കോടമ്പുഴയില്‍ ജനജീവിതം സാധാരണ നിലയിലേക്ക്

Web Desk
Posted on August 14, 2019, 8:13 pm
മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്കു തടസ്സപ്പെട്ട കോടമ്പുഴ മന്ദാര്‍പൊറ്റ കുനിയില്‍ തോട്

കോടമ്പുഴ: വെള്ളപ്പൊക്കം ബാധിച്ച രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. ചാലിയാര്‍ കരകവിഞ്ഞ് കോടമ്പുഴയിലും പരിസരത്തും നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. ഈ പ്രദേശത്തെ വ്യവസായ സ്ഥാപനങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. റോഡില്‍ വെള്ളമുയര്‍ന്നതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടിരുന്നു.

മഴ കുറയുകയും ചാലിയാറില്‍ ജലനിരപ്പു താഴുകയും ചെയ്തതോടെ കോടമ്പുഴ പ്രദേശത്ത് ജനങ്ങള്‍ ആശ്വാസത്തിലാണ്. വീടുവിട്ടു പോയവര്‍ തിരിച്ചുവന്നു വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ്.

കോടമ്പുഴ മന്ദാര്‍പൊറ്റ പാലത്തിനടിയില്‍ പാഴ്വവസ്തുക്കള്‍ നിറഞ്ഞ് ഒഴുക്കു തടസ്സപ്പെട്ട നിലയിലാണ്. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ മരക്കഷണങ്ങള്‍, പാഴ്വസ്തുക്കള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവയാണ് കെട്ടിക്കിടക്കുന്നത്. തോട്ടില്‍ ഒഴുക്കു നിലച്ചതിനാല്‍ സമീപത്തെ വീടുകളില്‍ വെള്ളമൊഴിയാതെ കെട്ടി നില്‍ക്കുകയാണ്. തോട്ടിലെ തടസ്സം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.