മണ്ണിനും മരങ്ങള്‍ക്കും വേണ്ടിയുള്ള ജീവിതം

Web Desk
Posted on June 05, 2019, 9:50 am

കെ കെ ജയേഷ്

കോഴിക്കോട്: മണ്ണിനും മരങ്ങള്‍ക്കും പ്രകൃതിയ്ക്കും വേണ്ടിയുള്ള ജീവിതമാണ് പ്രൊഫ. ടി ശോഭീന്ദ്രന്‍ എന്ന ശോഭീന്ദ്രന്‍ മാഷുടേത്. പ്രകൃതിയെ സ്വന്തം ജീവനേക്കാളേറെ സ്‌നേഹിക്കുന്ന ഒരു മനുഷ്യന്‍. പ്രകൃതിയുടെ നിലനില്‍പ്പിന് വേണ്ടി ഉയരുന്ന പോരാട്ടങ്ങളുടെ പാതയിലെല്ലാം മാഷെ കാണാം. എവിടെ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടായാലും ഈ പച്ചമനുഷ്യന്‍ അവിടെയെത്തും. കാര്യങ്ങളെല്ലാം സ്വയം ഏറ്റെടുക്കും. പോരാട്ടത്തിന്റെ പാതയില്‍ മറ്റുള്ളവരെ കണ്ണിചേര്‍ക്കും. അങ്ങിനെ ചെറുപോരാട്ടത്തെ മഹാപ്രവാഹമാക്കി മാറ്റും. കോഴിക്കോട്ടെ കനോലി കനാലിന് വേണ്ടി മാത്രമല്ല, ശബരിമലയ്ക്ക് വേണ്ടിയും ആതിരപ്പള്ളിക്ക് വേണ്ടിയും ശാന്തിവനത്തിന് വേണ്ടിയുമെല്ലാം മാഷിന്റെ ശബ്ദം ഉയരുന്നു.
പച്ചവസ്ത്രം ധരിച്ച് മാത്രമെ മാഷെ കാണാന്‍ സാധിക്കൂ. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തായ ഒരു പട്ടാളക്കാരനാണ് ഈ വേഷം മാഷിന് സമ്മാനിക്കുന്നത്. ഹരിതഭംഗിയെ നെഞ്ചേറ്റുന്ന മാഷ് അത് പിന്നീട് സ്ഥിരം വേഷമാക്കി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് ധനതത്വശാസ്ത്ര വിഭാഗം മേധാവിയായി വിമരിച്ച ശോഭീന്ദ്രന്‍ മാഷ് കോഴിക്കോട് കക്കോടി സ്വദേശിയാണ്.
കര്‍ണ്ണാടകയിലെ ബംഗളൂരു ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലായിരുന്നു ആദ്യം ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ചിത്രദുര്‍ഗ ഗവ. കോളജില്‍ എക്കണോമിക്‌സ് അധ്യാപകനായി. ദസറ അവധിക്കാലത്ത് നാട്ടില്‍ വന്നപ്പോഴാണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ഒഴിവുണ്ടെന്ന് അറിയുന്നത്. അങ്ങിനെ 1975 നവംബര്‍ പത്തിന് താന്‍ പഠിച്ച ഗുരുവായൂരപ്പന്‍ കോളജില്‍ അധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതോടെയാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചതെന്ന് മാഷ് പറയുന്നു. ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറെന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. സംസ്ഥാനത്ത് നടന്ന ഭൂരിഭാഗം പരിസ്ഥിതി പോരാട്ടങ്ങളിലും മാഷുടെ സാന്നിധ്യവും നേതൃത്വവും ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ പാതകള്‍ക്ക് ഇരുവശവും കാണുന്ന തണല്‍മരങ്ങള്‍ ഏറെയും മാഷിന്റെ കൈകള്‍ കൊണ്ട് നട്ടവയാണ്. വര്‍ഷങ്ങളായി വയനാട് ചുരത്തില്‍ നടത്തിവരുന്ന, വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രകൃതി പഠനയാത്രയായ മഴയാത്രയുടെ മുഖ്യസംഘാടകന്‍ കൂടിയാണ് ശോഭീന്ദ്രന്‍ മാഷ്. മാലിന്യം നിറഞ്ഞ് നാശത്തിലായ കോഴിക്കോട് നഗരത്തിലെ കനോലി കനാലിനെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ മാഷുണ്ടായിരുന്നു.

KKD-Environment Day-Special Story-Shobeendran master-KKD (1)
സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌ക്കാരം, കേന്ദ്ര സര്‍ക്കാരിന്റെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്രാ അവാര്‍ഡ്, ഒയിസ്‌ക വൃക്ഷസ്‌നേഹി അവാര്‍ഡ്, ഹരിതബന്ധു അവാര്‍ഡ്, സെലിബ്രിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ അവാര്‍ഡ്, ഭാരത വികാസ് സംഘം നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ഖത്തറില്‍ വച്ചും ഇദ്ദേഹം സ്വീകരിച്ചു. പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് ശോഭീന്ദ്രന്‍ മാഷ്. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, സുനില്‍ വിശ്വചൈതന്യയുടെ അരക്കിറുക്കന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ജോയ് മാത്യുവിന്റെ ഷട്ടറില്‍ ശോഭീന്ദ്രന്‍ മാഷായി തന്നെ രംഗത്തെത്തി. എം സി പത്മജയാണ് ഭാര്യ. മക്കള്‍: ബോധി, ധ്യാന്‍.
2002ല്‍ ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ മാഷിന് കുട്ടികള്‍ സമര്‍പ്പിച്ചത് വലിയൊരു ശില്‍പ്പമായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്യാമ്പസ് ശില്‍പ്പം. മുപ്പതടി വലുപ്പമുണ്ട് ആ ശില്‍പ്പത്തിന്. ഇരിക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ മടിത്തട്ട് ഒരു സ്റ്റേറ്റ് ആണ്.ഉള്‍വശം ഒരു ആര്‍ട്ട് ഗ്യാലറി. വിദ്യാര്‍ത്ഥികളെ അദ്ദേഹം വല്ലാതെ സ്നേഹിച്ചു. അവര്‍ തിരിച്ചും. പ്രകൃതിയെയും മനുഷ്യനെയും സ്നേഹിച്ച് പ്രൊഫ. ശോഭീന്ദ്രന്‍ മാഷ് തന്റെ വിശ്രമമില്ലാത്ത യാത്ര തുടരുകയാണ്.

 

you may like this video