Friday
18 Oct 2019

വെല്‍ഡിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും പിഴയും

By: Web Desk | Tuesday 30 July 2019 6:21 PM IST


കോട്ടയം: കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ വെല്‍ഡിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും പിഴയും. എറണാകുളം തേവര മമ്മാഞ്ഞിമുക്ക് തെക്കെ കണിശേരി വീട്ടില്‍ സ്റ്റാന്‍ലിബിവേര (64) യാണ് കൊലപ്പെടുത്തിയത്. പ്രതി എറണാകുളം സ്വദേശി ജയപ്രകാശിനെ (50) യാണ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി നാല് ജഡ്ജി വി ബി സുജയമ്മ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടയ്ക്കാനും വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് അനുഭവിക്കണം.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാ മതി. 2015 ഒക്ടോബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ഞിക്കുഴിയില്‍ നിര്‍മ്മാണത്തിലിരുന്ന സ്‌കൈ ലൈന്‍ ഫഌറ്റില്‍ വെല്‍ഡിംഗ് ജോലികള്‍ക്കായി എത്തിയതായിരുന്നു പ്രതി ജയപ്രകാശും കൊല്ലപ്പെട്ട സ്റ്റാന്‍ലിയും. ലോഡ്ജിന്റെ മൂന്നാം നിലയില്‍ പ്രതി ജയപ്രകാശ് വാടകയ്ക്ക് എടുത്ത മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവ ദിവസം പ്രതി ജയപ്രകാശ്  സ്റ്റാന്‍ലിയുടെ പണവും സ്വര്‍ണാഭരണങ്ങളും വസ്തുവും മോഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ മുറിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന്, ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ജയപ്രകാശ് സ്റ്റാന്‍ലിയെ കുത്തിവീഴ്ത്തി. കഴുത്തിലും മുഖത്തും കുത്തേറ്റ സ്റ്റാന്‍ലി ഗുരുതരാവസ്ഥയിലായി. മരണം ഉറപ്പിക്കുന്നതിനായി സ്റ്റാന്‍ലിയുടെ മുഖത്ത് തലയിണ അമര്‍ത്തിപ്പിടിച്ചു. തുടര്‍ന്ന്, സ്റ്റാന്‍ലി ധരിച്ചിരുന്ന സ്വര്‍ണമാലയും സ്വര്‍ണമോതിരവും മൊബൈല്‍ ഫോണും അടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ പ്രതി കവര്‍ന്നു. മോഷണത്തിന് ശേഷം കൊല്ലപ്പെട്ടത് താനാണെന്ന് വരുത്തുന്നതിന് വേണ്ടി തന്റെ തിരിച്ചറിയല്‍ രേഖകള്‍ ഇവിടെ ഉപേക്ഷിച്ച പ്രതി ആന്ധ്രയിലെ വാറങ്കലിലേയ്ക്ക് രക്ഷപെട്ടു. കേസ് നടക്കുമ്പോള്‍ കോട്ടയം ഈസ്റ്റ് സി ഐ ആയിരുന്ന എ ജെ തോമസിന്റെ നേതൃത്വത്തില്‍ എഎസ്ഐ ഐ സജികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി എന്‍ മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കൊലപാതകത്തിന് ഐപിസി 302 ാം വകുപ്പ് പ്രകാരവും മോഷണം നടത്തണമെന്ന ഉദ്ദേശത്തോടെ ശാരീരികമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് ഐപിസി 394 വകുപ്പ് പ്രകാരവുമാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. കേസില്‍ 28 സാക്ഷികളെ കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 46 പ്രമാണങ്ങളും 19 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.

കഞ്ഞിക്കുഴി ഹോബ് നോബ് ഹോട്ടലിലെ മാനേജര്‍ ടി എസ് ജേക്കബ്, സ്‌കൈലൈനിന്റെ കോണ്‍ടാക്ടര്‍ ഐ എം ജോസഫ്,  പ്രതിയെ സംഭവ സ്ഥലത്തു നിന്നും രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ രാജന്‍, ഹോട്ടലിലെ അസി.മാനേജര്‍ പി വി മാത്യു എന്നിവര്‍ കേസില്‍ നിര്‍ണ്ണായക സാക്ഷികളായി. കൊലപാതകം നടത്തിയ കത്തി പ്രതി വാങ്ങിയ പിങ്കി സ്‌റ്റോറിന്റെ ഉടമ ജിജി കുര്യന്‍ പ്രതിയെയും കത്തിയും തിരിച്ചറിഞ്ഞത് കേസിലെ ഏറെ നിര്‍ണ്ണായകമായ തെളിവായി മാറി.

പൊലീസിലെ സൈന്റിഫിക് അസിസ്റ്റന്റ് ജിഷയും, പൊലീസ് ഫോട്ടോഗ്രാഫര്‍ ജോര്‍ജുകുട്ടിയും വിരലടയാള വിദഗ്ധ ജോണ്‍സി ജോസഫും കേസില്‍ നിര്‍ണ്ണായക മൊഴികള്‍ കോടതിയില്‍ നല്‍കി. സ്റ്റാലിന്റെ ദേഹത്തും നിന്നും പ്രതി മോഷ്ടിച്ചെടുത്ത നാലരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാല വാറങ്കലിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിലാണ് പണയം വച്ചത്. 5,0000 രൂപയ്ക്ക് പ്രതി മാല പണയം വച്ചത് ഇവിടുത്തെ മാനേജര്‍ സത്യനാരായണ തിരിച്ചറിഞ്ഞിട്ടുണ്ട്. മാലയെയും പ്രതിയെയും ഇയാള്‍ കോടതിയില്‍ എത്തി തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട സ്റ്റാലിന്റെ മൊബൈല്‍ കണ്ടെടുത്തത് കേസിലെ സാക്ഷിയായ കെ ലക്ഷ്മണറാവൂ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.

ആന്ധ്രാ സ്വദേശികളും മാതൃഭാഷ തെലുങ്കുമായ രണ്ടു സാക്ഷികള്‍ക്കും വേണ്ടി അഡ്വ.വിനീതയാണ് മലയാളത്തിലേയ്ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും തര്‍ജമ ചെയ്ത് നല്‍കിയത്. അന്നത്തെ ഈസ്റ്റ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ തോമസും എസ്ഐ യു ശ്രീജിത്തുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സി ഐ നിര്‍മ്മല്‍ ബോസാണ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഗിരിജ ബിജു കോടതിയില്‍ ഹാജരായി.
മോഷണവും കൊലപാതകവും അടക്കമുള്ള കുറ്റങ്ങള്‍ സംശയാസ്പദമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതായി കോടതി കണ്ടെത്തിയാണ് പ്രതിയെ കുറ്റക്കാരനാണ് എന്ന് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഗിരിജ ബിജു ഹാജരായി.

Related News