March 23, 2023 Thursday

ജനങ്ങൾക്കായി സമർപ്പിച്ച ജീവിതം

Janayugom Webdesk
March 22, 2020 5:15 am

Image result for kanam rajendranകാനം രാജേന്ദ്രൻ

മ്മ്യൂണിസ്റ്റ് പാർട്ടിയുടെ ധീരനായ പടയാളിയായിരുന്ന സി കെ ചന്ദ്രപ്പൻ ഓർമ്മയായിട്ട് ഇന്ന് എട്ട് വർഷം പൂർത്തിയാകുന്നു. ശരിമാത്രം ശീലിച്ച ഒരാൾ എന്നാണ് സി കെ ചന്ദ്രപ്പന് നന്നായി ചേരുന്ന വിശേഷണം. ശരി എന്ന് തനിക്ക് ബോധ്യമുള്ളത് സൗമ്യമായെന്നാലും സുദൃഢമായി പറയാനും അദ്ദേഹം ശീലിച്ചിരുന്നു. ഒരു മാതൃകാ കമ്മ്യൂണിസ്റ്റുകാരന്റെ ശീലം എന്തായിരിക്കണം എന്ന കാര്യത്തിൽ നല്ല നിശ്ചയങ്ങൾ നിലനിന്ന കാലത്തിന്റെ സന്തതിയായിരുന്നു ചന്ദ്രപ്പൻ. ആ മാതൃകയായിരുന്നു അദ്ദേഹം പിൻതുടർന്നിരുന്നത്. അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലെ തൊഴിലാളി വർഗ്ഗം സടകുടഞ്ഞെഴുന്നേറ്റ് നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചൂരും ചൂടും ഏറ്റുവാങ്ങിയാണ് സി കെ ചന്ദ്രപ്പൻ വളർന്നത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ പാതകളിലേക്കിറങ്ങിയ സി കെ ഉശിരാർന്ന പോരാട്ടത്തിന്റെ കനൽവഴികൾ താണ്ടിയത് സമാനതകളേറെയില്ലാത്ത ചരിത്രമാണ്. വയലാർ സ്റ്റാലിൻ സി കെ കുമാരപ്പണിക്കരുടെ മകന് അങ്ങിനെ തന്നെയേ ആവാൻ കഴിയുമായിരുന്നുള്ളു. രാഷ്ട്രീയത്തിന്റെ പേരിൽ മഹാരാജാസ് കോളജിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടെങ്കിലും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി സമർത്ഥനായ വിദ്യാർത്ഥിയെന്നു തെളിയിച്ചു.

1950കളുടെ മധ്യമാകുമ്പോഴേക്ക് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് കൊടുങ്കാറ്റുപോലെയാണ് ചന്ദ്രപ്പൻ കടന്നുവന്നത്. കേരളത്തിലെ വിദ്യാർത്ഥി നേതാവായിരിക്കെ ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പന്റെ പിന്നീടുള്ള രാഷ്ട്രീയ ജീവിതം സമരങ്ങളിൽ നിന്ന് സമരങ്ങളിലേക്കുള്ള നിരന്തര പ്രയാണമായിരുന്നു. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ ദേശീയ ഭാരവാഹിത്വ ത്തിലേക്കുയർന്ന സി കെ, സംഘാടനത്തിന്റെ മികവും പോരാട്ടത്തിന്റെ വീര്യവും അവിടെയെല്ലാം തെളിയിച്ചു. ഗോവൻ വിമോചന പോരാട്ടമുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത പോരാട്ട ഭൂമികളിൽ ഇന്ത്യ ആ പോരാളിയെ അനുഭവിച്ചറിഞ്ഞു. തിഹാർ ജയിലുൾപ്പെടെ നിരവധിയായ ജയിലുകളിൽ അടയ്ക്കപ്പെട്ടെങ്കിലും കൽത്തുറുങ്കുകൾക്ക് ആ സമരവീര്യത്തെ തളർത്താൻ കഴിഞ്ഞില്ലെന്നതും ചരിത്രം. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഉൾപ്പെട്ട കാലയളവ് ഏറ്റവും മികച്ച പാർലമെന്റേറിയൻ എന്ന ബഹുമതി സി കെ ചന്ദ്രപ്പന് സമ്മാനിച്ചു. പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാൻ, കെടിഡിസി ചെയർമാൻ എന്നിങ്ങനെ നിരവധി ചുമതലകൾ ഏറ്റെടുത്ത സി കെ അതെല്ലാം ഭംഗിയായി നിറവേറ്റി. കർഷക പ്രസ്ഥാനത്തിന്റെ നേതൃരംഗത്തെത്തിയ സി കെ ആ മേഖലയിലും മികവാർന്ന പ്രവർത്തനം നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃരംഗത്തെ പ്രമുഖനായിരുന്ന സി കെ ചന്ദ്രപ്പൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന ചുമതല ഏറ്റെടുത്ത കാലം ഉൾപ്പുളകത്തോടു കൂടി മാത്രം ഓർക്കുന്ന കാലമാണ്.

