Web Desk

തൃശൂർ

November 23, 2020, 5:50 pm

വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

Janayugom Online
പ്രതി നിധീഷ്, കൊല്ലപ്പെട്ട നീതു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. ചിയ്യാരം വത്സാലയത്തില്‍ കൃഷ്ണരാജിന്റെമകള്‍ നീതു (21) വിനെ കുത്തിപരിക്കേല്‍പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ നിധീഷ് (27) നെയാണ് ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവിനും 5 ലക്ഷം രൂപയും മറ്റു വകുപ്പുകള്‍ പ്രകാരം ആകെ 9 വര്‍ഷം കഠിനതടവിനും 15000 രൂപ പിഴയടക്കുന്നതിനും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി അജിത്കുമാറാണ് ശിക്ഷിച്ചത്.

2019 ഏപ്രില്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കാക്കനാടുള്ള ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു നിധീഷ്. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് പുലര്‍ച്ചെ അഞ്ചരയോടെ ബൈക്കിലെത്തിയ പ്രതി, ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേയ്ക്ക് വരുമ്പോഴാണ് അകത്തുകയറിയത്.കളമശ്ശേരിയില്‍ നിന്ന് കത്തിയും, വിഷവും നായരങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും വാങ്ങിയാണ് പ്രതി നീതുവിന്റെ വീട്ടിലെത്തിയത്. ഇരുവരും തമ്മിലുളള വാക്കുതര്‍ക്കത്തിന് ശേഷം പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. സംഭവശേഷം മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നീതുവിന്റെ മുത്തശ്ശി വത്സലയാണ് പിടിച്ചുനിര്‍ത്തിയത്. വീട്ടുകാരും അയല്‍വാസികളും എത്തി കീഴ്പ്പെടുത്തി കെട്ടിയിട്ടു. നെടപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണറായ സി ഡി ശ്രീനിവാസനാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ 90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബു ഹാജരായി.