കുറക്കുന്നതിനും നല്ല സ്വഭാവം ഉള്ള ഒരു തലമുറ നമ്മുടെ സമൂഹത്തിനു ലഭിക്കുന്നതിനും സഹായിക്കും. കുട്ടികളുടെ ഓരോ പ്രായത്തിലും അവരുടെ സമീപനവും പ്രതികരണവും വ്യത്യസ്തമായിരിക്കും അത് മനസിലാക്കി അവരോടു ഇടപെടേണ്ടതായിട്ടുണ്ട്. ഓരോ വ്യക്തിയും അവരവരുടെ പേഴ്സണാലിറ്റി സവിശേഷതകൾ തിരിച്ചറിയേണ്ടതായിട്ടുണ്ട്. അത് ആ വ്യക്തിയെ എല്ലാ അർത്ഥത്തിലും കുറേക്കൂടെ മെച്ചപ്പെട്ട വ്യക്തി ആക്കുന്നതിനും നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ജീവിതം കൂടുതൽ ക്രീയാത്മകം ആകുന്നതിനും സാധിക്കും. അഞ്ച് പ്രധാനപ്പെട്ട പേഴ്സണാലിറ്റി സവിശേഷതകൾ ആണ് ഉള്ളത്. ഓപ്പൺനെസ്സ്‌, കോൺഷ്യന്റിയസ്നെസ്സ്, എക്സ്ട്രാവേർഷൻ, എഗ്രിയബിൾനെസ്സ്‌, ന്യൂറോട്ടിസിസം തുടങ്ങിയവ ആണ്. ഇവ ഏത് കൂടുതൽ ഏത് കുറവ് എന്ന് ഓരോ വ്യക്തിയും തിരിച്ചു അറിയേണ്ടതായിട്ടുണ്ട്. അതിനു അനുസരിച്ചു ജീവിതം ക്രമീകരിക്കുമ്പോൾ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സാധിക്കും. ഇതും പോസിറ്റീവ് സൈക്കോളജിയുടെ ഭാഗമായി നമ്മുടെ ദൈനദിന ജീവിതം കൂടുതൽ ഫലപ്രദമാക്കാൻ കഴിയും. അങ്ങനെ പോസിറ്റീവ് സൈക്കോളജി എല്ലാവരുടെയും ജീവിതത്തെ കൂടുതൽ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു. 

നിതിൻ എ.എഫ്.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.