മലയാളിക്ക് അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ കഴിയുന്ന രാഷ്ട്രീയ നേതാവ് എന്ന വിശേഷണം ലഭിച്ച കാലമായിരുന്നു അത്. കേരള രാഷ്ട്രീയരംഗത്ത് സൗമ്യവും ദൃഢവുമായ ആ ശബ്ദത്തിനും നിലപാടിനുമായി മലയാളി കാതോർത്തിരുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് പകർന്നുനൽകിയ ആവേശം ചെറുതായിരുന്നില്ല. ആ ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് മരണം സി കെ യെ നമ്മിൽ നിന്നും തട്ടിയെടുത്തത്. മരിക്കുന്നതിന് ഏതാനും ആഴ്ച മുമ്പ് നവയുഗത്തിൽ ബ്രാഞ്ച് സെക്രട്ടറിമാർക്ക് എഴുതിയ കത്തിൽ ചന്ദ്രപ്പൻ ‘ജനസേവാദൾ’ രൂപീകരിക്കേണ്ടതിന്റേയും അതിന്റെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ചന്ദ്രപ്പൻ എഴുതി: ”നമ്മുടെ പാർട്ടി ജനസേവാദൾ രൂപീകരിക്കുവാൻ തീരുമാനിക്കുകയാണെങ്കിൽ ആ സംഘടനയുടെ പ്രവർത്തനംവഴി പാർട്ടിയുടെ പ്രതിഛായ മെച്ചപ്പെടുത്തുവാനും നിരവധി സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുംവഴി നമ്മുടെ ബഹുജനാടിസ്ഥാനം വിപുലീകരിക്കുവാനുള്ള സാധ്യതകൾ വളരെ വലുതാണ്. പ്രകൃതി ദുരന്തങ്ങൾ, വർഗീയ കലാപങ്ങൾ, പട്ടിണി മുതലായവ നാട്ടിൽ സംഭവിക്കുമ്പോൾ ആലംബഹീനരായ ജനങ്ങൾക്ക് സഹായം എത്തിക്കുവാനും ആവശ്യമായ ശുശ്രൂഷകൾ ചെയ്യുവാനും മുന്നോട്ട് വരുന്നവരെ ജനം ഒരിക്കലും മറക്കുകയില്ല. ജനസേവാദളിന്റെ മുഖ്യപ്രവർത്തനം ഇത്തരം വിവിധങ്ങളായ സേവനങ്ങളാണ്.

ജനസേവാദളിന്റെ നേതൃത്വത്തിൽ രക്തബാങ്കുകൾ രൂപീകരിച്ച് ജനസേവനത്തിൽ പുതിയ മാനങ്ങൾ കണ്ടെത്താനും സൃഷ്ടിക്കാനും കഴിയും” (നവയുഗം 2012 മാർച്ച് 1). ആഴമേറിയ മാർക്സിസ്റ്റ് വിശകലന പാടവത്തോടെയാണ് ചന്ദ്രപ്പൻ ഇടതുപക്ഷ മുന്നേറ്റത്തിന്റെ കേരള അനുഭവങ്ങൾ വിലയിരുത്തിയത്. കൂടുതൽ കരുത്തുറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യമാണെന്നും അതിന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും ആ കമ്മ്യൂണിസ്റ്റ് നേതാവ് വിശ്വസിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ കാതൽ സിപിഐ — സിപിഐ(എം) ബന്ധങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പരിശ്രമത്തേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര വ്യക്തിത്വം ഉയർത്തിപ്പിടിക്കാനുള്ള പരിശ്രമത്തേയും വേറിട്ടതായി ചന്ദ്രപ്പൻ കണ്ടില്ല. കേരള രാഷ്ട്രീയത്തിന്റെ വികാസ പഥങ്ങളിലെല്ലാം കാലം സി കെ ചന്ദ്രപ്പനെ ഓർക്കും. നേരും നന്മയുമാണ് മാറ്റത്തിന്റെ രാഷ്ട്രീയത്തിന്റെ ഹൃദയമെന്ന് വാക്കിലും പ്രവൃത്തിയിലും തെളിയിച്ച ആ വലിയ മനുഷ്യന്റെ ഓർമ തന്നെ ഒരാഹ്വാനമാണ്. ജനങ്ങൾക്കുവേണ്ടി സമർപ്പിതമായിരിക്കണം രാഷ്ട്രീയ പ്രവർത്തനമെന്ന ആഹ്വാനമാണത്. അത് നെഞ്ചിൽ കുറിച്ചുവച്ചുകൊണ്ട് ആ വിപ്ലവകാരിയുടെ സ്മരണക്കു മുമ്പിൽ നമുക്കു ചെങ്കൊടി താഴ്ത്തി നമിക്കാം.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.