തിരുവനന്തപുരം: സർക്കാർ വാഗ്ദാനം പാലിച്ചു. ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള രണ്ടു ലക്ഷം വീടുകളുടെ നിർമ്മാണം ജനുവരി 26 നു മുൻപ് പൂർത്തിയാകും. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക ഉടൻ അനുവദിക്കും. പൂർത്തിയാകാത്ത വീടുകളുടെ നിർമ്മാണമാണ് ലൈഫിന്റെ ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്. ഈ പദ്ധതിയിൽ ഗുണഭോക്താക്കളായ 54,183 പേർക്കുള്ള 96 ശതമാനം വീടുകളുടെ നിർമ്മാണവും പൂർത്തിയായി. ലൈഫ് രണ്ടാംഘട്ടം പൂർത്തിയാക്കാൻ സംസ്ഥാന വിഹിതമായി 242.5 കോടി രൂപയാണ് അനുവദിക്കേണ്ടിയിരുന്നത്. ഇതിൽ 68 കോടി രൂപ അനുവദിക്കുകയും ബാക്കി തുക ഉടൻതന്നെ നൽകാൻ ധനവകുപ്പിന് സർക്കാർ നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം ലൈഫ് മിഷൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് പാർപ്പിടം ഒരുക്കാനുള്ള രണ്ടാംഘട്ട പദ്ധതിയിൽ 91,147 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 60, 524 വീടുകൾ (66.36 ശതമാനം) പൂർത്തിയായി. 30, 623 വീടുകളാണ് രണ്ടാംഘട്ടത്തിൽ ബാക്കിയുള്ളത്. രണ്ടാംഘട്ടത്തിൽ 13,000 വീടുകളുടെ പ്രവൃത്തി മേൽക്കൂരവരെ എത്തിയിട്ടുണ്ട്. 8,000 ത്തോളം വീടുകൾ ലിൻഡൽ ലെവലിൽ എത്തി. ഇവയെല്ലാം ജനുവരിയിൽ പൂർത്തിയാകും. ബാക്കിയുള്ള ഒൻപതിനായിരത്തോളം വീടുകൾ ഫെബ്രുവരി, മാർച്ച് മാസമാകുമ്പോഴേക്കും പൂർത്തിയാകും.
രണ്ടാംഘട്ടത്തിലുള്ള പിഎംഎവൈ (ഗ്രാമീൺ) വിഭാഗത്തിൽ 17,471 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 94 ശതമാനം വീടുകളും പൂർത്തിയായി. ബാക്കിയുള്ള വീടുകൾ മാർച്ചിനു മുമ്പ് പൂർത്തിയാകും.
പിഎംഎവൈ (നഗരം) വിഭാഗത്തിൽ 75,887 ഗുണഭോക്താക്കളുണ്ട്. ഇതിൽ 28,334 വീടുകൾ പൂർത്തിയായി. ബാക്കിയുള്ളതിൽ 22,000 വീടുകൾ ജനുവരി 31 നു മുമ്പ് പൂർത്തിയാകും. പിഎംഎവൈ പൂർത്തിയാക്കാൻ ആവശ്യമായ 82 കോടി രൂപയിൽ 41 കോടി രൂപ ഇതിനകം റിലീസ് ചെയ്തു. ബാക്കി 41 കോടി ഉടനെ അനുവദിക്കും. പിഎംഎവൈ ഗ്രാമീൺ വിഭാഗത്തിൽ കേന്ദ്രം 72,000 രൂപ മാത്രമാണ് നൽകുന്നത്. സംസ്ഥാന സർക്കാരും പ്രാദേശിക സ്വയംഭരണ സ്ഥാപനവും കൂടി 2.8 ലക്ഷം രൂപ നൽകുന്നു. നഗരം വിഭാഗത്തിൽ 1.5 ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം. ഈ വിഭാഗത്തിൽ സംസ്ഥാന സർക്കാരും പ്രാദേശിക സ്വയംഭരണ സ്ഥാപനവും ചേർന്ന് 2.5 ലക്ഷം രൂപ ലഭ്യമാക്കുന്നു.
ഭൂരഹിതരും ഭവനരഹിതരുമായവർക്കു വേഭൂരഹിതരും ഭവനരഹിതരുമായവർക്കു വേണ്ടിയുള്ള മൂന്നാംഘട്ട പദ്ധതിയിൽ ഫ്ലാറ്റ് സമുച്ചയമാണ് പണിയുന്നത്.മൊത്തം 1.06 ലക്ഷം ഗുണഭോക്താക്കളാണ് ഈ ഘട്ടത്തിലുള്ളത്. 10 ജില്ലകളിലായി 10 ഫ്ലാറ്റ് സമുച്ചയങ്ങൾ പണിയുന്നതിന് ടെൻഡർ ക്ഷണിച്ചു. 2020 ജൂണിനു മുമ്പ് ഈ പത്തു ഫ്ലാറ്റുകളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനു പുറമേ 56 ഫ്ലാറ്റ് സമുച്ചയങ്ങൾക്കുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ്. ഫെബ്രുവരിയിൽ ഈ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയും. ആറു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഫ്ലാറ്റുകൾ പണിയുന്നതിന് 300 ഓളം സ്ഥലങ്ങൾ ലൈഫ് മിഷൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങൾ കൂടി ജനുവരിയോടെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു, ലൈഫ് മിഷൻ സിഇഒ യു വി ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ തുടങ്ങിയവർ പങ്കെടുത്തു.
‘you may also like this project’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.